'മെസിയെ തിരികെ എത്തിക്കാൻ ആവുന്നതെല്ലാം ചെയ്യും'- ബാഴ്‌സ പ്രസിഡന്റ് ജോൺ ലപോർട്ട
ലാലീഗ കിരീടത്തിൽ വീണ്ടും മുത്തമിട്ട് ബാഴ്‌ലസലോണ, ചെറിയ ഇടവേളക്ക് ശേഷമാണ് ബാഴ്‌സ ലാലീഗ സ്വന്തമാക്കുന്നത്
പിഎസ്ജിയിൽ നിന്ന് ലയണൽ മെസ്സിയെ ബാഴ്സലോണയിലേക്ക് തിരികെ കൊണ്ടുവരാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട. മെസി പിഎസ്ജി വിടാൻ തീരുമാനിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെയാണിത്. മെസ്സിയെ ഹൃദയത്തോട് ചേർത്തുപിടിച്ച ബാഴ്സലോണ ആരാധകർക്കിടയിൽ ഈ പ്രഖ്യാപനം ആവേശം ഉയർത്തിയിട്ടുണ്ട്. മെസിയുടെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവ് വാർത്തകൾ അന്തരീക്ഷത്തിൽ സജീവമാണെങ്കിലും ബാഴ്സലോണയ്ക്ക് കരാർ സാധ്യമാക്കാൻ കഴിയുമോ എന്ന് വ്യക്തമല്ല.
അടുത്ത സീസണിലെ ടീമിനെക്കുറിച്ച് തങ്ങൾ ഇതിനകം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിലുള്ളതിനേക്കാൾ കരുത്തുള്ള ഒരു ടീം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും ബാഴ്‌സ പ്രസിഡന്റ് പറഞ്ഞു. സ്‌പെയിനിൽ ലീഗ് ജേതാക്കളായ ടീമിനും സാവിക്കും ലപ്പോർട്ട ആശംസകൾ നേർന്നു. ടീമിനെ വിജയത്തിലെത്തിക്കാൻ സാവിയുടെ പങ്ക് നിർണായകമായിരുന്നു. അദ്ദേഹം കളിക്കാരിൽ നിന്ന് മികച്ച കളി പുറത്തെടുപ്പിക്കാൻ സഹായിച്ചു. വീണ്ടും പറയുന്നു. ഞങ്ങൾക്ക് മികച്ചൊരു പരിശീലകനുണ്ട്. അഭിനന്ദനങ്ങൾ സാവി.
അർജന്റീനിയൻ സൂപ്പർ താരം ബാഴ്സലോണയിൽ 17 വർഷമാണ് പന്തുതട്ടിയത്. ക്ലബ്ബിന്റെ മികച്ച സ്‌കോററായി മാറുകയും നാല് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികളും പത്ത് ലാലീഗ കിരീടങ്ങളും ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടുകയും ചെയ്തു. എന്നാൽ സാമ്പത്തിക ഞെരുക്കമായിരുന്നു മെസിക്ക് പുതിയ കരാർ നൽകുന്നതിൽ നിന്ന് ബാഴ്‌സയെ തടഞ്ഞത്. പിന്നീട് അദ്ദേഹം പിഎസ്ജിയിലെത്തുകയായിരുന്നു. നെയ്മറിനും എംബാപെയ്ക്കുമൊപ്പം മെസി മൈതാനങ്ങളെ സജീവമാക്കി. എന്നാൽ ബാഴ്‌സ പ്രസിഡന്റിന്റെ പുതിയ പ്രസ്താവന മെസി ബാഴ്‌സ ആരാധകർക്ക് ആവേശം നിറക്കുന്നതാണ്.
അതേസമയം, ലാലീഗ കിരീടത്തിൽ വീണ്ടും മുത്തമിട്ട് ബാഴ്‌ലസലോണ, ചെറിയ ഇടവേളക്ക് ശേഷമാണ് ബാഴ്‌സ ലാലീഗ സ്വന്തമാക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ ചിരവൈരികളായ എസ്പാന്യോളിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. റോബർട്ട് ലെവൻഡോവ്സ്‌കിയുടെ ഇരട്ട ഗോളുകളും അലെയാൺഡ്രോ ബാൾഡെ, യൂൾസ് കുൺഡെ എന്നിവരുടെ ഗോളുകളുമാണ് ബാഴ്സയ്ക്ക് തകർപ്പൻ ജയമൊരുക്കിയത്. എസ്പാന്യോളിനായി ജാവി പുവാഡോ, ജോസെലു എന്നിവർ ഗോൾ മടക്കി.നാല് റൗണ്ട് മത്സരങ്ങൾ ശേഷിക്കേ രണ്ടാമതുള്ള റയൽ മാഡ്രിഡിനേക്കാൾ 14 പോയന്റിന്റെ ലീഡ് നേടിയാണ് ബാഴ്സ തങ്ങളുടെ 27-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. പരിശീലകനെന്ന നിലയിൽ സാവി ഹെർണാണ്ടസിന്റെ ആദ്യ ലീഗ് കിരീടമാണിത്.