ബ്രസീലിന് തിരിച്ചടി; നെയ്മര്‍ കോപ്പ അമേരിക്കയില്‍നിന്ന് പുറത്ത്
2024 ജൂണ്‍ 20നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്
2024ല്‍ അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാള്‍ ടൂര്‍ണമെന്‍ില്‍ ബ്രസീല്‍ ടീമില്‍ സൂപ്പര്‍ താരം നെയ്മറുണ്ടാകില്ല. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണ് ടീമില്‍നിന്ന് പുറത്താകാന്‍ കാരണമെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡിഗ്രോ ലാസ്മര്‍ അറിയിച്ചു.
2024 ജൂണ്‍ 20നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്. ജൂലൈ 14നാണ് ഫൈനല്‍. ഒക്്ടോബര്‍ 17ന് ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഉറുഗ്വക്കെതിരായ മത്സരത്തിലാണ് നെയ്മറിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് നവംബറില്‍ വിജയകരമായി ശസ്ത്രകിയ പൂര്‍ത്തിയാക്കിയിരുന്നു.
താരത്തിന് 12 മാസം വരെ വിശ്രമം വേണ്ടിവരുമെന്നാണ് ശസ്ത്രകിയക്ക് ശേഷം ടീം വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. നെയ്മറില്ലാത്തത് കോപ്പ അമേരിക്കയില്‍ കാനറിപ്പടക്ക് വലിയ തിരിച്ചടിയാണ് നല്‍കുക. 129 മത്സരങ്ങളില്‍നിന്നായി 79 ഗോള്‍ നേടിയ 31കാരന്‍ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടോപ്‌സ്‌കോററാണ്.
കൊളംബിയയും പരാഗ്വയും അടങ്ങിയ ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍ കോപ്പ അമേരിക്കയില്‍ പോരിനിറങ്ങുക. കോസ്റ്ററിക്കയും ഹോണ്ടുറസും തമ്മിലെ പ്ലേഓഫിലെ വിജയിയായിരിക്കും ഗ്രൂപ്പിലെ മറ്റൊരു ടീം.