ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ, കലണ്ടർ വർഷം കൂടുതൽ ഗോൾ നേടുന്ന താരം; അൽ നസറിന് തകർപ്പൻ ജയം
നിലവിൽ 18 കളിയിൽ 14 ജയവുമായി 43 പോയന്റുള്ള അൽ നസർ രണ്ടാംസ്ഥാനത്താണ്.
റിയാദ്: സൗദി പ്രോ ലീഗിൽ അൽ നസറിന് വമ്പൻ ജയം. രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് കരിം ബെൻസമയുടെ നേതൃത്വത്തിലിറങ്ങിയ അൽ ഇത്തിഹാദിനെയാണ് കീഴടക്കിയത്. സാദിയോ മാനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇരട്ട ഗോൾ നേടി. അബ്ദുറസാക്ക് ഹംദള്ളാഹ് അൽ ഇത്തിഹാദിനായും ഇരട്ടഗോൾ സ്വന്തമാക്കി. ഗോൾ നേടിയതോടെ ഈ കലണ്ടർ വർഷം ഏറ്റവുംകൂടുതൽ ഗോൾനേടുന്നതാരമെന്ന നേട്ടവും പോർച്ചുഗീസ് സൂപ്പർതാരം സ്വന്തമാക്കി. 2023 ൽ 53 ഗോളുകളാണ് 38കാരൻ അടിച്ചുകൂട്ടിയത്. 53 തവണ വലകുലുക്കിയ ഫ്രാൻസ് യുവതാരം കിലിയൻ എംബാപെയും ഇംഗ്ലണ്ട് താരം ഹാരി കെയിനുമാണ് രണ്ടാമത്.
മത്സരത്തിന്റെ 14-ാം മിനിറ്റിൽ അബ്ദുറസാക്ക് ഹംദള്ളാഹിലൂടെ അൽ ഇത്തിഹാദാണ് ആദ്യം വലകുലുക്കിയത്. അഞ്ച് മിനിറ്റിനകം അൽ നസർ തിരിച്ചടിച്ചു. ഒട്ടാവിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനൊ അനായാസം വലയിലാക്കി. 38-ാം മിനിറ്റിൽ ആൻഡേഴ്‌സൺ ടലിസ്‌കയിലൂടെ അൽ നസർ മത്സരത്തിൽ ആദ്യമായി ലീഡെടുത്തു. 51ാം മിനിറ്റിൽ അബ്ദുറസാക്ക് ഹംദള്ളാഹിലൂടെ ഇത്തിഹാദ് സമനില പിടിച്ചു.
66-ാം മിനിറ്റിൽ ഒട്ടാവിയോയെ വീണ്ടും ഫൗൾചെയ്തത് മത്സരഗതിയെ മാറ്റി. ഇതോടെ ബ്രസീൽതാരം ഫാബിഞ്ഞോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇത്തിഹാദ് പത്തുപേരായി ചുരുങ്ങി. ഫൗളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അൽ നസർ ക്യാപ്റ്റൻ ഗോൾനേട്ടം രണ്ടാക്കി ഉയർത്തി. 75,82 മിനിറ്റുകളിൽ ഗോൾ നേടി സെനഗൽ തരം സാദിയോ മാനെ പട്ടികപൂർത്തിയാക്കി. നിലവിൽ 18 കളിയിൽ 14 ജയവുമായി 43 പോയന്റുള്ള അൽ നസർ രണ്ടാംസ്ഥാനത്താണ്. അൽഹിലാലാണ് ഒന്നാമത്.