ഫുട്ബോളിൽ ബാക്ക് പാസ് റൂൾ ഉണ്ടായതെങ്ങനെ...
ലണ്ടൻ: ഫുട്ബോളിലെ ഏറ്റവും വിപ്ലവകരമായ നിയമങ്ങളിലൊന്നായാണ് ബാക്ക് പാസ് റൂളിനെ കാണുന്നത്. കാരണം അനാവശ്യമായ ടൈം വേസ്റ്റിങ് കളഞ്ഞ് ഫുട്ബോളിനെ കുറച്ചുകൂടി ആകർഷകമാക്കുന്നതിൽ ഈ നിയമം പങ്കുവഹിച്ചിട്ടുണ്ട്. സ്വന്തം ടീമംഗങ്ങളിലൊരാൾ ബോധപൂർവം നൽകുന്ന പാസ് ഗോൾകീപ്പർ കൈകൊണ്ട് സ്പർശിക്കുകയാണെങ്കിൽ ഇതിനുള്ള ശിക്ഷയായി ഇൻഡയറക്ട് ഫ്രീ കിക്ക് വിളിക്കാറുണ്ട്. ചിലപ്പോൾ കാർഡും ലഭിക്കാം. എന്നാൽ കാലുകൾകൊണ്ടല്ലാത്ത പാസുകൾക്ക് ഈ നിയമം ബാധകമല്ല.
1992 ലാണ് ഈ നിയമം നിലവിൽ വരുന്നത്. അതിന് മുമ്പ് സ്വന്തം ടീമംഗങ്ങൾ നൽകുന്ന പാസുകളും ഗോൾകീപ്പർമാർക്ക് പിടിക്കാമായിരുന്നു. 1990ലെ ഫുട്ബോൾ ലോകകപ്പിൽ പല ടീമുകളും ബാക്ക് പാസ് റൂളിനെ ചൂഷണം ചെയ്തു. ഈജിപ്തും അയർലൻഡും തമ്മിലുള്ള മത്സരത്തിൽ ഐറിഷ് ഗോൾകീപ്പർ പാഡി ബോണറിന്റെ കൈകളിൽ മാത്രം ആറ് മിനിറ്റ് നേരം പന്തുണ്ടായിരുന്നു. ഇത് മത്സരങ്ങളെ വിരസമാക്കി. ഈ ലോകപ്പിൽ ഒരു മത്സരത്തിൽ ശരാശരി 2.21 ഗോൾ മാത്രമാണ് പിറന്നത്. ഇതിന് പിന്നാലെ ഫുട്ബോൾ നിയമങ്ങളെ പരിഷ്കരിക്കണമെന്ന് ആവശ്യമുയർന്നു.
ഫിഫ ഇതിനെക്കുറിച്ച് പഠിച്ചു. എങ്കിലും നടപടിയുണ്ടായില്ല.
1992ലെ യൂറോകപ്പിൽ വമ്പൻമാരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഡെന്മാർക്ക് ജേതാക്കളായി. ഡെന്മാർക്ക് ജേതാക്കളാകാനുള്ള പ്രധാനകാരണം ഡാനിഷ് ഗോൾകീപ്പർ പീറ്റർ ഷിമൈക്കലായിരുന്നു. സമയം കളയുന്നതിനായി ഡെന്മാർക്ക് താരങ്ങൾ യഥേഷ്ടം ഷിമൈക്കലിന് പാസ് നൽകി. എതിർടീമുകളെ ഇത് ദേഷ്യം പിടിപ്പിച്ചെങ്കിലും ഇത് കൃത്യമായി ഉപയോഗിച്ച് ഡെന്മാർക്ക് കിരീടത്തിലുമെത്തി. തൊട്ടുപിന്നാലെ ബാക്ക് പാസ് റൂൾ ഫിഫ നടപ്പാക്കുകയും ചെയ്തു. ഈ റൂൾ വരാൻ കാരണം താനാണെന്ന് പീറ്റർ ഷിമൈക്കൽ തന്നെ അവകാശപ്പെട്ടിരുന്നു.
എന്തായാലും ഈ റൂൾ ഫുട്ബോളിന് ഗുണകരമായി. ഇത് സമയം കളയൽ പരിഹരിക്കുന്നതോടൊപ്പം തന്നെ ബാൾ േപ്ലയിങ് ഗോൾകീപ്പർമാരെയും സൃഷ്ടിച്ചു.