അടുത്ത ലക്ഷ്യം അസ്പിലിക്വെറ്റ; മാർക്കറ്റിൽ ബാഴ്‌സ വേറെ ലെവൽ

32-കാരനായ അസ്പിലിക്വെറ്റയ്ക്കു വേണ്ടി ബാഴ്‌സ 4 മുതൽ 5 വരെ മില്യൺ യൂറോ ആണ് ചെൽസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ

Update: 2022-07-20 10:03 GMT
Editor : André | By : Web Desk
Advertising

ഈ ട്രാൻസ്ഫർ സീസണിൽ ഫുട്‌ബോൾ ലോകം ഏറ്റവുമധികം ശ്രദ്ധിച്ച ട്രാൻസ്ഫറുകൾ നടത്തിയ ടീം ബാഴ്‌സലോണയാണ്. ബയേൺ മ്യൂണിക്കിൽ നിന്ന് വെറ്ററൻ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡവ്‌സ്‌കി, ചെൽസിയിൽ നിന്ന് പ്രതിരോധതാരം ആന്ദ്രേ ക്രിസ്റ്റെൻസൻ, ലീഡ്‌സ് യൂനൈറ്റഡിൽ നിന്ന് വിങ്ങർ റഫിഞ്ഞ, എ.സി മിലാൻ വിട്ട ഡിഫൻസീവ് മിഡ്ഫീൽഡർ ഫ്രാങ്ക് കെസ്സി എന്നിവരെ ഇതിനകം അവർ സ്വന്തം തട്ടകത്തിലെച്ചു കഴിഞ്ഞു. ഇതിനു പുറമെ, കരാർ പുതുക്കി ഉസ്മാൻ ഡെംബലെയെ നിലനിർത്തുക കൂടി ചെയ്തതോടെ അടുത്ത സീസണിൽ ഷാവിയുടെ സംഘം തീയായി മാറുമെന്നാണ് ആരാധകർ കരുതുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ക്ലബ്ബ് എങ്ങനെ ഇത്രയധികം ലോകോത്തര താരങ്ങളെ സ്വന്തമാക്കി എന്ന് ബയേൺ മ്യൂണിക്ക് കോച്ച് യുലിയൻ നഗൽസ്മാൻ അടക്കമുള്ളവർ അത്ഭുതം കൂറുമ്പോഴും, കളി ഇവിടെയൊന്നും നിർത്താൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കുകയാണ് ബാഴ്‌സ. ഇത്തവണ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയുടെ ക്യാപ്ടനെ തന്നെയാണ് അവർ നോട്ടമിട്ടിരിക്കുന്നത്. സ്പാനിഷ് താരം സെസാർ അസ്പിലിക്വെറ്റയെ സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങൾ മുൻ സ്പാനിഷ് ചാമ്പ്യന്മാർ ശക്തമായി നടത്തുന്നതായും ഇരുക്ലബ്ബുകളുടെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നതായും ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.

'സെസാർ അസ്പികിലിക്വെറ്റയുടെ കാര്യം ചർച്ച ചെയ്യുന്നതിനുള്ള പുതിയ റൗണ്ട് ചർച്ചകളിലാണ് ബാഴ്‌സലോണയും ചെൽസിയും. സംഭാഷണം വേഗത്തിലാക്കണമെന്നതാണ് ബാഴ്‌സയുടെ ആവശ്യം. 2024 വരെയുള്ള കരാർ വാഗ്ദാനം മാർച്ചിൽ തന്നെ ബാഴ്‌സ കൈമാറിയിട്ടുണ്ട്. ക്ലബ്ബിന്റെ തീരുമാനം കാത്തിരിക്കുകായണ് അസ്പിലിക്വെറ്റ.' - റൊമാനോയുടെ ട്വീറ്റ്

റൈറ്റ് ബാക്കായും ഫുൾബാക്കായും കളിക്കാൻ ശേഷിയുള്ള അസ്പിലിക്വെറ്റ 2012 മുതൽ ചെൽസിയിൽ അംഗമാണ്. താരമാണ്. പ്രതിരോധത്തിലും വലതുവശം വഴിയുള്ള ആക്രമണത്തിലും മികവ് തെളിയിച്ച താരം ചെൽസിക്കു വേണ്ടി 300 മത്സരം കളിച്ച നാലാമത്തെ മാത്രം താരമാണ്. കരാർ വ്യവസ്ഥ പ്രകാരം ഒരു സീസൺ കൂടി താരത്തിന് ചെൽസിയിൽ തുടരാം.

ക്ലബ്ബ് വിട്ട വെറ്ററൻ താരം ഡാനി ആൽവസിനു പകരക്കാരനായാണ് അസ്പിലിക്വെറ്റയെ ബാഴ്‌സ കാണുന്നത് എന്നാണ് സൂചന. ഇതേ പൊസിഷനിൽ കളിക്കുന്ന യുവതാരം സെർജിനോ ഡെസ്റ്റ് ക്ലബ്ബിൽ തുടരുമെന്ന് ദിവസങ്ങൾക്കു മുമ്പ് വ്യക്തമാക്കിയിരുന്നു. അസ്പിലിക്വെറ്റയുടെ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ ഫസ്റ്റ് ഇലവനിൽ ഡെസ്റ്റിന്റെ അവസരം കുറയാനാണ് സാധ്യത. യു.എസ് താരമായ ഡെസ്റ്റിന് ഇടതുവിങ്ങിലും കളിച്ചു പരിചയമുണ്ട്.

32-കാരനായ അസ്പിലിക്വെറ്റയ്ക്കു വേണ്ടി ബാഴ്‌സ 4 മുതൽ 5 വരെ മില്യൺ യൂറോ ആണ് ചെൽസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. സെവിയ്യയുടെ ഫ്രഞ്ച് പ്രതിരോധ താരം യൂൾ കുണ്ടെയ്ക്കു വേണ്ടി ശ്രമങ്ങൾ നടത്തുന്ന ചെൽസി, അത് യാഥാർത്ഥ്യമായാലേ അസ്പിലിക്വെറ്റയെ വിട്ടുനൽകാൻ സാധ്യതയുള്ളൂ എന്നാണ് ഫുട്‌ബോൾ വൃത്തങ്ങളിലെ വാർത്തകൾ. കുണ്ടെയ്ക്കു വേണ്ടി 50 മില്യൺ യൂറോ ആണ് ചെൽസി സെവിയ്യയ്ക്ക് ഓഫർ വെച്ചത്. കുണ്ടെയിൽ ബാഴ്‌സയ്ക്കും താൽപര്യമുണ്ടെങ്കിലും 23 വയസ്സുള്ള താരത്തെ സ്വന്തമാക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കില്ലെന്ന സ്ഥിതിയാണ്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News