സിറ്റിക്ക് വീണ്ടും ചെക്ക്; യുണൈറ്റഡിനെ തകർത്ത് ആഴ്‌സനൽ തലപ്പത്ത്

ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ആഴ്‌സനൽ 86 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി.

Update: 2024-05-12 18:50 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: പ്രീമിയർ ലീഗ് ഫോട്ടോഫിനിഷിലേക്ക്. നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭീഷണി മറികടന്ന് ആഴ്‌സനൽ. യുണൈറ്റഡ് തട്ടകമായ ഓൾഡ് ട്രഫോർഡിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സിന്റെ ജയം. 20ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊഡാഡാണ് രക്ഷകനായത്. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ആഴ്‌സനൽ 86 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഒരു മത്സരം കുറവ് കളിച്ച സിറ്റിക്ക് 85 പോയന്റാണുള്ളത്. മെയ് 19ന് എവർട്ടനെതിരെയാണ് ആർട്ടെറ്റയുടെ സംഘത്തിന്റെ അവസാന മത്സരം. മെയ് 15ന് ടോട്ടനത്തിനെതിരെയും 19ന് വെസ്റ്റ്ഹാമിനെതിരെയുമാണ് സിറ്റിയുടെ അവശേഷിക്കുന്ന മത്സരങ്ങൾ.

ഓൾഡ് ട്രഫോർഡിൽ ആദ്യാവസാനം അക്രമിച്ചുകളിച്ച യുണൈറ്റഡിനെ കൃത്യമായി പ്രതിരോധിക്കുന്നതിൽ ആഴ്‌സനൽ വിജയിക്കുകയായിരുന്നു. റാസ്മസ് ഹോയ്‌ലൻഡിനെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ഫോർമേഷനിലാണ് എറിക് ടെൻ ഹാഗ് ടീമിനെ വിന്യസിച്ചത്. അമത് ഡിയാലോയേയും ഗർണാചോയേയും ഒരുമിച്ച് കളിപ്പിച്ചെങ്കിലും ഗണ്ണേഴ്‌സ് വലനിറക്കാൻ ആതിഥേയർക്കായില്ല.

മറുവശത്ത് 4-3-3 ശൈലിയാണ് ആർട്ടെറ്റ പരീക്ഷിച്ചത്. ട്രൊസാഡിനേയും സാകെയേയും ഹവർട്‌സിനേയും കേന്ദ്രീകരിച്ചാണ് മുന്നേറ്റങ്ങൾ നടത്തിയത്. ലഭിച്ച അവസരം കൃത്യമായി ഉപയോഗപ്പെടുത്തി ഗണ്ണേഴ്‌സ് വലകുലുക്കി. യുണൈറ്റഡ് പ്രതിരോധ താരങ്ങളെ സമർത്ഥമായി വെട്ടിച്ച് ഹവെർട്‌സ് നൽകിയ പന്ത് ട്രൊസാർഡ് (20) അനായാസം ലക്ഷ്യത്തിലേക്ക് തഴുകിയിട്ടു. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള യുണൈറ്റഡ് നീക്കങ്ങളെ ഗബ്രിയേൽ-സാലിബ സഖ്യം പ്രതിരോധിച്ചുനിർത്തി. അവസാന മിനിറ്റിൽ ആന്റണിയേയും ക്രിസ്റ്റൻ എറിക്‌സനേയുമെല്ലാം ടെൻഹാഗ് കളത്തിലേക്ക് ഇറക്കിവിട്ടെങ്കിലും ഗണ്ണേഴ്‌സ് പ്രതിരോധത്തിൽ വിള്ളൽവീഴ്ത്താനായില്ല.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News