എയ്ഞ്ചൽ ഡി മരിയ; അർജന്‍റീനയുടെ മാലാഖ
മാരക്കാനയിലെ കലാശക്കളിയിൽ അർജന്‍റീനയുടെ മാലാഖയായി അവതരിച്ചത് എയ്ഞ്ചൽ ഡി മരിയ. 22-ാം മിനിറ്റിലായിരുന്നു അർജന്‍റീനൻ തെരുവുകളിൽ ആഹ്ലാദത്തിന്‍റെ അമിട്ടുപൊട്ടിച്ച ആ ഗോൾ. ഡി പോളായിരുന്നു അതിന്‍റെ സൂത്രധാരൻ. സ്വന്തം പാതിയിൽ നിന്ന് ഉയർത്തി നൽകിയ നീളൻ ക്രോസ് മരിയ വിസ്മയകരമായ രീതിയിൽ കാലിൽ കൊരുത്തു. മുമ്പോട്ടു വന്ന എഡേഴ്‌സന്‍റെ തലയ്ക്ക് മുകളിലൂടെ വലയിലേക്ക് ചിപ്പ് ചെയ്തു. ഗോൾ! അവൻ തന്‍റെ ദൂതന്മാരെ നിന്‍റെ മേൽ നിയോഗിക്കുമെന്ന് ബൈബിൾ പറഞ്ഞ പോലെ ആ നിമിഷത്തിൽ മിശിഹാക്ക് വേണ്ടി മരിയ മാലാഖയായി അവതരിച്ചു.
കളി പൂര്‍ണസമയം അവസാനിച്ച ആ നിമിഷം അര്‍ജന്‍റീനയുടെ ഏയ്ഞ്ചല്‍ തന്‍റെ മനസ്സുതുറന്നു. 'ഇത് അവിസ്മരണീയമാണ്, ഇത് എന്‍റെ 'ഫൈനല്‍' ആണ്, മെസ്സി എന്നോട് പറഞ്ഞു, ''ഫൈനലുകളുടെ മത്സരമാണ് എനിക്ക് കളിക്കാൻ കഴിയാത്തത്, അതിന് ഇന്ന് അവസാനമാകണം, ഇന്ന് അതായിരുന്നു' . 'കളിക്ക് ശേഷം മെസ്സി എന്നോട് നന്ദി പറഞ്ഞു, ഞാന്‍ തിരിച്ചും, എന്‍റെ പെൺമക്കൾ, എന്‍റെ ഭാര്യ, എന്‍റെ മാതാപിതാക്കൾ, ഞങ്ങളെ പിന്തുണച്ച എല്ലാ ആളുകൾക്കും ഇവിടെ വന്ന എല്ലാ ഫുട്ബോള്‍ ഭ്രാന്തന്മാരിലും ഞാൻ സന്തോഷവാനാണ്. 'ലോകകപ്പാണ് വരുന്നത്, ഇത് വലിയ ഊര്‍ജമാണ് തരുന്നത്', ഡീ മരിയ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു.