എഎഫ്‌സി കപ്പ്: ഉസ്‌ബെക്കിസ്ഥാനിൽ എത്തിയ ഗോകുലം എഫ്‌സി വനിത ടീമിനോട് കാത്തിരിക്കാൻ നിർദ്ദേശം, പ്രതീക്ഷയോടെ ടീം
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയ പശ്ചാത്തലത്തിൽ ടീം ടൂർണമെൻറിൽ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു
താഷ്‌കൻറ്: എഎഫ്‌സി കപ്പിൽ പങ്കെടുക്കാൻ ഉസ്‌ബെക്കിസ്ഥാനിൽ എത്തിയ ഗോകുലം എഫ് സി യുടെ വനിത ടീമിനോട് കാത്തിരിക്കാൻ അധികൃതരുടെ നിർദ്ദേശം. ടൂർണ്ണമെന്റിൽ പങ്കെടുക്കാനായി രാജ്യത്തെത്തിയ ടീമിന്റെ മുഖ്യ പരിശീലക പ്രിയയും സിഇഒ അശോക് കുമാറും മീഡിയവണിനോട് സംസാരിക്കാവേയാണ് ഇക്കാര്യ വ്യക്തമാക്കിയത്. ടൂർണമെൻറിൽ ക്ലബിന് പങ്കെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുവരും പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയ പശ്ചാത്തലത്തിൽ ടീം ടൂർണമെൻറിൽ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ക്ലബ് അധികൃതരുടെ പ്രതികരണം. ടീം താരങ്ങൾ താഷ്‌കന്റിൽ പരിശീലനം തുടങ്ങിയിരിക്കുകയാണ്.
ഫിഫ വിലക്കിനെ തുടർന്ന് നേരത്തെ യുഎഇയിൽ നടക്കേണ്ട കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സന്നാഹമത്സരം റദ്ദാക്കിയിരുന്നു. ആഗസ്റ്റ് 20ന് അൽ നാസറിനെ എതിരെയായിരുന്നു സൗഹൃദ മത്സരം. ഇന്ത്യയുമായി സഹകരിക്കരുതെന്ന് എല്ലാ ഫുട്ബോൾ അസോസിയേഷനുകൾക്കും ഫിഫ സന്ദേശം അയച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയിലെ ഒരു ക്ലബ്ബുമായും കളിക്കാൻ മറ്റ് രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് കഴിയില്ല. സൗഹൃദ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പനവരെ തുടങ്ങിയിരുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലിയ തിരിച്ചടിയാണ്. യുഎഇയിൽ മൂന്ന് മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്. ബാക്കി രണ്ട് മത്സരങ്ങൾ കൂടി മുടങ്ങാനാണ് സാധ്യത.
അസോസിയേഷനിൽ പുറത്ത് നിന്നുള്ള കൈകടത്തൽ ഉണ്ടായെന്ന് കുറ്റപ്പെടുത്തി ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ സസ്‌പെൻഡ് ചെയ്തതായി ഫിഫ പത്രക്കുറിപ്പിൽ പറയുകയായിരുന്നു. ഇതോടെ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടും. ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷനിലെ പുറത്ത് നിന്നുള്ള കൈകടത്തൽ ഫിഫ നിയമങ്ങളുടെ ലംഘനമാണെന്ന് ഫിഫ ചൂണ്ടിക്കാട്ടി. ഏകകണ്ഠമായാണ് ഫിഫ കൌൺസിൽ തീരുമാനമെടുത്തത്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ കമ്മിറ്റിയെ പിരിച്ചുവിട്ട് കൊണ്ട് സുപ്രിംകോടതി താൽക്കാലിക ഭരണസമിതി രൂപീകരിച്ചിരുന്നു. ഇതിനെതിരെ ഫിഫ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ പുതിയ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിച്ചാൽ സസ്‌പെൻഷൻ നീക്കിയേക്കാം. ഈ മാസം 28ന് അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ സുപ്രിംകോടതി വിധിയുണ്ട്.
AFC Cup: AIFF asked Gokulam FC women's team in Uzbekistan to wait for decision on FIFA's ban.