ടിറ്റെയുടെ പിന്‍ഗാമി പെപ് ഗ്വാർഡിയോള? സർപ്രൈസ് നീക്കവുമായി ബ്രസീൽ

റയൽ മാഡ്രിഡ് കോച്ച് കാർലോ ആഞ്ചെലോട്ടിയും സെവില്ലയുടെ ജോർജ് സാംപോളിയുമെല്ലാം പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്

Update: 2022-12-13 12:38 GMT
Editor : Shaheer | By : Web Desk
Advertising

ബ്രസീലിയ: ക്വാർട്ടറിൽ ക്രൊയേഷ്യയ്‌ക്കെതിരായ ഞെട്ടിപ്പിക്കുന്ന തോൽവിക്കു പിന്നാലെ പടിയിറങ്ങിയ പരിശീലകൻ ടിറ്റെയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ബ്രസീൽ. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ കോച്ച് പെപ് ഗ്വാർഡിയോള അടക്കം പ്രമുഖരെ ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ(സി.ബി.എഫ്) നോട്ടമിടുന്നുണ്ടെന്ന് 'സ്‌കൈ സ്‌പോർട്‌സ്' റിപ്പോർട്ട് ചെയ്തു.

നിലവിൽ ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന പരിശീലകനായ പെപ് ഗ്വാർഡിയോളയെ സി.ബി.എഫ് പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസ് ബന്ധപ്പെടുമെന്നാണ് വിവരം. ലോകകപ്പിനുമുൻപ് തന്നെ പെപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ബ്രസീലിന്റെ ഇതിഹാസതാരം റൊണാൾഡോ സ്പാനിഷ് മാധ്യമമായ 'എസ്‌പോർട്‌സി'നോട് പറഞ്ഞത്. ബ്രസീൽ കിരീടം നേടിയാലും ഇല്ലെങ്കിലും പരിശീലകസ്ഥാനം ഒഴിയുമെന്ന് ടിറ്റെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പെപ്പിനെ കോച്ചായി കൊണ്ടുവരാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സിറ്റിയുമായുള്ള കരാർ പുതുക്കാനാണ് പെപ് തീരുമാനിച്ചതെന്നും റൊണാൾഡോ പറഞ്ഞു.

2016ൽ ബയേണില്‍നിന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായെത്തിയ പെപ് ഗ്വാർഡിയോള അടുത്തിടെയാണ് ക്ലബുമായുള്ള കരാർ പുതുക്കിയത്. 2025 നവംബറിലാണ് പുതുക്കിയ കരാർ കാലാവധി അവസാനിക്കുക. എന്നാൽ, വമ്പൻ തുക നൽകി ബ്രസീൽ അദ്ദേഹത്തെ കൊണ്ടുവരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ ഇതാദ്യമായാകും ഒരു വിദേശ കോച്ച് ബ്രസീൽ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.

പെപ്പിനു പുറമെ വേറെയും പ്രമുഖരെ ബ്രസീൽ നോട്ടമിടുന്നുണ്ട്. റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചെലോട്ടിയും സെവില്ലയുടെ ജോർജ് സാംപോളിയുമാണ് കൂട്ടത്തിൽ മുന്നിലുള്ളത്. സാവോപോളോയുടെ റോജെറിയോ സെനി, ബ്രസീൽ പരിശീലകനായ ഫെർനാൻഡോ ഡിനിസ് എന്നിവരും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുണ്ട്.

Summary: Brazil to target Manchester City boss Pep Guardiola as replacement for Tite as head coach: Reports

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News