ഗോൾപോസ്റ്റിൽ വലിഞ്ഞുകേറി, ആസ്റ്റൻ വില്ല ഗോളിയെ ആക്രമിച്ചു; കൈവിട്ട് സിറ്റി ആരാധകരുടെ വിജയാഘോഷം
ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായ സിറ്റി ആരാധകർ ഗോൾപോസ്റ്റിനു മുകളിൽ കയറി നെറ്റിൽ ഊഞ്ഞാലാടി. ഇതിന്റെ ഭാരത്താൽ പോസ്റ്റ് തകർന്നുവീഴുകയും ചെയ്തു
ലണ്ടൻ: തോൽവിയുടെ വക്കിൽനിന്ന് തുടരെ മൂന്നു ഗോളുമായി അവിസ്മരണീയമായി തിരിച്ചുവന്ന് വിജയം പിടിച്ചെടുത്താണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി കൈയിൽ ഉറപ്പിച്ചത്. എന്നാൽ, മത്സരശേഷം മൈതാനത്തിലെ സിറ്റി ആരാധകരുടെ അഴിഞ്ഞാട്ടം ക്ലബിന് നാണക്കേടായിരിക്കുകയാണ്. ഗോൾപോസ്റ്റ് തകർക്കുക മാത്രമല്ല എതിരാളികളായ ആസ്റ്റൻ വില്ലയുടെ ഗോൾകീപ്പർ റോബിൻ ഒസ്ലനെ ആക്രമിക്കുകയും ചെയ്തു സംഘം. ഒടുവിൽ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.
ആരാധകർ ഗ്രൗണ്ട് കൈയേറുന്നത് തടയാൻ കൂടുതൽ നടപടികൾ വേണമെന്ന് പ്രീമിയർ ലീഗും ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷനും ക്ലബുകൾക്ക് കർശന നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സിറ്റി ആരാധകരുടെ കൈവിട്ട ആഘോഷം. നാടകീയ മത്സരത്തിനൊടുവിൽ അതിലേറെ നാടകീയ രംഗങ്ങളാണ് ഗ്രൗണ്ടിൽ ഇന്നലെ കണ്ടത്.
ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു സിറ്റി ആരാധകർ. ഗ്രൗണ്ട് കീഴടക്കിയ ആൾക്കൂട്ടം ഗോൾപോസ്റ്റിനു മുകളിലും കൂട്ടത്തോടെ കയറി നെറ്റിൽ ഊഞ്ഞാലാടി. ഇതിന്റെ ഭാരത്താൽ പോസ്റ്റ് തകർന്നുവീഴുകയും ചെയ്തു. ഇതിനിടയിലാണ് വില്ല ഗോളി റോബിൻ ഒസ്ലനുനേരെ കാണികൾ തിരിഞ്ഞത്. ജനക്കൂട്ടം ഇരച്ചുകയറിയതോടെ കളിക്കാരെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ സെക്യൂരിറ്റി വിഭാഗം നന്നേ കഷ്ടപ്പെട്ടു. ഇതിനിടയിലായിരുന്നു ഗോൾകീപ്പരെ സിറ്റി ആരാധകർ ആക്രമിച്ചത്.
വില്ല കോച്ച് സ്റ്റീഫൻ ജെറാഡ് ആണ് റോബിനെ കാണികൾ ആക്രമിച്ച വിവരം വെളിപ്പെടുത്തിയത്. താരങ്ങൾ പരിക്കില്ലാതെ രക്ഷപ്പെട്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജെറാഡിന്റെ മറുപടി. എന്റെ ഗോൾകീപ്പർ ആക്രമണം നേരിട്ടു. പെപ് ഗാർഡിയോളയോടും മാഞ്ചസ്റ്റർ സിറ്റിയോടും ഇക്കാര്യം ഉന്നയിക്കേണ്ടതുണ്ടെന്നും ജെറാഡ് വ്യക്തമാക്കി.
പിന്നാലെയാണ് മാപ്പുപറഞ്ഞ് സിറ്റി വാർത്താകുറിപ്പ് പുറത്തിറക്കിയത്. സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഫൈനൽ വിസിൽ മുഴങ്ങിയ ശേഷം ആരാധകരുടെ ഗ്രൗണ്ട് കൈയേറ്റത്തിനിടെ ആക്രമണം നേരിട്ട ആസ്റ്റൻ വില്ല ഗോൾകീപ്പർ റോബിൻ ഒസ്ലനോട് ആത്മാർത്ഥമായി ക്ഷമചോദിക്കുകയാണെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു. കുറ്റവാളികൾക്ക് സ്റ്റേഡിയത്തിലേക്ക് അനിശ്ചിതകാല വിലക്കേർപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഞെട്ടിച്ച് വില്ല; നാടകാന്തം സിറ്റി
അത്യന്തം ആവേശകരമായ മത്സരത്തിൽ ആറു മിനിറ്റിനുള്ളിൽ നേടിയ മൂന്ന് ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നേടിക്കൊടുത്തത്. ആസ്റ്റൺവില്ലയ്‌ക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിനുശേഷം മൂന്ന് ഗോളുകൾ അടിച്ചാണ് സിറ്റി മത്സരത്തിൽ വിജയിച്ചത്. വിജയത്തോടെ 38 മത്സരങ്ങളിൽനിന്ന് 93 പോയിന്റുകളുമായാണ് സിറ്റി പ്രീമിയർ ലീഗ് കിരീടം നിലനിറുത്തിയത്.
വിജയിച്ചാൽ കിരീടം കൈയിലിരിക്കുമെന്നുറപ്പിച്ച് കളിക്കാനിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിയെ ആസ്റ്റൺ വില്ല ഞെട്ടിക്കുന്ന കാഴ്ചയാണ് എത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. 37ാം മിനുട്ടിൽ കാഷിലൂടെ മുന്നിലെത്തിയ വില്ല, 69ാം മിനുട്ടിൽ ഫിലിപ്പെ കുട്ടീന്യോയിലൂടെ ലീഡ് ഇരട്ടിയാക്കി. പകരക്കാരനായി കളത്തിലിറങ്ങിയ ഗുണ്ടോഗനിലൂടെ 76ാം മിനുറ്റിൽ ഗോൾ നേടി സിറ്റി തിരിച്ചുവരവിന് തുടക്കം കുറിച്ചു. ഗോൾ നേടി രണ്ട് മിനിറ്റുകൾക്കകം തന്നെ റോഡ്രിയിലൂടെ സമനില ഗോൾ നേടിയ സിറ്റി, 81ാം മിനുറ്റിൽ ഗുണ്ടോഗനിലൂടെ വീണ്ടും ഗോൾ നേടി കിരീടം ഉറപ്പിക്കുകയായിരുന്നു.
വോൾവ്സിനെ പരാജയപ്പെടുത്തിയെങ്കിലും സിറ്റി വിജയിച്ചതോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തായി. ഒരു ഗോളിന് പിന്നിൽ നിന്നതിനുശേഷം മൂന്ന് ഗോളുകൾ നേടി വോൾവ്സിനെ പരാജയപ്പെടുത്തിയ ലിവർപൂൾ 38 മത്സരങ്ങളിൽനിന്ന് 92 പോയിന്റാണ് നേടിയത്.
Summary: Aston Villa goalkeeper Robin Olsen attacked in Man City title celebrations, City apologizes