'മിസ്റ്റ്യാനോ പെനാൾഡോ'; പെനാൽറ്റി നഷ്ടപ്പെടുത്തിയ ക്രിസ്റ്റ്യാനോയെ പരിഹസിച്ച് ബി.ബി.സി
മാനക്കേട് എന്നാണ് ചെൽസി മുൻ നായകൻ ജോൺ ടെറി പ്രതികരിച്ചത്
ഫ്രാങ്ക്ഫർട്ട്: യൂറോ കപ്പിൽ സ്ലൊവേനിയയ്‌ക്കെതിരെ പെനാൽറ്റി പാഴാക്കിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയെ പരിഹസിച്ച് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി. ലൈവ് റിപ്പോർട്ടിങ്ങിനിടെ മിസ്റ്റ്യാനോ പെനാൾഡോ എന്ന് ബി.ബി.സി എഴുതിക്കാണിച്ചതാണ് വിവാദമായത്.
പ്രീ ക്വാർട്ടറിൽ അധികസമയത്ത് 103-ാം മിനിറ്റിലായിരുന്നു നിർണായക പെനാൽറ്റി. ബോക്‌സിൽ ഡയാഗോ ജോട്ടയെ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ക്രിസ്റ്റ്യാനോ എടുത്ത തകർപ്പൻ കിക്ക് മികച്ച സേവിലൂടെ എതിർ ഗോൾകീപ്പർ ജാൻ ഒബ്ലാക് തട്ടിയകറ്റുകയായിരുന്നു. പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ റോണോ ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞു.
അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചപ്പോൾ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പോർച്ചുഗലിന്റെ ആദ്യ കിക്കെടുത്ത റൊണോൾഡോ പന്ത് വലയിലെത്തിക്കുകയും ചെയ്തു. സ്ലൊവേനിയയുടെ മൂന്നു കിക്കും തടുത്തിട്ട കീപ്പർ ഡിയാഗോ കോസ്റ്റയായിരുന്നു പോർച്ചുഗലിന്റെ ഹീറോ.
'ബി.ബി.സി ഇത് മാനക്കേട്' എന്നാണ് മുൻ ചെൽസി നായകൻ ജോൺ ടെറി ഇതോട് പ്രതികരിച്ചത്. ഇത്രയും മോശം സംപ്രേഷണം 17 വർഷത്തെ പ്രൊഫഷണൽ കരിയറിൽ കണ്ടിട്ടില്ല എന്നായിരുന്നു മാധ്യമപ്രവർത്തകൻ ഫൈസൽ പ്രതികരിച്ചത്. 'ഹാരി കെയ്ൻ ഫ്രാൻസിനെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ ഇതെവിടെയായിരുന്നു? മെസ്സി ചിലെക്കെതിരെ മിസ്സാക്കിയപ്പോൾ എവിടെയായിരുന്നു? ഇത് നിരന്തര വിദ്വേഷമാണ്. നിർത്തേണ്ടതാണ്. ബിബിസി മാപ്പു പറയുമെന്ന് പ്രതീക്ഷിക്കുന്നു'- അദ്ദേഹം കുറിച്ചു. സംഭവത്തിൽ ബിബിസി പ്രതികരിച്ചിട്ടില്ല.
ക്വാർട്ടറിൽ കിലിയൻ എംബാപ്പെയുടെ ഫ്രാൻസാണ് പോർച്ചുഗലിന്റെ എതിരാളികൾ.