വണ്ടര്‍ഗോളുമായി വാസ്ക്വെസ്; ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

20 മിനിറ്റോളം പത്ത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിനെ പിടിച്ചു കെട്ടാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായില്ല

Update: 2022-02-04 19:07 GMT
Advertising

20 മിനിറ്റോളം പത്ത് പേരായി ചുരുങ്ങിയിട്ടും ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ തകർത്തത്. മുന്നേറ്റ താരങ്ങളായ പെരേറ ഡയസും അൽവാരോ വാസ്‌ക്വെസുമാണ് ബ്ലാസ്റ്റേഴ്സിനായി സ്‌കോർ ചെയ്തത്.

83ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വെസ് നേടിയ വണ്ടർ ഗോളാണ് കളിയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. മധ്യവരക്കപ്പുറത്ത് 65 വാര അകലെ നിന്ന് വാസ്‌ക്വസ് പായിച്ച  ഷോട്ട് നോർത്ത് ഈസ്റ്റ് ഗോളിയേയും മറികടന്ന് വലതുളക്കുകയായിരുന്നു. ഐ.എസ്.എല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോളുകളുടെ പട്ടികയില്‍ വാസ്ക്വെസിന്‍റെ ഗോള്‍ ഇടംപിടിക്കുമെന്നുറപ്പാണ്. വാസ്ക്വെസ് തന്നെയാണ് കളിയിലെ താരം. 

ആദ്യ പകുതിയിൽ ഗോൾവലയെ ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും പായിക്കാൻ കഴിയാതിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 62ാം മിനിറ്റിൽ കബ്ര നീട്ടിനൽകിയ പന്തിനെ മനോഹരമായൊരു ഹെഡ്ഡറിലൂടെ ഗോൾവലയിലെത്തിച്ച പെരേറ ഡയസാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യം വലകുലുക്കിയത്. കളിയുടെ 70ാം മിനിറ്റിൽ മിഡ്ഫീൽഡർ ആയുഷ് അധികാരി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് 20 മിനിറ്റലധികം പത്തുപേരുമായി കളിച്ചാണ് കളിയവസാനിപ്പിച്ചത്.

പത്ത് പേരായി ചുരുങ്ങിയിട്ടും പ്രതിരോധത്തിലേക്ക് വലിയാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് തുടർച്ചയായ മുന്നേറ്റങ്ങളുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ മുഖം വിറപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെയൊരു മുന്നേറ്റമാണ്  83ാം മിനിറ്റിൽ ഗോളില്‍ കലാശിച്ചത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിയുടെ അവസാന മിനിറ്റിൽ മുഹമ്മദ് ഇർഷാദാണ് സ്‌കോർ ചെയ്തത്. ഈ ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 23 പോയിന്‍റുമായി ബ്ലാസ്‌റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News