അർജൻറീന ഫൈനലിൽ; എസ്.ബി.ഐ പാസ്ബുക്ക് ട്രെൻഡിങ്... എന്തുകൊണ്ട്?
സെമിയിൽ ക്രൊയേഷ്യയെ വീഴ്ത്തി മെസ്സിപ്പട ഫൈനലിൽ കടന്നതോടെയാണ് പാസ്ബുക്ക് ട്വീറ്റുകൾ വ്യാപകമായത്
സമകാലിക സംഭവങ്ങളെന്തുമാകട്ടെ സമൂഹ മാധ്യമങ്ങൾ പലപ്പോഴും അവയെ സമീപിക്കുക വേറിട്ട രീതിയിലായിരിക്കും. ഇപ്പോൾ ഖത്തർ ഫുട്‌ബോൾ ലോകകപ്പിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജൻറീന ഫ്രാൻസിനെ നേരിടുകയാണ്. എന്നാൽ ഫൈനലുമായി ബന്ധപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ പാസ്ബുക്കാണ് ഇപ്പോൾ ട്രെൻഡിങ്. അർജൻറീന ജേഴ്‌സിയുടെയും പതാകയുടെയും നിറവുമായുള്ള സാമ്യമാണ് പാസ്ബുക്ക് ട്രെൻഡിങ്ങാകാൻ ഇടയാക്കിയത്. സെമിയിൽ ക്രൊയേഷ്യയെ വീഴ്ത്തി മെസ്സിപ്പട ഫൈനലിൽ കടന്നതോടെയാണ് പാസ്ബുക്ക് ട്വീറ്റുകൾ വ്യാപകമായത്. ഇന്ത്യയിലെ മില്യൺ കണക്കിന് മെസി ആരാധകർ ഇത് ഏറ്റെടുത്തിരിക്കുകയുമാണ്. പലരും എസ്.ബി.ഐ പാസ്ബുക്ക് ചിത്രങ്ങൾ പങ്കുവെക്കുകയാണ്.
35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം. ഗോൾഡൻ ബൂട്ട്, ബോൾ പോരാട്ടങ്ങളിലും മെസി ഒന്നാമതുണ്ട്. എന്നാൽ എതിരാളികളായ ഫ്രാൻസ് തകർപ്പൻ ഫോമിലാണ്. ഇതുവരെ ഗോൾവഴങ്ങാതിരുന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് അവർ ഫൈനലിലെത്തിയത്. 60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങുന്നത്.
2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ലോകകിരീടം നേടിയത്. ഞായറാഴ്ച ഇന്ത്യൻ സമയം എട്ടരക്ക് ലുസൈൽ സ്‌റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. അതിനു മുമ്പായി ശനിയാഴ്ച ഖലീഫ ഇൻറർനാഷണൽ സ്‌റ്റേഡിയത്തിൽ ലൂസേഴ്‌സ് ഫൈനൽ നടക്കും.
Argentina in World Cup final; SBI Passbook Trending... Why?