സഡൻ ഡെത്തിൽ കിങ്‌സ് കപ്പ് കിരീടം അൽഹിലാലിന്; ക്രിസ്റ്റ്യാനോയ്ക്കും അൽനസ്‌റിനും കരഞ്ഞുമടക്കം
മത്സരത്തിനൊടുവിൽ പൊട്ടിക്കരഞ്ഞാണ് ക്രിസ്റ്റ്യാനോ കളംവിട്ടത്
റിയാദ്: സൗദിയിലെ ജിദ്ദയിൽ നടന്ന കിങ്സ് കപ്പിൽ അൽനസ്റിനെ തകര്‍ത്ത് അൽഹിലാലിന് കിരീടം. നിശ്ചിതസമയവും എക്സ്‍ട്രാ ടൈമും പെനാല്‍റ്റിയും കടന്ന മത്സരം സഡൻ ഡെത്തിലാണ് അവസാനിച്ചത്. ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ബൈസിക്കിൾ കിക്ക് പിറന്ന മത്സരത്തിൽ മൂന്ന് റെഡ് കാർഡുകളാണ് ഉയർന്നത്. മത്സരത്തിനൊടുവിൽ പൊട്ടിക്കരഞ്ഞാണ് ക്രിസ്റ്റ്യാനോ കളംവിട്ടത്.
സൗദി പ്രോലീഗിലെ തകർപ്പൻ ടീമുകളുടെ ക്ലാസിക് പോരാട്ടത്തിനാണ് ജിദ്ദ സാക്ഷ്യംവഹിച്ചത്. പരിക്കുള്ള ഇത്തവണയും നെയ്മർ കരക്കിരുന്ന മത്സരം. അൽ നസ്റിനെ നയിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ അലക്സാണ്ടർ മെട്രോവിച്ചിന്റെ ഗോളോടെ ഹിലാലിന് ലീഡ്. രണ്ടാം പകുതിയുടെ തുടക്കം. 56-ാം മിനുട്ടിൽ അൽ നസ്ർ ഗോൾകീപ്പർ ഒസ്പിനക്ക് ചുവപ്പ് കാർഡ്. നസ്ർ 10 പേരായി ചുരുങ്ങി.
തുടര്‍ന്നങ്ങോട്ട് അൽ നസ്ർ അവസരങ്ങൾ പലതും നഷ്ടമാക്കി. ലോകോത്തര ബൈസിക്കിൾ കിക്കെടുത്ത ക്രിസ്റ്റ്യാനോടെയുടെ കിക്കും പോസ്റ്റിൽ തട്ടി മടങ്ങി. 87-ാം മിനുട്ടിൽ അൽ ഹിലാൽ താരം അൽ ബുലൈഹിക്ക് ചുവപ്പ് കാർഡ്. ഇത് കളിയുടെ ഗതിമാറ്റി. 88-ാം മിനുട്ടിൽ അയ്മനിലൂടെ അൽ നസറിന് സമനില ഗോൾ. തൊട്ടടുത്ത മിനുട്ടിൽ അൽ ഹിലാലിന്റെ കലിഡൗ കൗലിബാലിക്കും ചുവപ്പ് കാർഡ്. ഇതോടെ അൽ ഹിലാൽ ഒന്‍പത് പേരായി ചുരുങ്ങി. അൽ നസ്റില്‍ പത്തുപേരും.
എക്സ്‍ട്രാ ടൈമിലും സമനില തുടർന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. പെനാല്‍റ്റിയിലും ഇരുകൂട്ടരും സമനില തുടർന്നു. ഇതോടെ മത്സരം സഡൻ ഡെത്തിലേക്ക്. അബ്ദുൽ ഹമദ് എടുത്ത അൽ ഹിലാലിന്റെ ആറാം കിക്ക് അബ്ദുല്ല തടഞ്ഞു. അടുത്ത കിക്ക് ലക്ഷ്യത്തിൽ എത്തിയാൽ അൽ നസ്റിന് കിരീടം. അലി അൽ ഹസനാണ് കിക്ക് എടുത്തത്. ബോണോ ആ കിക്ക് സേവ് ചെയ്തു. അൽ നസ്റിന്റെ അടുത്ത കിക്കും ബോണോ സേവ് ചെയ്തോടെ കിങ്സ് കപ്പില്‍ അൽ ഹിലാലിന്‍റെ മുത്തം.
മത്സരത്തിനൊടുവിൽ പൊട്ടിക്കരഞ്ഞാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയ കലാശപ്പോരിലും കിരീടം നേടിയത് അൽ ഹിലാലായിരുന്നു.
Summary: Al Hilal clinches King's Cup beating Cristiano Ronaldo's Al-Nassr in intense penalty shootout and dramatic final