എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത: ഇന്ത്യയുടെ വിജയത്തിൽ ജ്യോതിഷത്തിനും പങ്കോ? 16 ലക്ഷം മുടക്കിയെന്ന്, വിവാദം
ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രചോദിപ്പിക്കാൻ ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ( എ.ഐ.എഫ്.എഫ്) ഒരു ജ്യോതിഷ ഏജൻസിക്ക് 16 ലക്ഷം കൊടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍
ബംഗളൂരു: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ജ്യോതിഷം പ്രധാനപങ്കുവഹിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രചോദിപ്പിക്കാൻ ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ( എ.ഐ.എഫ്.എഫ്) ഒരു ജ്യോതിഷ ഏജൻസിക്ക് 16 ലക്ഷം കൊടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മൂന്നാം യോഗ്യതാ റൗണ്ടിലെ മുഴുവൻ മത്സരങ്ങളും വിജയിച്ച് ഇന്ത്യൻ ടീം തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ടീം തുടർച്ചയായി രണ്ടാം വട്ടവും ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. ജ്യോതിഷ സ്ഥാപനം ഇന്ത്യന്‍ ടീമുമായി മൂന്ന് സെഷനുകൾ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരു കടലാസ് കമ്പനിക്കാണ് 16 ലക്ഷം കൊടുത്തതെന്നും പറയപ്പെടുന്നു.
അതേസമയം എ.ഐ.എഫ്.എഫിന്റെ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ താനുമോയ് ബോസ് രംഗത്ത് എത്തി. ഫുട്ബോള്‍ ഫെഡറേഷന് മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിഹാസപാത്രമായെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കായി ടൂര്‍ണമെന്റുകള്‍ നടത്തുന്നതിൽ എ.ഐ.എഫ്.എഫ് ആവർത്തിച്ച് പരാജയപ്പെടുകയും നിരവധി അഭിമാനകരമായ ടൂർണമെന്റുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാകുകയും ചെയ്ത സമയത്ത് തന്നെ ഇതുപോലുള്ള സംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റെ പ്രതിച്ഛായയെ കൂടുതൽ മോശമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
A team in Asian Cup qlfs didn't depend on skills alone. An astrologers' co. was paid Rs. 16 lakh of fed money by an official to ensure team's good luck. Later the co address was found fake. But the team won. Official was asked to go on leave. How interesting @IndianFootball
— Jaydeep Basu (@jaydeepbasu) June 21, 2022
ഇന്ത്യൻ ഫുട്‌ബോളിലെ കാര്യങ്ങൾ നിരീക്ഷിക്കാൻ സുപ്രീംകോടതി മൂന്നംഗ കമ്മിറ്റിയെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി ഇക്കാര്യം വിശദമായി പരിശോധിച്ച് സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പ്രഫുല്‍ പട്ടേലിനെ നീക്കിയാണ് മുന്‍ സുപ്രീംകോടതി ജഡ്ജി എ.ആര്‍. ദവെ അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയമിച്ചത്.
Summary-AIFF hired astrologer for Rs 16 lakh to 'motivate' the national team: Team insider