ടീമിൽ വൻമാറ്റങ്ങളുണ്ടാകുമെന്ന് ബാഴ്‌സ പ്രസിഡണ്ട്; മെസിയുടെ കാര്യത്തിൽ അവ്യക്തത

17-ാം വയസ്സുമുതൽ സീനിയർ ടീമിന്റെ ഭാഗമായ മെസിയെ നിലനിർത്തുക എന്നതിനാണ് ബാഴ്‌സ പ്രസിഡണ്ട് ജോൺ ലാപോർട്ട പ്രഥമ പരിഗണന നൽകുന്നത്. എന്നാല്‍ സൂപ്പര്‍ താരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റി ശക്തമായി രംഗത്തുണ്ട്

Update: 2021-05-19 07:05 GMT
Editor : André
Advertising

2021-22 സീസണിൽ ബാഴ്‌സലോണ കളിക്കാനിറങ്ങുന്ന വൻ അഴിച്ചുപണികളോടെയായിരിക്കുമെന്ന പ്രഖ്യാപനവുമായി ക്ലബ്ബ് പ്രസിഡണ്ട് ജോൺ ലാപോർട്ട. ടീമിന്റെ രീതികളിൽ മാറ്റവും ശരിയായ പുനർനിർമാണവും അനിവാര്യമാണെന്നും അടുത്തയാഴ്ച മുതൽ ആ ജോലി ആരംഭിക്കുമെന്നും ലാപോർട്ട പറഞ്ഞു. അതിനിടെ, അടുത്ത മാസത്തോടെ കരാർ അവസാനിക്കുന്ന സൂപ്പർ താരം ലയണൽ മെസിക്കു വേണ്ടിയുള്ള ശ്രമം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി ആരംഭിച്ചു. ബൊറുഷ്യ ഡോട്മുണ്ടിന്റെ യുവതാരം എർവിങ് ഹാലാണ്ടിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ബാഴ്‌സ പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ തന്നെ പുറത്താവുകയും ലാലിഗ കിരീടം നേടാൻ കഴിയില്ലെന്നുറപ്പാവുകയും ചെയ്തതോടെയാണ് ബാഴ്‌സലോണയിൽ വലിയ അഴിച്ചുപണി വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. മികച്ച കളിക്കാരെ എത്തിക്കണമെന്നും കോച്ച് റൊണാൾഡ് കൂമനെ മാറ്റണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. സ്പാനിഷ് കിങ്‌സ് കപ്പ് (കോപ ദെൽ റേ) മാത്രമാണ് ഈ സീസണിൽ ബാഴ്‌സയക്ക് ആശ്വസിക്കാനുള്ള കിരീടനേട്ടം.

'കളിയും മത്സരഫലങ്ങളും വിലയിരുത്തി സീസൺ അവസാനത്തിൽ ടീമിനെ വിലയിരുത്തുമെന്ന് ഞാൻ പറഞ്ഞിരുന്നു. കോപ ദെൽ റേ നമ്മൾ നേടി, ഈ വിജയത്തിൽ നമുക്ക് അഭിമാനവുമുണ്ട്. പക്ഷേ, ചാമ്പ്യൻസ് ലീഗിൽ നിന്ന് നമ്മൾ നേരത്തെ തന്നെ പുറത്തായി. ലീഗ് എന്റെ കാഴ്ചപ്പാടിൽ, ദുർഗ്രഹമാംവിധം നഷ്ടപ്പെട്ടു. അടുത്തയാഴ്ച മുതൽ പുതിയ ചില തീരുമാനങ്ങളുടെ പരമ്പര തന്നെ നിങ്ങൾക്കു കാണാം. ചാമ്പ്യൻസ് ലീഗും ലാലിഗയും ജയിക്കാൻ കഴിയുന്ന ഒരു മത്സരാധിഷ്ഠിതമായ ടീം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. അതിന് കഠിനാധ്വാനം ചെയ്യണം. തുടർന്നുപോരുന്ന കരാർ പുതുക്കൽ രീതി അവസാനിപ്പിക്കണം എന്നു ഞാൻ പറയുമ്പോൾ അത് ആവശ്യമാണെന്നു തന്നെയാണ് നമ്മൾ കരുതുന്നത്.' - ലാപോർട്ട പറഞ്ഞു.

മെസി നിൽക്കുമോ പോകുമോ?

കാര്യമായ നേട്ടങ്ങളില്ലാതെ സീസൺ അവസാനിച്ചതോടെ സൂപ്പർ താരം ലയണൽ മെസി ക്ലബ്ബിൽ തുടരുമോ എന്നതാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്ന കാര്യം. 29 ഗോളുമായി ലീഗ് ടോപ് സ്‌കോററായെങ്കിലും ടീം വേണ്ടത്ര മികവോടെ കളിക്കാത്തതിൽ മെസി അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണൊടുവിൽ ബാഴ്‌സ വിടാൻ താൽപര്യം പ്രകടിപ്പിച്ച താരത്തെ, സാങ്കേതികതയുടെ ബലത്തിലാണ് മുൻ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യു ടീമിൽ പിടിച്ചുനിർത്തിയത്. ജൂൺ 30-ന് കരാർ അവസാനിക്കുന്നതോടെ അർജന്റീന താരത്തിനു മേൽ ഒരു സ്വാധീനവും ബാഴ്‌സക്കുണ്ടാവില്ല.

17-ാം വയസ്സുമുതൽ സീനിയർ ടീമിന്റെ ഭാഗമായ മെസിയെ നിലനിർത്തുക എന്നതിനാണ് ബാഴ്‌സ പ്രസിഡണ്ട് ജോൺ ലാപോർട്ട പ്രഥമ പരിഗണന നൽകുന്നത്. വർഷങ്ങളായി ടീമിന്റെ ഭാഗമായുള്ള പല പ്രമുഖരെയും വിറ്റൊഴിക്കാൻ ബാഴ്‌സ ഒരുങ്ങുന്നുണ്ടെങ്കിലും മെസിയുടെ കരാർ എങ്ങനെയും പുതുക്കണമെന്നതാണ് മാനേജ്‌മെന്റിന്റെ താൽപര്യം. ഇതു സംബന്ധിച്ച് മെസിയുമായി ക്ലബ്ബ് ചർച്ച ആരംഭിച്ചിട്ടുണ്ട്. സീസണിലെ അവസാന മത്സരം കഴിഞ്ഞ ശേഷമാവും കരാർ സംബന്ധിച്ചുള്ള ചർച്ചയ്ക്കായി ലാപോർട്ട മെസിയുമായി കൂടിക്കാഴ്ച നടത്തുക. മെസി തുടരുകയാണെങ്കിൽ ബൊറുഷ്യ ഡോട്മുണ്ടിന്റെ യുവതാരം എർവിൻ ഹാലണ്ടിനെ വൻതുക നൽകി സ്വന്തമാക്കേണ്ട ആവശ്യമില്ലെന്നും ബാഴ്‌സ മാനേജ്‌മെന്റ് തീരുമാനിച്ചതായി സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ട് ചെയ്തു.

അതേസമയം, കഴിഞ്ഞ സീസൺ അവസാനത്തിലെ പോലെ മെസിയെ ക്ലബ്ബിൽ പിടിച്ചുനിർത്തുക എന്നത് ബാഴ്‌സക്ക് എളുപ്പമാവില്ല. ഇത്തവണയും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി മെസിക്കു വേണ്ടി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിറ്റിയിൽ ചേരാൻ മെസിക്ക് താൽപര്യമുണ്ടെന്നും താരം ആവശ്യപ്പെടുന്ന റെക്കോർഡ് വേതനം നൽകാൻ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് തയ്യാറായാൽ അടുത്ത സീസണിൽ അർജന്റീനാ താരത്തെ ആകാശനീലക്കുപ്പായത്തിൽ കാണാമെന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രീ ഏജന്റാവുന്ന മെസി 25 ദശലക്ഷം പൗണ്ട് (260 കോടി രൂപ) ആണ് ഒരു വർഷത്തെ പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഒരു വർഷത്തേക്ക് മാത്രമായിരിക്കും കരാറെന്നും പുതുക്കുന്ന കാര്യം സീസൺ ഒടുവിൽ തീരുമാനിക്കുമെന്നുമാണ് മെസിയുടെ വ്യവസ്ഥകൾ.

Also Read:ലാലിഗ കിരീടമില്ലാതെ ബാഴ്‌സ; 'ശകുനപ്പിഴ'യായത് മെസിയുടെ അത്താഴമോ?


Tags:    

Editor - André

contributor

Similar News