ബ്ലാസ്റ്റേഴ്‌സിനെ വിലക്കില്ല, കനത്ത പിഴവരും: അന്ന് എഫ്.സി ഗോവക്ക് സംഭവിച്ചത്...
ഐ.എസ്.എല്ലിന്റെ ജീവനാഡിയായ ബ്ലാസ്റ്റേഴ്‌സിനെ വിലക്കുന്നത് ടൂർണമെന്റിന് തന്നെ ക്ഷീണമാകും എന്നാണ് വിലയിരുത്തൽ
കൊച്ചി: വിവാദ ഗോളിന് പിന്നാലെ മത്സരം പൂർത്തിയാക്കാതെ കളംവിട്ട കേരളബ്ലാസ്റ്റേഴ്‌സിനെതിരെ എന്ത് നടപടി വരും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്‌സിനെ വിലക്കിയേക്കില്ല എന്നാണ് ശക്തമായ അഭിപ്രായം. ഐ.എസ്.എല്ലിന്റെ ജീവനാഡിയായ ബ്ലാസ്റ്റേഴ്‌സിനെ വിലക്കുന്നത് ടൂർണമെന്റിന് തന്നെ ക്ഷീണമാകും എന്നാണ് വിലയിരുത്തൽ. എ.ഐ.എഫ്.എഫ്(ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍) അച്ചടക്കസമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുക്കേണ്ടത്.
വർഷങ്ങൾക്ക് മുമ്പും സമാനമായ അവസ്ഥയിലൂടെ എഫ്.സി ഗോവ കടന്നുപോയിരുന്നു. 2015ലെ ഫൈനലില്‍ ചെന്നൈയിനോട് തോറ്റ ഗോവ, സമ്മാനദാനചടങ്ങിൽ പങ്കെടുക്കാതെ കളംവിടുകയായിരുന്നു. തുടർന്നായിരുന്നു ഫുട്‌ബോൾ ഫെഡറേഷൻ എഫ്.സി ഗോവക്കെതിരെ അച്ചടക്ക വാളെടുത്തത്. കനത്ത പിഴയാണ് അന്ന് എഫ്.സി ഗോവക്കെതിരെ ചുമത്തിയിരുന്നത്. പതിനൊന്ന് കോടിക്ക് പുറമെ ക്ലബ്ബ് ഉടമകൾക്ക് ഏതാനും സീസണിൽ വിലക്കും ഏർപ്പെടുത്തി. എ.ഐ.എഫ്.എഫ് 50 ലക്ഷവും ഐ.എസ്.എൽ അധികൃതര്‍ പതിനൊന്ന് കോടിയുമാണ് പിഴയിട്ടത്.
അടുത്ത സീസണിൽ ഗോവയുടെ പോയിന്റുകൾ കുറയ്ക്കാനായിരുന്നു ഐ.എസ്.എല്‍ സംഘാടകര്‍ ആദ്യം തീരുമാനിച്ചിരുന്നത്. തൊട്ടടുത്ത വർഷം ഗോവയുടെ പോയിന്റുകൾ ആരംഭിക്കുക മൈനസ് പോയിന്റുകളിൽ നിന്നായിരിക്കും. ഇങ്ങനെ പതിനഞ്ച് പോയിന്റുകള്‍ കുറയണമായിരുന്നു. ഇതിലെ അപകടം മണത്ത ഗോവ, പോയിന്റുകള്‍ വെട്ടിക്കുറക്കുകയാണെങ്കില്‍ കളിക്കാനുണ്ടാവില്ലെന്ന് വ്യക്തമാക്കി. ഇതോടെ അധികൃതര്‍ മയപ്പെട്ടു. അന്ന് എട്ട് ക്ലബ്ബുകളായിരുന്നു ടൂര്‍ണമെന്റില്‍ മത്സരിച്ചിരുന്നത്. അന്ന് ഗാേവ പിന്മാറിയാല്‍ ടൂര്‍ണമെന്റിനെത്തന്നെ ബാധിക്കുമെന്ന് കണ്ടാണ് അധികൃതര്‍ മയപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതുപോലൊരു സാഹചര്യമാണ് വീണ്ടും സംഘാടകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ചെയ്തത് ഗുരുതര കുറ്റവും. എട്ടിൽ നിന്ന് ടീമുകളുടെ എണ്ണം പതിനൊന്നായി ഉയർന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനെ വിലക്കുകയോ അല്ലെങ്കില്‍ അവർ കടുത്ത തീരുമാനം എടുക്കുകയോ ചെയ്താൽ ഐ.എസ്.എൽ നടക്കുന്നുണ്ടോ എന്ന് പോലും പലരും അറിയാത്ത സാഹചര്യമുണ്ടാകും. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിക്കുന്ന ഓളം അത്രത്തോളമുണ്ട്. അതേസമയം ഐ.എസ്.എൽ ചുമത്തുന്ന ഏത് നടപടിക്കെതിരെയും അപ്പീൽപോകാൻ ക്ലബ്ബുകൾക്ക് അധികാരമുണ്ടാകും. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനം എന്താണെന്ന് വ്യക്തമല്ല. അച്ചടക്ക സമിതിയുടെ അറിയിപ്പിനായി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്.