ആറ് മത്സരങ്ങളിൽ 22 ഗോളുകൾ; ബാഴ്സലോണയിൽ നിന്നും നല്ല വാർത്തകളുണ്ട്
ആദ്യം ലാലീഗ കിരീടം, പിന്നാലെ ചാമ്പ്യൻസ്‍ലീഗിന്റെ തിളക്കം. കിലിയൻ എംബാപ്പെയും എൻട്രിക്കും അടക്കമുള്ള വമ്പൻ ട്രാൻസ്ഫറുകൾ...സാന്റിയാഗോ ബെർണബ്യൂവിൽ നിന്നും ശുഭ വാർത്തകൾ നിരന്തരം കേൾക്കുമ്പോൾ അപ്പുറത്ത് നൗകാമ്പ് എല്ലാം ഉള്ളിലൊതുക്കി.
മാഡ്രിഡിൽ നിന്നും കേൾക്കുന്നതെല്ലാം നല്ല വാർത്തകളാണ്.എന്നാൽ അപ്പുറത്ത് ബാഴ്സയിൽ നിന്നോ? അവർ ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കറ്റാലൻമാരുടെ തലക്ക് മുകളിൽ തൂങ്ങിനിന്ന സാമ്പത്തിക പ്രതിസന്ധിയുടെ കനം ലോകം അറിഞ്ഞുതുടങ്ങി. നൗകാമ്പിൽ കളിക്കാൻ മോഹിച്ചുവന്ന ഇൽകയ് ഗുൻഡോഗനെ അവർ കരയിച്ചാണ് പറഞ്ഞുവിട്ടത്. ട്രാൻസ്ഫർ മാർക്കറ്റിൽ അവരുടെ ഏറ്റവും വലിയ ടാർഗെറ്റായ നീക്കോ വില്യംസിനെ എത്തിക്കാനുമായില്ല. ജർമനിക്ക് വേണ്ടാത്ത ഹാൻസി ഫ്ലിക്ക് പരിശീലകനായി എന്തുചെയ്യുമെന്ന ചോദ്യം വേറെയുമുണ്ടായിരുന്നു. ഡാനി ഓൽമോ വന്നണഞ്ഞത് മാത്രമായിരുന്നു ഏക ആശ്വാസം.
എന്നാൽ ലാലിഗ സീസൺ ആദ്യ മത്സരങ്ങൾ പിന്നിടുമ്പോൾ വിമർശനങ്ങളെയെല്ലാം വാരി നിലത്തടിക്കുന്ന ബാഴ്സയെയാണ് നമ്മൾ കാണുന്നത്. ടിക്കി ടാക്കക്ക് പകരം ഫ്ളിക്കി-ഫ്ളാക്കയിതാ എത്തിയിരിക്കുന്നു എന്നാണ് സംസാരം. സീസൺ തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും ഹാൻസി ഫ്ലിക്കിൽ ബാഴ്സക്ക് പ്രതീക്ഷകൾ മുളച്ചുതുടങ്ങിയിരിക്കുന്നു. ആരവങ്ങളും കിരീടങ്ങളും അധികം വൈകാതെ നൗകാമ്പിൽ വന്നണയുമെന്ന് അവർ വിശ്വസിക്കുന്നു. വെറും ആറ് മത്സരങ്ങളിൽ നിന്നും 22 ഗോളുകളാണ് അവർ അടിച്ചുകൂട്ടിയത്. ഇതിൽ 21 എണ്ണവും നോൺ പെനൽറ്റി ഗോളുകളാണ്. റാഫീന്യയും ലെവൻഡോവ്സിയും നിറഞ്ഞാടുന്നു. ലാമിൻ യമാൽ വാർത്തകളിൽ നിറയുന്നു. ലാലിഗ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച തുടങ്ങളിലൊന്നാണ് ബാഴ്സക്ക് കിട്ടിയിരിക്കുന്നത്. പ്രീസീസണലും ലാലിഗയിലുമെല്ലാം മിന്നും പ്രകടനങ്ങളാണ് നടത്തിയത്. ചാമ്പ്യൻസ് ലീഗിൽ മൊണോക്കോയോട് തോറ്റത് മാത്രമാണ് ഇതിനിടെ ഒരു കല്ലുകടിയായത്.
ബാഴ്സലോണ പരിശീലകൻ എന്നത് ഒരു ഹോട്ട് സീറ്റാണ്. ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഒരുപാട് ഓഡിറ്റിങ്ങുകൾക്ക് വിധേയമാകുന്ന ഒരു പോസ്റ്റ്. എന്നാൽ ഈ ചുമതലയിൽ ഹാൻസി ഫ്ലിക്ക് പക്വതയോടെയാണ് കാര്യങ്ങൾ നീക്കുന്നത്. അനാവശ്യമായ കുറ്റപ്പെടുത്തലുകൾക്കോ വീരവാദങ്ങൾക്കോ നിൽക്കുന്നില്ല. മാധ്യമങ്ങളിൽ നിന്നും പരമാവധി അകന്നുനിൽക്കുന്നു. മെയ് മാസത്തിൽ ബാഴ്സയുമായി കരാർ ഒപ്പിട്ട ഫ്ലിക്ക് ജൂലൈ പകുതിയിൽ മാത്രമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത്. ഫ്ലിക്ക് സ്പാനിഷിൽ സംസാരിക്കാൻ പഠിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ഇംഗ്ലീഷിലാണ് മാധ്യമങ്ങളെ കാണുന്നത്. ഡ്രെസിങ് റൂമിലുള്ള ജർമനും ഇംഗ്ലീഷും അറിയുന്നവരെ വെച്ചാണ് ഫ്ലിക്ക് കമ്യൂണികേഷൻ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തേ തിയാഗോ അൽക്കന്റാരയാണ് അദ്ദേഹത്തെ ട്രാൻസ്ലേഷനിൽ സഹായിരിച്ചിരുന്നത്.
വൈകിയെത്തിയാൽ പിഴ വിധിക്കുന്നതടക്കമുള്ള പട്ടാളച്ചിട്ടകൾ ഫ്ലിക്ക് പുലർത്തുന്നില്ല. കൂടാതെ ടീമിനടിയിൽ ഐക്യം വളർത്താനായി രാത്രിയിൽ ഹോട്ടലിൽ താരങ്ങളെ ഒരുമിച്ചിരുത്തുന്നതടക്കമുള്ള രീതികൾ പുലർത്തുന്നു. പോയ സീസണിൽ റയൽ മാഡ്രിഡ്, ജിറോണ, വില്ലാറയൽ അടക്കമുള്ള ടീമുകളുമായി ബാഴ്സ പരാജയപ്പെട്ടത് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കൺസീഡ് ചെയ്ത ഗോളുകളിലൂടെയായിരുന്നു. ഇതിനെത്തുടർന്ന് ബാഴ്സ താരങ്ങളുടെ ഫിറ്റ്നസിനെയും സ്റ്റാമിനയെയും കുറിച്ച് ചോദ്യങ്ങളുയർന്നിരുന്നു. ഇൗ പ്രശ്നം പരിഹരിക്കാൻ ഒരു കാലത്ത് അന്റോണിയോ കോൻഡെയുടെ വലം കൈയ്യായിരുന്ന ജൂലിയോ ടൂസിന്റെ നേതൃത്വത്തിൽ പുതിയ ഫിറ്റ്നസ് ടീമിനെ റെഡിയാക്കിയിട്ടുണ്ട്. ഈ ഫിറ്റ്സന് ടീമിൽ ഹാപ്പിയാണെന്നാണ് പെട്രി പറയുന്നത്. ‘‘ഞങ്ങൾ മുമ്പുള്ളതിനേക്കാൾ പണിയെടുക്കുന്നു. പുതിയ ഫിറ്റ്സന് കോച്ച് വളരെ നല്ലതാണ്. ഞങ്ങളുടെ പരിശീലനത്തിന്റെ ഗുണം നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു. 70, 80 മിനുറ്റുകൾക്ക് ശേഷം ഈ ടീം ഇനി തളരില്ല.’’ -പെട്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി യാഥാർഥ്യമാണെന്ന് ഫ്ലിക്കിനറിയാം. അതുകൊണ്ടുതന്നെ വലിയ ആവശ്യങ്ങൾ മുന്നോട്ടുവെക്കാതെ ഉള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ബാഴ്സയുടെ അക്കാദമിയായ ലാമാസിയ പ്രൊഡക്റ്റുകളെ ഫ്ലിക്ക് വിശ്വാസത്തിലെടുക്കുന്നുണ്ട്. ലാ മാസിയക്കാരനായി മാർക് ബെർണാലിനെ പ്രതിരോധത്തിലെ പ്രധാന ചുമതലക്കാരനാക്കിയത് ഉദാഹരണം. Gerard Martín, Sergi Domínguez അടക്കമുള്ള ലാമാസിയക്കാർക്ക് അരങ്ങേറാനുള്ള അവസരം നൽകി. വലിയ പൈതൃകമുള്ള ലാമാസിയയുടെ വില കോച്ച് തിരിച്ചറിയുന്നതിൽ ക്ലബ് പ്രസിഡന്റായ ലാപോർട്ടെയും ഹാപ്പിയാണ്.
എതിരാളികളുടെ മേൽ സമ്മർദ്ദം തീർക്കുക എന്ന തന്ത്രമാണ് ബാഴ്സ ഏറ്റവും വിജയകരമാക്കി നടപ്പാക്കി വരുന്നത്. എതിരാളികളുടെ ഗോൾപോസ്റ്റിനടുത്തുനിന്നും പന്ത് പിടിച്ചെടുക്കുക എന്ന കോച്ചിന്റെ ആവശ്യം താരങ്ങൾ നടപ്പാക്കുന്നുണ്ട്. മുന്നേറ്റ താരങ്ങളായ റാഫീന്യയും ലാമീൻ യമാലുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
ഒരു കാലത്ത് ബാഴ്സയുടെ എഞ്ചിനായിരുന്നത് ഡിഫൻസീവ് മിഡ്‍ഫീൽഡറായിരുന്ന സെർജിയോ ബുസ്ക്വറ്റ്സായിരുന്നു. ബുസ്ക്വറ്റ്സിന്റെ കാലുകളിലൂടെയല്ലാതെ ഒരു മുന്നേറ്റമോ നീക്കമോ ബാഴ്സയിൽ സംഭവിക്കുകയെന്നത് അപൂർവമായിരുന്നു. ഏറെക്കാലത്തിന് ശേഷമുള്ള സേവനത്തിന് ശേഷം ബുസ്ക്വറ്റ്സ് ക്ലബ് വിട്ട് പോയതിന് ശേഷം ബാഴ്സ അന്വേഷിച്ചത് മറ്റൊരു ബുസ്ക്വറ്റ്സിനെയായിരുന്നു.പലരെയും ആ പൊസിഷനിൽ പരീക്ഷിച്ച് നോക്കിയെങ്കിലും ശരിയായില്ല. മാർട്ടിൻ സുബിമെൻഡിയും അമാദു ഒനാാനയും അടക്കമുള്ളവരെ കൊണ്ടുവരാനും നോക്കി. മുൻ കോച്ചായ ചാവി നേരിട്ട ഏറ്റവും പ്രധാന പ്രശ്നവും ഇതുതന്നെയായിരുന്നു. എന്നാൽ ഒന്നും നടക്കുന്നില്ലെന്ന് കണ്ടതോടെ ഫ്ലിക്ക് ഡിഫൻസീവ് മിഡ്ഫീഡറുടെ ആ റോൾ തന്നെ പൊളിച്ചുപണിയുന്നതാണ് നാം കാണുന്നത്. മുൻ നിര താരങ്ങൾ ഹൈ പ്രഷർ രീതി സ്വീകരിക്കുന്നത് കൊണ്ടുതന്നെ ഡിഫൻസീവിൽ അധികഭാരം വരുന്നില്ല. ചുമതലകൾ ഒരാളിൽ മാത്രം ഒതുക്കാതെ ഡിഫൻസീസ് മിഡ് ഫീൽഡറുടെ പണി വീതിച്ചുകൊടുക്കുന്നതാണ് നാം കാണുന്നത്.
ലാലിഗ സീസൺ തുടങ്ങിയിട്ടേയുള്ളൂ. എൽ ക്ലാസികോയും ചാമ്പ്യൻസ് ലീഗും അടക്കമുള്ള യഥാർത്ഥ പരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും ബാഴ്സയിൽ നിന്നും നമ്മൾ കേൾക്കുന്നതെല്ലാം ശുഭവാർത്തകളാണ്.