മുൻ ബ്രസീൽ താരം റൊണാൾഡോയ്ക്ക് കോവിഡ്
താരത്തിന്റെ ആദ്യകാല ക്ലബ്ബായ ക്രുസെയ്റോയാണ് ഇക്കാര്യം അറിയിച്ചത്
മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ ആദ്യകാല ക്ലബ്ബായ ക്രുസെയ്റോയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും 45കാരനായ താരം നിലവില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ക്ലബ്ബ് ട്വീറ്റ് ചെയ്തു.
ക്ലബ്ബിന്റെ 101-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ താരം പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് രോഗവിവരമുള്ളത്. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും അടുത്തിടെ റൊണാള്‍ഡോ വാങ്ങിയിരുന്നു.
1993-ല്‍ 16-ാം വയസിലായിരുന്നു ക്രുസെയ്‌റോയ്ക്കായുള്ള റൊണാള്‍ഡോയുടെ അരങ്ങേറ്റം. 2002 ഫിഫ ലോകകപ്പിൽ മുത്തമിട്ട ബ്രസീലിയന്‍ ടീമില്‍ നിര്‍ണായക പങ്കുവഹിച്ച താരം മൂന്ന് തവണ ലോകത്തെ മികച്ച താരത്തിനുള്ള ഫിഫ പുരസ്‌കാരം നേടിയിട്ടുണ്ട്. 1997, 2002 വർഷങ്ങളിലെ ബാലൺ ഡി ഓർ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.
അതേസമയം, സൂപ്പര്‍ താരം ലയണല്‍ മെസ്സിയടക്കം നാല് പി.എസ്.ജി താരങ്ങൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പി.എസ്.ജി യുടെ ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ടീമിന്റെ അടുത്ത രണ്ട് മത്സരങ്ങളും ഈ നാല് താരങ്ങൾക്കും നഷ്ടമാവും. ഫ്രഞ്ച് ലീഗിലെ മറ്റൊരു ക്ലബ്ബായ മൊണോക്കെയിലെ ഏഴ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരികരിച്ച വാര്‍ത്ത കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു.