'മഞ്ഞക്കുപ്പായക്കാരില്ലാതെ ലോകകപ്പില്ല', ഫുട്‌ബോളും സാംബാ താളവും
ഇതുവരെ നടന്ന 22 ഫുട്‌ബോൾ ലോകകപ്പ് പതിപ്പിലും യോഗ്യത നേടിയ ഒരേയൊരു ടീം കാനറികളെന്ന് വിളിപ്പേരുള്ള ബ്രസീലാണ്
ഖത്തറിലെ മൈതാനങ്ങളിൽ ലോകകപ്പ് ആവേശം ഉയരാൻ മാസങ്ങൾ മാത്രമാണുള്ളത്. ഇതിനോടകം 29 ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടിയത്. ബാക്കിയുള്ള 3 സ്ഥാനക്കാർ ആരൊക്കെയാണെന്ന് ജൂൺ 13 വരെ കാത്തിരിക്കണം.യൂറോകപ്പ് ചാമ്പ്യന്മാരൊക്കെ ഖത്തറിലേക്ക് ടിക്കറ്റ് കിട്ടാതെ തഴയപ്പെട്ടപ്പോൾ ഇതുവരെ നടന്ന 22 ഫുട്‌ബോൾ ലോകകപ്പ് പതിപ്പിലും യോഗ്യത നേടിയ ഒരേയൊരു ടീം കാനറികളെന്ന് വിളിപ്പേരുള്ള ബ്രസീലാണ്.
ലോകത്ത് ഏറ്റവും കൂടുതൽ ഫുട്‌ബോൾ ആരാധകരുള്ള രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ലാറ്റിനമേരിക്കയിലെ ഒരു രാജ്യം ലോകകപ്പിൽ പന്ത് തട്ടുമ്പോൾ ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികൾ ഉണ്ടാകണമെങ്കിൽ ഫുട്‌ബോൾ ഭൂപടത്തിൽ ബ്രസീലിന്റെ സ്ഥാനം അത്രയധികം വലുതാണ്.
അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയിൽ 1923 മുതൽ അംഗങ്ങളാണ് ബ്രസീൽ. 1954 മുതൽ ബ്രസീൽ അവരുടെ ജഴ്‌സി മാറ്റി ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന നാലു നിറങ്ങൾ ചേർന്ന മഞ്ഞ ജഴ്‌സി ഡിസൈൻ ചെയ്തു. അങ്ങനെയാണ് ബ്രസീലിനു മഞ്ഞപട എന്ന വിളിപ്പേര് ലഭിച്ചു. ഇതു ഡിസൈൻ ചെയ്തത് അൽദിർ ഗാർഷ്യ സ്ലി ആണ് പിന്നീട് ചെറിയ മാറ്റങ്ങളോടെ ഇപ്പോഴും ജഴ്‌സി തുടരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയികളായത് ബ്രസീലാണ്, അഞ്ച് തവണ. 1958, 1962, 1970, 1994, 2002 എന്നീ വർഷങ്ങളിലാണ് ബ്രസീൽ ലോകകപ്പ് നേടിയത്.
എഷ്യൻ ഭൂഖണ്ഡത്തിൽ ആദ്യമായി ലോകകപ്പ് എത്തിയപ്പോഴും ബ്രസീൽ കപ്പിൽ മുത്തമിട്ടു. 2002ലെ ദക്ഷിണ കൊറിയ ലോകകപ്പ് ഫൈനലിൽ ജർമനിയെ 20ത്തിന് പരാജയപ്പെടുത്തി. സാക്ഷാൽ റൊണാൾഡോ നിറഞ്ഞാടിയ വർഷം.ഇക്കുറിയും മഞ്ഞപ്പടയുടെ ആരാധകർ കാത്തിരിക്കുകയാണ് സ്വപ്നകപ്പിനായി.