മൂന്നടിച്ച് ആഴ്സനൽ, അഞ്ചടിച്ച് സിറ്റി: കിരീടപ്പോരാട്ടം അവസാന ലാപ്പിലേക്ക്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും തമ്മിലുള്ള കിരീടപ്പോരാട്ടം കൊഴുക്കുന്നു. ശനിയാഴ്ച നടന്ന മത്സരങ്ങളിൽ ബേൺമൗത്തിനെ ആഴ്സനൽ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തകർത്തപ്പോൾ വോൾവ്സിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് തകർത്ത് സിറ്റിയും വാരാന്ത്യം ഗംഭീരമാക്കി. 36 മത്സരങ്ങളിൽ നിന്നും 83 പോയന്റുമായി ആഴ്സനൽ ഒന്നാമതും ഒരു മത്സരം കുറച്ചു കളിച്ച സിറ്റി 82 പോയന്റുമായി രണ്ടാമതുമാണ്.
എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ബുകായോ സാക, ലിയാണ്ട്രോ ട്രൊസാർഡ്, ഡെക്ളൻ റൈസ് എന്നിവരാണ് ആഴ്നലിനായി സ്കോർ ചെയ്തത്. സ്വന്തം തട്ടകത്തിൽ എർലിങ് ഹാളണ്ടിന്റെ ഡബിൾ ഹാട്രിക്കിലൂടെയാണ് സിറ്റി കിരീടപ്പോരാട്ടം ചൂടാക്കിയത്. 12, 35, 45+3, 54 മിനുറ്റുകളിലായിരുന്ന ഹാളണ്ട് നിറയൊഴിച്ചത്. ഇതിൽ രണ്ടെണ്ണം പെനൽറ്റിയായിരുന്നു. 85ാം മിനുറ്റിൽ ജൂലിയൻ അൽവാരസിന്റെ വകയായിരുന്നു അഞ്ചാംഗോൾ.
മാഞ്ചസ്റ്റർ യുനൈറ്റഡ്, എവർട്ടൺ എന്നിവരുമായാണ് ആർസനലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ. ഫുൾഹാം, ടോട്ടൻഹാം, വെസ്റ്റ് ഹാം എന്നിവരുമായാണ് സിറ്റിയുടെ ഇനിയുള്ള പോരാട്ടങ്ങൾ അരങ്ങേറുക.