ഗോളുമായി അക്രം അഫീഫ്; ആദ്യ പകുതിയിൽ ഖത്തർ മുന്നിൽ
ഹഫീഫിനെ ജോർദാൻ പ്രതിരോധതാരം ബോക്‌സിൽ വീഴ്ത്തിയതിനാണ് നിലവിലെ ചാമ്പ്യൻമാർക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്
Update: 2024-02-10 16:07 GMT
ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിലെ ജോർദാനെതിരായ ഫൈനലിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് ഖത്തർ മുന്നിൽ. ലുസൈൽ സ്‌റ്റേഡിയത്തിലെ ആർത്തിരമ്പിയ കാണികളെ സാക്ഷിയാക്കി പെനാൽറ്റിയിലൂടെ അക്രം അഫീഫാണ്(22) ആതിഥേയർക്കായി വലകുലുക്കിയത്. ഹഫീഫിനെ ജോർദാൻ പ്രതിരോധ താരം ബോക്‌സിൽ വീഴ്ത്തിയതിനാണ് നിലവിലെ ചാമ്പ്യൻമാർക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. കിക്ക് നേരിട്ട ജോർദാൻ ഗോൾകീപ്പർ യസീൽ അബുലൈലയുടെ ദിശ ശരിയായെങ്കിലും അഫീഫിന്റെ പവർഫുൾ കിക്ക് തടുക്കാനായില്ല.
ആദ്യ പകുതിയിൽ നിരന്തരം ആക്രമിച്ച് കയറിയ ആതിഥേയരെ പ്രതിരോധിക്കാൻ എതിർ ഡിഫൻഡർമാർ മത്സരത്തിലുടനീളം പാടുപെട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് സൂപ്പർ താരം മൂസ അൽ തമരിക്ക് തുടരെ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിലേക്ക് തിരിച്ചുവിടാനായില്ല.