എസ്‌തോണിയക്കെതിരെ മെസ്സിയുടെ ഗോൾ മഴ; അർജന്റീനക്ക് തകർപ്പൻ ജയം
സൗഹൃദമത്സരത്തിൽ എസ്‌തോണിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് അർജന്റീനയുടെ തേരോട്ടം. സൂപ്പർതാരം ലയണൽ മെസ്സിയാണ് അർജന്റീനയുടെ അഞ്ച് ഗോളുകളും നേടിയത്.
ഫൈനലിസിമയിലെ കിരീടനേട്ടത്തിന്റെ മധുരം പോകും മുമ്പ് ആരാധകർക്ക് വീണ്ടും ആഘോഷമൊരുക്കി അർജന്റീന. സൗഹൃദമത്സരത്തിൽ എസ്‌തോണിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് അർജന്റീനയുടെ തേരോട്ടം. സൂപ്പർതാരം ലയണൽ മെസ്സിയാണ് അർജന്റീനയുടെ അഞ്ച് ഗോളുകളും നേടിയത്.
ഏഴാം മിനുട്ടിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ആദ്യഗോൾ. പിന്നീട് പലതവണ ഗോളെന്ന് കരുതിയ അവസരങ്ങൾ ഉണ്ടായെങ്കിലും 45-ാം മിനുട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. വലത് വശത്ത് കൂടെ പെനാൽറ്റി ബോക്‌സിലൂടെ കടന്ന മെസ്സിയുടെ ഷോട്ട്. രണ്ടാം പകുതിയിൽ മെസ്സി തകർത്താടി. 47-ാം മിനുട്ടിൽ വലത് വിങ്ങിലൂടെ വന്ന ക്രോസ് സ്വീകരിച്ച് ഹാട്രിക് നേടി. മെസ്സിയുടെ കരിയറിലെ 56-ാം ഹാട്രിക് നേട്ടമാണ് ഇത്.
പിന്നീട് 71-ാം മിനുട്ടിലും 76-ാം മിനുട്ടിലും രണ്ട് ഗോളുകൾ. ഇത് രണ്ടാം തവണയാണ് ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ മെസ്സി നേടുന്നത്. 2012ൽ ബയർ ലെവർകൂസനെതിരെ അഞ്ച് ഗോളുകളടിച്ചിരുന്നു.