"ആഷിഖ് ഇതാ ഇവിടെയുണ്ട്"; മലയാളി സൂപ്പര്‍ താരത്തെ സ്വന്തമാക്കി എ.ടി.കെ മോഹന്‍ ബഗാന്‍
"ആഷിഖ് ഇതാ ഇവിടെയുണ്ട്" എന്ന തലക്കെട്ടോടെ പങ്കു വച്ച വീഡിയോയില്‍ മോഹൻ ബഗാൻ തന്നെയാണ് താരത്തെ സ്വന്തമാക്കിയ കാര്യം അറിയിച്ചത്
കൊല്‍ക്കത്ത: ബാംഗ്ലൂർ വിട്ട മലയാളി സൂപ്പർ താരം ആഷിഖ് കരുണിയനെ സ്വന്തമാക്കി എ.ടി.കെ മോഹൻ ബഗാൻ. അഞ്ച് വർഷത്തെ കരാറിലാണ് താരത്തെ എ.ടി.കെ റാഞ്ചിയത്. "ആഷിഖ് ഇതാ ഇവിടെയുണ്ട്" എന്ന തലക്കെട്ടോടെ പങ്കു വച്ച വീഡിയോയില്‍ മോഹൻ ബഗാൻ തന്നെയാണ് താരത്തെ സ്വന്തമാക്കിയ കാര്യം തങ്ങളുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ അറിയിച്ചത്.
"കൊൽക്കത്തയിലെ അന്തരീക്ഷം അതിമനോഹരമാണ്. എ.ടി.കെ മോഹൻ ബഗാൻ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ ക്ലബ്ബാണ്. ഈ ടീമില്‍ കളിക്കണമെന്നത് ഏതൊരു കളിക്കാരന്‍റേയും സ്വപ്‌നമായിരിക്കും. ജുവാൻ ഫെർണാണ്ടോ എന്ന മികച്ച പരിശീലകനാണ് ഈ ടീമിന്‍റെ കരുത്ത്"- ടീമിനൊപ്പം ചേര്‍ന്നതിനു ശേഷം ആഷിഖ് പ്രതികരിച്ചു.
പൂനെ എഫ്.സി യുടെ അക്കാഡമിയിലൂടെയാണ് മലപ്പുറം സ്വദേശിയായ ആഷിഖ് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കടന്നു വരുന്നത്. സ്പാനിഷ് ഫുട്‌ബോൾ ക്ലബ്ബായ വിയ്യാറയലിന്റെ യൂത്ത് അക്കാദമിയിൽ നിന്ന് കളി പഠിച്ച താരം 2019 ഐ.എസ്.എല്ലിൽ പൂനേ സിറ്റിക്ക് വേണ്ടി ബൂട്ടണിഞ്ഞു. പിന്നീട് ബാംഗ്ലൂരിലെത്തിയ താരം കഴിഞ്ഞ സീസൺ വരെ ബാംഗ്ലൂരിനായി പന്തു തട്ടി. ഇന്ത്യൻ ദേശീയ ടീമിനായി 24 മത്സരങ്ങൾ കളിച്ച താരം കഴിഞ്ഞ എ.എഫ്.സി കപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഐ.എസ്.എല്ലിൽ 65 മത്സരങ്ങൾ കളിച്ച താരം അഞ്ച് ഗോളും അഞ്ച് അസിസ്റ്റും നേടിയിട്ടുണ്ട്.