സ്‌പെയിനിന് പുതിയ രാജാക്കന്മാർ; ബാഴ്‌സ ലാലീഗയിൽ മുത്തമിടുന്നത് നാല് വർഷത്തിന് ശേഷം

2018ന് ശേഷമുള്ള ബാഴ്‌സയുടെ ആദ്യ ലാലീഗ കിരീടനേട്ടമാണിത്, മെസി ടീം വിട്ടതിന് ശേഷമുള്ള ആദ്യത്തേതും

Update: 2023-05-15 05:08 GMT
Editor : abs | By : Web Desk
Advertising

ലാലിഗ കിരീടത്തിൽ വീണ്ടും മുത്തമിട്ട് ബാഴ്‌ലസലോണ, ചെറിയ ഇടവേളക്ക് ശേഷമാണ് ബാഴ്‌സ ലാലിഗ സ്വന്തമാക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ ചിരവൈരികളായ എസ്പാന്യോളിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. റോബർട്ട് ലെവൻഡോവ്സ്‌കിയുടെ ഇരട്ട ഗോളുകളും അലെയാൺഡ്രോ ബാൾഡെ, യൂൾസ് കുൺഡെ എന്നിവരുടെ ഗോളുകളുമാണ് ബാഴ്സയ്ക്ക് തകർപ്പൻ ജയമൊരുക്കിയത്. എസ്പാന്യോളിനായി ജാവി പുവാഡോ, ജോസെലു എന്നിവർ ഗോൾ മടക്കി.

നാല് റൗണ്ട് മത്സരങ്ങൾ ശേഷിക്കേ രണ്ടാമതുള്ള റയൽ മാഡ്രിഡിനേക്കാൾ 14 പോയന്റിന്റെ ലീഡ് നേടിയാണ് ബാഴ്സ തങ്ങളുടെ 27-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. പരിശീലകനെന്ന നിലയിൽ സാവി ഹെർണാണ്ടസിന്റെ ആദ്യ ലീഗ് കിരീടമാണിത്.

മത്സരം പൂർണമായും ബാഴ്‌സയുടെ കയ്യിലായിരുന്നു. ആദ്യപകുതിയിൽ തന്നെ എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയത് മൂന്ന് ഗോളുകളായിരുന്നു. 11-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്‌കിയാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. അതുകൊണ്ട് നിർത്തിയില്ല. 20-ാം മിനിറ്റിൽ അലഹാൻഡ്രോ ബാൽഡേ ബാഴ്‌സയ്ക്കായി വല കുലുക്കി. കുറച്ചു നേരത്തേക്ക് ഗോൾ അകന്നുനിന്നു നിന്നെങ്കിലും ആദ്യപകുതി അവസാനിക്കുമ്പോൾ മിനിറ്റുകൾ ശേഷിക്കെ ലെവയുടെ പ്രഹരശേഷിയിൽ 40-ാം മിനിറ്റിൽ വീണ്ടും ബാഴ്‌സ. എന്നാൽ 73- ാം മിനിറ്റിൽ ഹാവി പുവാഡോ എസ്പാന്യോക്കായി ആശ്വാസ ഗോൾ നേടി. രണ്ടാം പകുതിയുടെ തുക്കത്തിൽ തന്നെ ജൂൾ കുണ്ടേയും ഗോൾ കണ്ടെത്തിയതോടെ ബാഴ്‌സ ഗോൾ വേട്ട അവസാനിപ്പിച്ചു. എക്സ്ട്രാ ടൈമിൽ ഹോസെലുവും എസ്പാന്യോളിനായി രണ്ടാം ഗോൾ നേടി. മെയ് 21നാണ് ബാഴ്സയുടെ അടുത്ത മത്സരം. സ്വന്തം തട്ടകത്തിൽ റയൽ സോസിഡാഡിനെയാണ് നേരിടാനുള്ളത്.

ജയത്തോടെ ബാഴ്‌സലോണക്ക് 34 മത്സരങ്ങളിൽ നിന്ന് 85 പോയിന്റിൽ എത്തിയിരുന്നു. രണ്ടാംസ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 34 മത്സരങ്ങളിൽ നിന്ന് 71 പോയിന്റും. റയൽ മാഡ്രിഡിന് ഈ സീസൺ അവശേഷിക്കുന്ന നാലു മത്സരങ്ങളും ജയിച്ചാൽ 83 പോയിന്റിലേ ലഭിക്കൂ. അതുകൊണ്ട് തന്നെ ഈ വിജയം ബാഴ്‌സക്ക് കിരീടം ഉറപ്പിക്കുന്നു.

അവസാനമായി 2018-19 സീസണിലാണ് ബാഴ്‌സലോണ ലാലിഗ കിരീടം നേടിയത്. ബാഴ്‌സലോണക്ക് ഇത് 27ആം ലീഗ് കിരീടമാണ്. 35 ലാലിഗ കിരീടങ്ങളുള്ള റയലാണ് കിരീടത്തിന്റെ എണ്ണത്തിൽ മുന്നിൽ.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News