ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്ക്; ചൈനയിലെ സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ച് അൽ-നസർ
ഈ മാസം അവസാനം സൗദിയിൽ നടക്കുന്ന റിയാദ് കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങുന്ന അൽ നസറും ലയണൽ മെസിയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ഇന്റർ മയാമിയും ഏറ്റമുട്ടും.
റിയാദ്: ആരാധകരെ നിരാശരാക്കി സൗദി ക്ലബിന്റെ ചൈനയിലെ സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്കേറ്റതോടെയാണ് ഇന്നും 28നുമായി നടക്കേണ്ടിയിരുന്ന മത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ അൽ-നസർ ക്ലബ് തീരുമാനിച്ചത്. ക്ലബ് അധികൃതർ പ്രസ്താവനയിലാണ് ഇക്കാര്യം അറിയച്ചത്. ചൈനീസ് ഫുട്‌ബോളിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെയും ബഹുമാനിക്കുന്നതായി സൗദി ക്ലബ് അറിയിച്ചു. സൗദിയും ചൈനയുമായി മികച്ച ബന്ധമാണുള്ളത്. ചൈനയിലെ ട്രെയിനിങ് ക്യാമ്പ് നടക്കും. സൗഹൃദ മത്സരത്തിനായി പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്നും അൽ നസർ വ്യക്തമാക്കി.
ചൈനയിലെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്ന് റൊണാൾഡോയും വ്യക്തമാക്കി. തനിക്ക് ഇതൊരു വിഷമമുള്ള ദിവസമാണ്. ചില കാര്യങ്ങൾ നമ്മൾ കരുതുന്നതുപോലെ നടക്കില്ലെന്നും റൊണാൾഡോ പ്രതികരിച്ചു. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുപോയിരുന്നു. ടിക്കറ്റ് നിരക്ക് ആരാധകർക്ക് തിരികെ നൽകുവാനും സംഘാടകർ തീരുമാനിച്ചു.
അതേസമയം, ഈ മാസം അവസാനം സൗദിയിൽ നടക്കുന്ന റിയാദ് കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങുന്ന അൽ നസറും ലയണൽ മെസിയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ഇന്റർ മയാമിയും ഏറ്റമുട്ടും. ഇതിന് മുൻപായുള്ള മുൻകരുതലെന്ന നിലയിലാണ് റോണോക്ക് വിശ്രമമനുവദിക്കുന്നതെന്നും വാർത്തകളുണ്ട്.
പുതിയ സീസണ് മുന്നോടിയായുള്ള മത്സരത്തിനായി സൗദിയിൽ എത്തുമെന്ന് മെസി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ലയണൽ മെസി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. കഴിഞ്ഞ വർഷം കൂടുതൽ ഗോൾ നേടിയ താരമായ ക്രിസ്റ്റിയാനോ കഴിഞ്ഞദിവസം ഗ്ലോബൽ സോക്കർ അവാർഡ് സ്വന്തമാക്കിയിരുന്നു.