ലോകകപ്പിലെ മദ്യനിരോധനം; സ്ത്രീകൾക്ക് ബുദ്ധിമുട്ടില്ലാതെ കളി ആസ്വദിക്കാൻ പറ്റുന്നുണ്ടെന്ന് ദ ടൈംസ് റിപ്പോർട്ട്
"ഇംഗ്ലണ്ടിൽ അനുഭവിച്ചതു പോലുള്ള ഒരു ഉപദ്രവവും ഇവിടെ ഏൽക്കേണ്ടി വന്നില്ല. ഇവിടത്തേത് വിസ്മയകരമായ അനുഭവമാണ്."
ലണ്ടൻ: ഖത്തർ ലോകകപ്പ് സ്‌റ്റേഡിയങ്ങളിലെ മദ്യനിരോധനം പെൺകാണികൾക്ക് ബുദ്ധിമുട്ടില്ലാതെ കളി ആസ്വദിക്കാൻ സഹായകരമാകുന്നുണ്ടെന്ന് ദ ടൈംസ് റിപ്പോർട്ട്. തങ്ങളുടെ രാഷ്ട്രങ്ങളിലേതിനേക്കാൾ സ്വാഗതാർഹമാണ് സ്റ്റേഡിയത്തിലെ അന്തരീക്ഷമെന്ന് വനിതാ ആരാധകര്‍ ടൈംസിനോടു പറഞ്ഞു. സ്‌റ്റേഡിയത്തിൽ മദ്യം നിരോധിച്ച തീരുമാനത്തിനെതിരെ യൂറോപ്യൻ ആരാധകർ രൂക്ഷമായ വിമർശനം ഉന്നയിക്കുന്ന വേളയിലാണ് ലണ്ടൻ ആസ്ഥാനമായ അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോർട്ട്. ലോകകപ്പ് ആരംഭിക്കുന്നതിന് 48 മണിക്കൂറിന് മുമ്പു മാത്രമാണ് സ്റ്റേഡിയത്തിൽ ബീർ ഉൾപ്പെടെയുള്ള ലഹരിപാനീയങ്ങൾ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നത്.
ഹെർ ഗെയിം ടൂ (കളി അവളുടേത് കൂടിയാണ്) എന്ന ക്യാംപയിൻ നടത്തുന്ന ബ്രിട്ടീഷ് ഫുട്‌ബോൾ ആരാധിക എല്ലി മോളോസൺ പറഞ്ഞ വാക്കുകളാണ് ടൈംസ് റിപ്പോർട്ടിൽ ആദ്യം ഉദ്ധരിക്കുന്നത്. 'ഇവിടേക്ക് (ഖത്തറിൽ) വരികയെന്നത് എന്റെ സംവിധാനത്തിൽ വലിയ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. എന്നാലിവിടെ ചൂളമടിയോ, യാതൊരു തരത്തിലുള്ള ലൈംഗികച്ചുവയുള്ള പരാമർശങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. നേരിടാൻ പോകുന്നതിനെ കുറിച്ച് ചില മുൻധാരണകളുണ്ടായിരുന്നു. എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല. ഇംഗ്ലണ്ടിൽ അനുഭവിച്ചതു പോലുള്ള ഒരു ഉപദ്രവവും ഇവിടെ ഏൽക്കേണ്ടി വന്നില്ല. ഇവിടത്തേത് വിസ്മയകരമായ അനുഭവമാണ്. അതെങ്ങനെ സാധിച്ചു എന്നറിയില്ല.'- 19കാരിയായ അവർ പറഞ്ഞു.
എല്ലി മോളോസന്റെ അച്ഛൻ ആഡമും കളി കാണാനെത്തിയിട്ടുണ്ട്. 'എല്ലിയുടെ കാര്യങ്ങൾ നോക്കാനാണ് ഞാൻ സത്യത്തിൽ വന്നത്. തുറന്നു പറയട്ടെ, എനിക്കതിന്റെ ആവശ്യമുണ്ടായിട്ടില്ല' - അധ്യാപകനായ 49കാരൻ പറയുന്നു.
ചെൽസി ആരാധിക 47കാരിയായ ജോ ഗ്ലോവർ ദക്ഷിണാഫ്രിക്കൻ ലോകകപ്പുമായി ഖത്തറിനെ താരതമ്യം ചെയ്തു പറഞ്ഞതിങ്ങനെ. 'ഇവിടത്തെ അന്തരീക്ഷം അത്രയ്ക്ക് വംശീയമല്ല. ഓരോരുത്തലും അവരുടെ ടീമിന്റെ നിറമണിയുന്നു. വഴക്കൊന്നുമില്ല.' മദ്യവിൽപ്പന വേണ്ടെന്നു വയ്ക്കാനുള്ള രാജകുടുംബത്തിന്റെ തീരുമാനം സ്റ്റേഡിയത്തിലെ വൈരാന്തരീക്ഷം കുറയ്ക്കാൻ സഹായകരമായെന്ന് നിരവധി വനിതാ ആരാധകർ പറഞ്ഞതായി ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. 2020 ജൂലൈയിൽ നടന്ന യൂറോ കപ്പ് ഫൈനലും ചിലർ ഓർത്തെടുത്തു.
'യൂറോയിലെ അന്തരീക്ഷം രസകരമായിരുന്നില്ല. സംഘർഷപൂർണമായിരുന്നു. സ്റ്റേഡിയത്തിൽ മദ്യം കിട്ടുക എന്നത് ഒരു വിഷയമാകാൻ പാടില്ല. കുടിയുമായി ബന്ധപ്പെട്ടതല്ല ഫുട്‌ബോൾ.' - ഗ്ലോവർ പറഞ്ഞു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നിർദേശത്തെ കുറിച്ച് അവർ പറയുന്നതിങ്ങനെ; 'ഒരു സ്ത്രീ എന്ന നിലയിൽ അതെനിക്ക് അരോചകമായി തോന്നിയിട്ടില്ല. എന്റെ തോൾ മറയ്ക്കാൻ ആവശ്യപ്പെട്ടാൽ ബാഗിൽ ഞാനൊരു ഷാൾ സൂക്ഷിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ആരും അതാവശ്യപ്പെട്ടിട്ടില്ല.'
ഖത്തറിലെ അന്തരീക്ഷം മികച്ചതാണെന്ന് മുൻ ഇംഗ്ലീഷ് ഫുട്‌ബോളർ ലിയാനെ സാൻഡേഴ്‌സണും അഭിപ്രായപ്പെടുന്നു. 'കേടുപാടുകൾ വരുത്താതെ നിങ്ങൾക്ക് ഒരു ഫുട്‌ബോൾ മത്സരത്തിന് പോകാനും ആസ്വദിക്കാനും പറ്റുന്നില്ലെങ്കിൽ, നിങ്ങൾ വരാതിരിക്കുന്നതാണ് നല്ലത്' എന്നാണ് മദ്യനിയന്ത്രണവുമായി ബന്ധപ്പെട്ട് അവർ പ്രതികരിച്ചത്.
മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കേണ്ട സാഹചര്യമില്ലെന്ന് യുകെ ഫുട്‌ബോൾ പൊലീസിങ് ചീഫ് കോൺസ്റ്റബ്ൾ മാർക് റോബർട്‌സ് ദ ടൈംസിനോടു പ്രതികരിച്ചു. 'ഇവിടത്തെ അന്തരീക്ഷം വികാഭരിതവും എന്നാൽ സൗഹൃദപൂർണവുമാണ്. 2022 യൂറോ വുമൺസ് ഫൈനലിന് സമാനം. യുകെയിലെ സ്റ്റേഡിയം സ്റ്റാൻഡുകളിൽ മദ്യം തിരികെ കൊണ്ടുവരാനുള്ള ആശയം സർക്കാർ ഉപേക്ഷിക്കണം. ഇവിടെ മദ്യമില്ല. എന്നാലും മികച്ച അന്തരീക്ഷമാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
ബീർ നിരോധനം മൂലം 40 ദശലക്ഷം പൗണ്ടിന്റെ ഭീമമായ നഷ്ടമാണ് ഫിഫയ്ക്കുണ്ടാകുക. തങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തണമെന്ന് ബീർ വിൽപ്പനയുടെ കരാറെടുത്ത ബുഡ്‌വീസർ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസർമാരിൽ ഒന്നു കൂടിയാണ് ബുഡ്‌വീസർ. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് 10 കോടി യുഎസ് ഡോളറിന്റെ കരാറാണ് ഫിഫയുമായി അമേരിക്കൻ കമ്പനി ഒപ്പുവച്ചിട്ടുള്ളത്.