ആരോഗ്യസ്ഥിതി ആശങ്കാജനകം; സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിക്കും?
ഡിപോർറ്റീവോ അലാവസുമായി നടന്ന മത്സരം നാൽപതു മിനുട്ട് പിന്നിട്ടപ്പോഴാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂലം അഗ്യൂറോ കളിക്കളം വിടുന്നത്
ബാഴ്സലോണയുടെ അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. അഗ്യൂറോയ്ക്ക് ഗുരുതരമായ ഹൃദ്രോഗമാണെന്നും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച് കാറ്റലോണിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
33കാരനായ താരത്തിന് മൂന്ന് മാസത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്ന് ബാഴ്സലോണ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഡിപോർറ്റീവോ അലാവസുമായി നടന്ന മത്സരം നാൽപതു മിനുട്ട് പിന്നിട്ടപ്പോഴാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂലം അഗ്യൂറോ കളിക്കളം വിടുന്നത്. അതിനു ശേഷം ആശുപത്രിയിലെത്തിച്ച താരത്തിനു നടത്തിയ പരിശോധനകളിൽ ഹൃദയമിടിപ്പിനു വ്യതിയാനം സംഭവിക്കുന്ന അസുഖമുണ്ടെന്നു തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ അടുത്ത മൂന്ന് മാസത്തേക്ക് അഗ്യൂറോ കളിക്കളത്തിലുണ്ടാവില്ലെന്ന് പ്രസ്താവന ബാഴ്സലോണ പുറത്തിറക്കിയിരിക്കുന്നു. പിന്നീട് തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയറിയിച്ച് അഗ്യൂറോ രംഗത്തെത്തിയിരുന്നു. പിന്നീടു നടത്തിയ വിദഗ്‌ദ പരിശോധനകളുടെ ഫലം ഇപ്പോൾ പുറത്തു വന്നതിനെ അടിസ്ഥാനമാക്കിയാണ് കാറ്റലോണിയ റേഡിയോ ഇക്കാര്യം റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്.
The tests carried out on Sergio Agüero are very negative. The possibility that he may not play football again is present. [cat radio] pic.twitter.com/0Fq1czuyaE
— barcacentre (@barcacentre) November 12, 2021
അഗ്യൂറോ ബാഴ്‌സലോണക്ക് വേണ്ടി ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇറങ്ങിയ മത്സരത്തിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. താരം ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യമാണെങ്കിൽ ലോകകപ്പില്‍ അർജന്റീനക്കും ഈ സീസണിൽ ബാഴ്‌സലോണക്കും കനത്ത തിരിച്ചടിയായിരിക്കും.