'പരിശീലകനൊഴികെ എല്ലാം നല്ലത്, ആരാധകർ അത്ഭുതപ്പെടുത്തി': ബ്ലാസ്റ്റേഴ്‌സിലെ അനുഭവം തുറന്നുപറഞ്ഞ് ദിമിതർ ബെർബറ്റോവ്
2017ൽ കേരള ബ്ലാസ്റ്റേഴ്‌സിലൂടെയായിരുന്നു ബെർബറ്റോവ് ഇന്ത്യൻ ഫുട്‌ബോളിൽ അരങ്ങേറിയത്.
പനാജി: ഇന്ത്യയിലെ തന്റെ സമയത്തെപ്പറ്റിയും ഫുട്‌ബോൾ മത്സരങ്ങളെക്കുറിച്ചും പറയാൻ വാക്കുകൾ കിട്ടാതെ ബൾഗേറിയയുടെ മുൻ ബ്ലാസ്റ്റേഴ്‌സ് താരം ദിമിതർ ബെർബറ്റോവ്. 2017ൽ കേരള ബ്ലാസ്റ്റേഴ്‌സിലൂടെയായിരുന്നു ബെർബറ്റോവ് ഇന്ത്യൻ ഫുട്‌ബോളിൽ അരങ്ങേറിയത്. എടികെയ്‌ക്കെതിരെയായിരുന്നു ബെർബറ്റോവിന്റെ ആദ്യ മത്സരം. കൊച്ചിയിൽ നടന്ന ആ മത്സരം മറക്കാനാവില്ലെന്നും ബെർബറ്റോവ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'കൊച്ചിയിലെ കളിയാവേശം എടുത്തുപറയേണ്ടതാണ്. ഫുട്‌ബോളിനെ ഭ്രാന്തമായി പിന്തുടരുന്നവരാണിവർ. ഗ്യാലറിയിലിരുന്ന് ആരാധകർ ആർപ്പുവിളിക്കുന്നു, ചാടുന്നു, ഡ്രസിങ് റൂമിലായിരുന്നപ്പോഴും ഇതെല്ലാം വ്യക്തമായി കേൾക്കാമായിരുന്നു. സ്റ്റേഡിയം കുലുങ്ങുന്ന അവസ്ഥ. ഇതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയില്ല'- ബെർബറ്റോവ് പറഞ്ഞു. 'ആദ്യ മത്സരത്തിന് എത്തിയപ്പോൾ എല്ലാ ഭാഗത്തും മഞ്ഞയായിരുന്നു. എന്റെ അടുത്തിരുന്ന കളിക്കാരനോട് പറഞ്ഞാൽ പോലും കേൾക്കാന്‍ പറ്റാത്ത അവസ്ഥ. അത്രയും ആരവമായിരുന്നു'- ബെർബറ്റോവ് പറഞ്ഞു. എന്നാൽ പരിശീലകന്റെ ഭാഗത്ത് നിന്ന് മാന്യമായ സമീപനം ലഭിച്ചില്ലെന്നും ബെർബറ്റോവ് പറയുന്നു.
പരിശീലകൻ എന്നോട് ബഹുമാനം കാണിച്ചില്ല. എന്നോട് പ്രകടിപ്പിക്കാത്ത മര്യാദ എനിക്കും നൽകാനായില്ല. കാര്യങ്ങൾ അങ്ങനെ അവസാനിച്ചതിൽ തൃപ്തനായിരുന്നില്ല. പരിശീലകനെക്കൂടാതെ ബാക്കി എല്ലാ കാര്യങ്ങളും ഇന്ത്യയിൽ സുഖമുളളതും ഓർക്കാൻ ഇഷ്ടമുള്ളതുമാണെന്നും ബെർബറ്റോവ് കൂട്ടിച്ചേർത്തു. 2017-18 സീസണിലാണ് ബെർബറ്റോവ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. ആറാം സ്ഥാനനത്താണ് ആ സീസൺ ബ്ലാസ്‌റ്റേഴ്‌സ് അവസാനിപ്പിച്ചത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ബെർബറ്റോവ് രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളുടെ ഭാഗമായിട്ടുണ്ട്. മാഞ്ചസ്റ്ററിലെ തന്റെ നാല് വർഷക്കാലയളവിൽ ഗോൾഡൻ ബൂട്ടും അദ്ദേഹം നേടിയിരുന്നു.
മാഞ്ചസ്റ്ററിനായി 108 മത്സരങ്ങളിൽ നിന്നായി 48 ഗോളുകൾ അദ്ദേഹത്തിന് നേടാനായി. ടോട്ടനത്തിലായിരുന്നപ്പോൾ 70 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും നേടി. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആ മികവ് പുറത്തെടുക്കാൻ അദ്ദേഹത്തിനായിരുന്നില്ല. പരിശീലകൻ ഡേവിഡ് ജെയിംസുമായുള്ള അഭിപ്രായ വ്യത്യാസം കാരണം പലപ്പോഴും ബെഞ്ചിലായിരുന്നു താരം. അന്ന് അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു.