എല്ലാം മറന്ന് ജയിച്ച് വരാൻ ബ്ലാസ്റ്റേഴ്‌സ്: സൂപ്പർകപ്പിൽ എതിരാളി ഐലീഗ് ചാമ്പ്യന്മാർ
ഐ ലീഗ് ജേതാക്കൾ എന്ന പരിവേഷവുമായി എത്തുന്ന പഞ്ചാബിനെ കീഴടക്കി മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്
കോഴിക്കോട്: ഹീറോ സൂപ്പർ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ ദിനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റേതടക്കം രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. രാത്രി എട്ടരക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിൻ്റെ മത്സരം.
ഐ.എസ്.എല്ലിൻ്റെ സംഭവ ബഹുലമായ ഒമ്പതാം സീസൺ കഴിഞ്ഞ് വീണ്ടും കളത്തിലിറങ്ങാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. വിവാദ ഗോളും അച്ചടക്ക നടപടി കഴിഞ്ഞതിന്റെ ക്ഷീണമെല്ലാം ബ്ലാസ്റ്റേഴ്സനുണ്ട്. ഇത്തവണ കോഴിക്കോടാണ് ആശാനെയും പിള്ളേരെയും കാത്തിരിക്കുന്നത്. എന്നാല്‍ ആശാന്‍ മറ്റൊരാളാണെന്ന് മാത്രം. റൗണ്ട്ഗ്ലാസ് പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
ഐ ലീഗ് ജേതാക്കൾ എന്ന പരിവേഷവുമായി എത്തുന്ന പഞ്ചാബിനെ കീഴടക്കി മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. വിലക്ക് നേരിടുന്ന പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനൊപ്പമുണ്ടാകില്ല. സഹപരിശീലകനായ ബൽജിയംകാരൻ ഫ്രാങ്ക് ഡ്യുവനാണ് ചുമതല. സൂപ്പർതാരം അഡ്രിയാൻ ലൂണയും ടീമിനൊപ്പമില്ല. ഗോവൻ പ്രതിരോധതാരം ജെസൽ കർണെയ്‌റോ ആണ് ടീമിനെ നയിക്കുക. 29 അംഗ ടീമിൽ 11 മലയാളി താരങ്ങളുണ്ട്. കെ പി രാഹുൽ, സഹൽ അബ്‌ദുൽ സമദ്, എം എസ് ശ്രീക്കുട്ടൻ, സചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ.
ഐ ലീഗ് ജേതാക്കളായ ടീമിലെ ഒട്ടുമിക്ക താരങ്ങളുമായാണ് പഞ്ചാബ് എത്തിയിട്ടുള്ളത്. ഏറെ പ്രതീക്ഷയോടെയും ശ്രദ്ധയോടെയുമാണ് സൂപ്പർകപ്പിന് ഇറങ്ങുന്നതെന്ന് പഞ്ചാബിന്റെ മുഖ്യ പരിശീലകൻ സ്റ്റൈക്കോസ് വെർഗെറ്റിസ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിനെ പൂട്ടാന്‍ തന്നെയാണ് പഞ്ചാബിന്റെയൊരുക്കം.
അതേസമയം ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ബംഗളുരു എഫ്.സി - ശ്രീനിധി ഡെക്കാനെ നേരിടും. വൈകീട്ട് അഞ്ച് മണിക്കാണ് ആദ്യ മത്സരം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് രണ്ടു മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങൾ രാത്രി എട്ട് മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോടും മലപ്പുറത്തുമായിട്ടാണ് സൂപ്പർ കപ്പിൻ്റെ മത്സരങ്ങൾ നടക്കുന്നത്.