ഏഷ്യൻ കപ്പിൽ ഉസ്ബകിസ്താനോട് മൂന്ന് ഗോൾ തോൽവി; ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രതീക്ഷ മങ്ങി

ഇന്ത്യൻ താരങ്ങൾ കളത്തിൽ ചുവടുറപ്പിക്കും മുൻപ് എതിരാളികൾ ആദ്യ പ്രഹരമേൽപ്പിച്ചു.

Update: 2024-01-18 17:51 GMT
Editor : Sharafudheen TK | By : Web Desk
Advertising

റയാൻ: ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഉസ്ബകിസ്താനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയം രുചിച്ചത്. ആദ്യ പകുതിയിലാണ് ഇന്ത്യ മൂന്ന് ഗോളും വഴങ്ങിയത്. ആസ്‌ത്രേലിയക്ക് പിന്നാലെ ഉസ്ബകിസ്താനോടും തോറ്റതോടെ ഇന്ത്യയുടെ പ്രീ ക്വാർട്ടൽ പ്രതീക്ഷകൾ മങ്ങി. അവസാന മത്സരത്തിൽ സിറിയക്കെതിരെ വമ്പൻ ജയം നേടിയാൽ മാത്രമാണ് ഇനി നേരിയ സാധ്യതയുള്ളത്.

ഇന്ത്യൻ താരങ്ങൾ കളത്തിൽ ചുവടുറപ്പിക്കും മുൻപ്  എതിരാളികൾ ആദ്യ പ്രഹരമേൽപ്പിച്ചു. നാലാം മിനിറ്റിൽ അബ്ബോസ്ബേക് ഫായ്സുല്ലോവിലൂടെയാണ് ഉസ്ബകിസ്താൻ മുന്നിലെത്തിയത്. ബോക്‌സിന് പുറത്തുനിന്ന് മുന്നേറി കളിച്ച ഷുക്‌റോവ് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾവന്നത്. 18ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധതാരങ്ങളുടെ പിഴവിൽ വീണ്ടും വലകുലുങ്ങി. ബോക്‌സിലേക്ക് ഉസ്ബകിസ്താൻ താരം നൽകിയ ക്രോസ് തട്ടിയകറ്റുന്നതിൽ പ്രതിരോധ താരങ്ങൾക്ക് പിഴച്ചു. ക്ലിയർചെയ്ത പന്ത് പോസ്റ്റിൽ തട്ടി നേരെ ബോക്്സിൽ. തക്കംപാർത്തിരുന്ന സ്‌ട്രൈക്കർ ഇഗോർ സെർജീവ് അനായാസം വലയിലാക്കി.

രണ്ട് ഗോൾ വഴങ്ങിയതോടെ ഒറ്റപ്പെട്ട നീക്കങ്ങളുമായി ഇന്ത്യ കളം നിറഞ്ഞെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. സുനിൽ ഛേത്രിയടക്കം പന്ത് ലഭിക്കാതെ നിസഹായനായി. ആദ്യപകുതിയുടെ ഇഞ്ചുറിടൈമിൽ (45+4) വീണുകിട്ടിയ അവസരം മുതലെടുത്ത ഷെർസോദ് നാസ്റുല്ലോവും ലക്ഷ്യംകണ്ടതോടെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യക്ക് മേൽ മേധാവിത്വം പുലർത്താനായി.

ആസ്‌ത്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് പരിശീലകൻ ഇഗോർ സ്റ്റിമാക് ഇന്ത്യൻ സ്റ്റാർട്ടിംഗ് ഇലവനെ 4-3-3 ശൈലിയിൽ അണിനിരത്തിയത്. ഛേത്രിക്കൊപ്പം മൻവീർ സിംഗും മഹേഷ് സിംഗുമായിരുന്നു ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. രണ്ടാംപകുതിയുടെ തുടക്കത്തിൽ മലയാളി താരം കെ.പി രാഹുലിനെ കളത്തിലിറക്കി. യുവതാരത്തിന്റെ ഹാഫ് വോളി ശ്രമം തലനാരിഴയ്ക്ക് പോസ്റ്റിൽ തട്ടി തെറിച്ചത് നീലപ്പടയ്ക്ക് തിരിച്ചടിയായി. 71-ാം മിനുറ്റിൽ രാഹുൽ മറ്റൊരു മുന്നേറ്റം നടത്തിയെങ്കിലും ഉസ്‌ബെക് പ്രതിരോധം ഭേദിക്കാനായില്ല. 72-ാം മിനുറ്റിൽ ഛേത്രിയെ പിൻവലിച്ചതിന് പിന്നാലെ രാഹുൽ ഭേക്കേയുടെ ഹെഡർ നിർഭാഗ്യം കൊണ്ട് വലയിലെത്തിയില്ല. അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും ഇന്ത്യ ഗോൾ നേടാതിരുന്നതോടെ ഉസ്‌ബെക്കിസ്ഥാൻ അനായാസം ജയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും ഒരുഗോൾ പോലും നേടാനാവാതെയാണ് ഇന്ത്യ തലതാഴ്ത്തി മടങ്ങിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News