ലോകകപ്പ്: വെല്ലുവിളികളില്ലാത്ത ഗ്രൂപ്പിൽ ബ്രസീൽ
ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഡ്രോയിലാണ് കാനറിപ്പടയുടെ എതിരാളികൾ ആരൊക്കെയെന്ന് അറിവായത്
ദോഹ: ഖത്തർ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ അഞ്ചുവട്ടം ലോകചാമ്പ്യന്മാരായ ബ്രസീലിന് എതിരാളികൾ സ്വിറ്റ്‌സർലാന്റും സെർബിയയും കാമറൂണും. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഡ്രോയിലാണ് കാനറിപ്പടയുടെ എതിരാളികൾ ആരൊക്കെയെന്ന് അറിവായത്.
മാർച്ച് 31-ലെ ഫിഫ റാങ്കിങ്ങിൽ ബെൽജിയത്തെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ബ്രസീൽ, ആദ്യ പോട്ടിലാണ് ഇടം നേടിയത്. പോട്ട് രണ്ടിൽ നിന്ന് സ്വിറ്റ്‌സർലാന്റും മൂന്നാം പോട്ടിൽ നിന്ന് സെർബിയയും നാലാം പോട്ടിൽ നിന്ന് കാമറൂണും ഗ്രൂപ്പിലെത്തി.
ദക്ഷിണ അമേരിക്കൻ മേഖലയിലെ യോഗ്യതാ റൗണ്ടിൽ ചാമ്പ്യന്മാരായിട്ടായിരുന്നു ടിറ്റെ പരിശീലിപ്പിക്കുന്ന ബ്രസീലിന്റെ മുന്നേറ്റം. 17 മത്സരങ്ങൾ കളിച്ച അവർ 14 ജയവും ആറ് മൂന്ന് സമനിലയുമടക്കം 45 പോയിന്റ് നേടി. മേഖലയിലെ യോഗ്യതാ മത്സരങ്ങളിൽ ഏറ്റവുമധികം ഗോളടിച്ചതും (40) ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും (5) മഞ്ഞപ്പട തന്നെ.
21-ാം നൂറ്റാണ്ടിൽ ലോകകിരീടത്തിൽ മുത്തമിട്ട ഏക ദക്ഷിണ അമേരിക്കൻ രാജ്യമായ ബ്രസീൽ ഇത്തവണ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഏഷ്യയിലേക്ക് വിമാനം കയറുന്നത്. 2002-ൽ കാർലോസ് കഫു കപ്പുയർത്തിയതിനു ശേഷം കോൺഫെഡറേഷൻ കപ്പ്, കോപ അമേരിക്ക, ഒളിംപിക് സ്വർണ മെഡൽ എന്നിവ നേടിയെങ്കിലും ലോകകപ്പ് നേടാൻ കഴിയാത്തത് കാനറികൾക്ക് ക്ഷീണമാണ്.