ക്യാമ്പ് നൗവിൽ മെസ്സി തരം​ഗം; 'മെസ്സി.. മെസ്സി' വിളികളുമായി ബാഴ്‌സ ആരാധകർ

മെസ്സി ഉണ്ടായിരുന്നെങ്കിൽ എന്ന് ബാഴ്സ ആരാധകർ ചിന്തിച്ച ദിവസമായിരിക്കും ഇന്നലെ

Update: 2023-04-06 11:00 GMT
Advertising

എൽ ക്ലാസിക്കോയ്ക്കിടെ മെസ്സിയുടെ പേര് ചാന്റ് ചെയ്ത് ബാഴ്‌സലോണ ആരാധകർ. കോപ്പ ഡെൽ റേ സെമി ഫൈനൽ മത്സരത്തിന്റെ പത്താം മിനുറ്റിലാണ് ആരാധകർ "മെസ്സി മെസ്സി" എന്ന് വിളിച്ച് ​ഗ്യാലറിയിൽ ആർത്തിരമ്പിയത്. മെസ്സി പി.എസ്.ജി വിട്ട് അടുത്ത സീസണിൽ ബാഴ്സണലോയിലേക്ക് മടങ്ങുമെന്ന വാർത്തകൾക്കിടയിലാണ് ആരാധകരുടെ ഇത്തരം ഒരു സ്നേഹ പ്രകടനം. കഴിഞ്ഞ ദിവസം റെന്നെസുമായുളള മത്സരത്തിൽ പി.എസ്.ജി ആരാധകർ മെസ്സിയെ കൂക്കി വിളിച്ചിരുന്നു. മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സലോണ പുതിയ സ്പോൺസർമാരെ തേടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഫയർ പ്ലേ ശരിയാകാൻ വേണ്ടി കാത്തിരിക്കുന്നത് കൊണ്ടാണ് ക്ലബ്ബ് ഔദ്യാഗികമായി മെസ്സിക്കായി ബിഡ് സമർപ്പിക്കാൻ വൈകുന്നത്.

അയാളുടെ വരവിനായി ആ ജനത കാത്തിരിക്കുന്നു. അവരുടെ സ്വപ്നങ്ങൾ നേടി കൊടുത്ത നായകനാകുമ്പോൾ അയാളുടെ തിരിച്ചു വരവിനായി അവർ ആരവങ്ങളോടെ പേര് ചൊല്ലി വിളിക്കുന്നത് സ്വാഭാവികമാണ്. പത്ത് ലാലി​ഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് കിരീടങ്ങളും ഉൾപ്പെടെ 34- ട്രോഫികൾ മെസ്സി ബാഴ്സക്കായി നേടി കൊടുത്തു. 2021- ലാണ് താരം ബാഴ്സലോണ വിട്ട് പി.എസ്.ജിയിൽ ചേർന്നത്.

ഇന്നലെ നടന്ന കോപ്പ ഡെൽ റേ സെമി ഫൈനലിൽ മെസ്സി ഉണ്ടായിരുന്നെങ്കിൽ എന്ന് ബാഴ്സ ആരാധകർ ചിന്തിച്ച ദിവസമായിരിക്കും. ആദ്യ പാദ മത്സരത്തിലെ ഒരു ​ഗോൾ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയിട്ടും സ്വന്തം തട്ടകത്തിൽ ഒരു ​ഗോൾ പോലും തിരിച്ചടിക്കാൻ കഴിയാതെ നാലു ​ഗോളിന്റെ നാണംകെട്ട തോൽവിയാണ് ടീം ഏറ്റു വാങ്ങിയത്. മാ‍ഡ്രിടിനായി കരീം ബെൻസേമ ഹാട്രിക് നേടി. 1963-ൽ ഫെറൻക് പുസ്‌കാസിന് ശേഷം ക്യാമ്പ് നൗൽ ഹാട്രിക് നേടുന്ന ആദ്യ റയൽ മാഡ്രിഡ് താരം കൂടിയാണ് ബെൻസേമ.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News