നന്ദി ലണ്ടന്‍, യാത്ര ചോദിക്കാൻ പോലും അവസരം കിട്ടിയില്ല: ഒബമെയാങ്
ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിനത്തിലാണ് ബാഴ്സ ഗണ്ണേഴ്സിന്‍റെ കുന്തമുനയായ ഒബമെയാങിനെ സ്വന്തമാക്കിയത്
ആഴ്‌സണൽ സൂപ്പർ താരം പിയറെ എമറിക് ഒബമെയാങ് ക്ലബ്ബ് വിട്ടത് കഴിഞ്ഞ ദിവസമാണ്. യാത്ര ചോദിക്കാൻ പോലും അവസരം കിട്ടാതെയാണ് താന്‍ ക്ലബ്ബ് വിടുന്നതെന്ന് താരം പറഞ്ഞു. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിലേക്കാണ് താരത്തിന്‍റെ കൂടുമാറ്റം. ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിനത്തിലാണ് ബാഴ്സ ഗണ്ണേഴ്സിന്‍റെ കുന്തമുനയായ ഒബമെയാങിനെ സ്വന്തമാക്കിയത്. ഫ്രീ ട്രാൻസ്ഫറായാണ് ഒബെ സ്പാനിഷ് ക്ലബ്ബിലെത്തുന്നത്. നേരത്തെ ഡിസംബറിൽ അച്ചടക്ക ലംഘനത്തെ തുടർന്ന് താരത്തെ ആഴ്‌സണൽ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ഒബെ ക്ലബ്ബ് വിടുകയാണെന്ന കാര്യം ആഴ്സണല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും അദ്ദേഹം ടീമിനായി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ഔദ്യോഗിക പ്രസ്ഥാവനയിൽ ആഴ്സണൽ അറിയിച്ചു.
2018 ലാണ് ബൊറൂഷ്യ ഡോട്മുണ്ട് വിട്ട് ഒബെ ആഴ്‌സണിൽ ചേരുന്നത്. തന്റെ ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗിലെ ടോപ് സ്‌കോററായ അദ്ദേഹം പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടി. 2020 എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ തകർത്ത് ആഴ്‌സണൽ കിരീടത്തിൽ മുത്തമിടുമ്പോൾ ഒരു ഗോളുമായി ഒബമെയാങായിരുന്നു ടീമിന്റെ വിജയശിൽപി. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ എഫ്.എ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിലും ലിവർപൂളിനെതിരെ സ്‌കോർ ചെയ്ത് ആഴ്സണലിന്‍റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ രണ്ടുസീസണുകളിൽ ഗണ്ണേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന ഒബെമയാങ് ആഴ്‌സണലിനായി 163 മത്സരങ്ങളിൽ നിന്ന് 92 ഗോളുകൾ നേടിയിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യമായ ഗാബോൺ പൗരനായ ഒബെമയാങ് 2015 ൽ ഏറ്റവും മികച്ച ആഫ്രിക്കൻ ഫുഡ്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുമ്പ് എ.സി മിലാനടക്കം ലോകഫുട്‌ബോളിലെ പ്രമുഖ ടീമുകൾക്കായി ഒബെ പന്തു തട്ടിയിട്ടുണ്ട്.