പ്രീ സീസണിലെ നിരാശ ലീഗ് മത്സരങ്ങളിൽ മറികടക്കാൻ എൻഡ്രികിനാകുമോ; പ്രതീക്ഷയിൽ റയൽ ആരാധകർ

ബ്രസീൽ ക്ലബ് പാൽമിറാസിൽ നിന്ന് 35 മില്യൺ യൂറോക്കാണ് 18കാരനെ റയൽ കൂടാരത്തിലെത്തിച്ചത്.

Update: 2024-08-13 13:10 GMT
Editor : Sharafudheen TK | By : Sports Desk
Advertising

  തെരുവിൽ പന്തുതട്ടി ബ്രസീൽ ഫുട്ബോൾ സാമ്രാജ്യത്തിലേക്ക് കയറിവന്ന നിരവധി ഫുട്ബോൾ താരങ്ങളുണ്ട്. ഫുട്ബോൾ സിരകലിൽ അലിഞ്ഞുചേർന്ന ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റിയവർ. ഈ താരനിരയിലെ ഒടുവിലെ പേരുകാരനാണ് എൻഡ്രിക് ഫിലിപ്പ് മൊറേറ എന്ന എൻഡ്രിക്. 18 വയസ് മാത്രം പ്രായമുള്ള താരമിപ്പോൾ ഫുട്ബോളിൽ സ്വപ്ന യാത്രയിലാണ്. മാസങ്ങൾക്ക് മുൻപ് റയൽ മാഡ്രിഡിൽ ചേക്കേറിയ കൗമാരതാരമിപ്പോൾ ദേശീയ ടീമിലും അവിഭാജ്യഘടകമാണ്.



  നാലാം വയസിൽ ബ്രസീലിലെ തെരുവിൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ പയ്യൻ. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പ്രൊഫഷണൽ ഫുട്ബോളാണ് തന്റെ ജീവിതമെന്ന് തിരിച്ചറിഞ്ഞ കുഞ്ഞു എൻഡ്രികിന്റെ കഠിനാദ്ധ്വാനമാണ് മുന്നോട്ട് നയിച്ചത്. 11ാം വയസിൽ ബ്രസീലിലെ മുൻനിര ക്ലബ് പാൽമിറാസ് യൂത്ത് ടീമിലെത്തിയത് കരിയറിൽ വഴിത്തിരിവായി. യൂത്ത് ടീമിൽ 169 മത്സരങ്ങളിൽ നിന്നായി 165 ഗോളുകൾ അടിച്ചുകൂട്ടിയതോടെ വണ്ടർകിഡ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു തുടങ്ങി. പല യൂറോപ്യൻ ക്ലബുകളുടേയും റഡാറിലുള്ള താരമായിമാറി ഈ ബ്രസീലിയൻ. 2022ൽ പാൽമിറാസ് സീനിയർ ടീമിലേക്കുള്ള വിളിയെത്തി. ക്ലബ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടം കൈവരിച്ചു. ബ്രസീൽ സീരി എയിൽ ഗോൾനേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ കളിക്കാരനുമായി. ക്ലബിനൊപ്പമുള്ള രണ്ട് വർഷത്തിനിടെ 66 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. നേടിയത് 18 ഗോളുകൾ.  പ്രധാന ട്രോഫികളെല്ലാം എൻഡ്രിക് സ്വന്തമാക്കി. ബ്രസീലിയൻ ക്ലബിലെ ആ വണ്ടർ കിഡ് അങ്ങനെ യൂറോപ്യൻ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി.

റയൽ മാഡ്രിഡിന് മുൻപും ശേഷവും. എൻഡ്രിക് ഫുട്ബോളിൽ ഇനി അറിയപ്പെടുക ഈ ടാഗ് ലൈനിലാകും. തന്റെ സ്വപ്ന ക്ലബായ ലോസ് ബാംഗ്ലോസിലേക്കുള്ള ആദ്യ വരവിൽ വികാരാധീനനായാണ് താരം പ്രതികരിച്ചത്. താരത്തിന് പതിനെട്ട് വയസ് പൂർത്തിയായ തൊട്ടടുത്ത ദിവസമാണ് ആഘോഷപൂർവ്വം സാന്റിയാഗോ ബെർണാബ്യൂവിലേക്ക് സ്വാഗതം ചെയ്തത്. വിനീഷ്യസ് ജൂനിയറിനും റോഡ്രിഗോക്കുമൊപ്പം മുന്നേറ്റനിരക്ക് കരുത്തുപകരാൻ മറ്റൊരു ബ്രസീലിയൻ. കളത്തിലിറങ്ങും മുൻപെ എൻഡ്രിക് ഫുട്ബോൾ ലോകത്തെ വാർത്തകളിൽ നിറഞ്ഞു. എന്നാൽ അമിത പ്രതീക്ഷ പലപ്പോഴും ഈ യങ് പ്രതിഭയ്ക്ക് വലിയ ഭാരമായിരിക്കുകയാണ്. സമീപകാലത്തെ താരത്തിന്റെ പ്രകടനം വിരൽചൂണ്ടുന്നതും ഇതിലേക്കാണ്. ബ്രസീലിനൊപ്പം കോപ അമേരിക്കയിലും റയലിനൊപ്പമുള്ള പ്രീ സീസൺ മത്സരങ്ങളിലും പ്രതീക്ഷക്കൊത്തുയരാൻ 18 കാരനായില്ല. നിർണായക മത്സരത്തിൽ ഉറുഗ്വെയോട് തോറ്റ് കോപ്പയിൽ നിന്ന് കാനറിപട പുറത്തായി. സ്ട്രൈക്കറായി പ്രധാന ടൂർണമെന്റിൽ കളത്തിലിറങ്ങിയ എൻഡ്രികിന് പ്രതിഭയുടെ നിഴൽമാത്രമായി. കോപ്പക്ക് പിന്നാലെ റയലിനൊപ്പമുള്ള പ്രീ സീസണിലും അതിസമ്മർദ്ദം എൻഡ്രികിനെ വേട്ടയാടി. അതിവേഗ കുതിപ്പും ഡ്രിബ്ലിങ് പാടവും കൈമുതലായുള്ള താരം മൈതാനത്ത് പന്തുകിട്ടാതെ ഏകനായി നിൽക്കുന്ന ദയനീയ കാഴ്ച



 പ്രീസീസണിൽ റയലിന്റെ ആദ്യ മത്സരം എസി മിലാനെതിരെയായിരുന്നു. പുതിയ ക്ലബ് ജഴ്സിയിൽ ബ്രസീലിയൻ കൗമരാതാരത്തിന്റെ എൻട്രി. 46 മിനിറ്റാണ് കളത്തിലിറങ്ങിയതെങ്കിലും ഗ്രൗണ്ടിൽ ഇംപാക്ടുണ്ടാക്കാതെ യുവതാരം തിരിച്ചുനടന്നു. മത്സരത്തിൽ റയൽ മിലാനോട് ഒരുഗോളിന്റെ തോൽവിയും വഴങ്ങി. ബദ്ധവൈരികളായ ബാഴ്സലോണക്കെതിരായ പ്രീസീസൺ മാച്ചിലും എൻഡ്രികിന് ആദ്യ ഇലവനിൽ കാർലോ അൻസലോട്ടി ഇടം നൽകി. 63 മിനിറ്റാണ് പന്തുതട്ടിയത്. എന്നാൽ നിർണായക ടച്ചു നൽകുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമെല്ലാം പരാജയപ്പെട്ടു. ചെൽസിക്കെതിരായ മൂന്നാം ക്ലബ് ഫ്രണ്ട്ലി മാച്ചിൽ അവസരവും ലഭിച്ചില്ല.



''അതിവേഗ കുതിപ്പ് നടത്തുന്ന താരമാണ് അവൻ... അപകടകാരിയായ ഫോർവേഡ്. ഫൈനൽ തേർഡിൽ ലഭിക്കുന്ന ചെറിയ സ്പേസിൽപോലും പന്തുമായി മുന്നേറി ഗോൾനേടാൻ അവന് കഴിയും. ഇത്തരത്തിൽ നിരവധി കഴിവുകൾ ഒരു താരത്തിൽ കാണുന്നത് അപൂർവ്വമാണ് '' മിലാനെതിരായ മത്സര ശേഷം എൻഡ്രികിനെ കുറിച്ച് അൻലോട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു. താരത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും സമയം നൽകാൻ തയാറാണെന്നും റയൽ പരിശീലകന്റെ ഈ വാക്കുകൾ വ്യക്തമാക്കുന്നു.

എൻഡ്രികിന്റെ ഇപ്പോഴത്തെ മോശം പ്രകടനം താൽകാലികമെന്ന് വിശ്വസിക്കാനാണ് ആരാധകർക്കിഷ്ടം. യൂറോപ്പിൽ വിവിധ ചാമ്പ്യൻഷിപ്പുകളിലായി കൂടുതൽ മത്സരടൈം ലഭിച്ചാൽ സ്വതസിദ്ധമായ ശൈലിയിൽ കളംനിറയാൻ എൻഡ്രികിനാകും. ജൂഡ് ബെല്ലിങ്ഹാം, ലമീൻ യമാൽ, അലജാൻഡ്രോ ഗർണാചോ, കോബി മൈനു, പാബ്ലോ ഗവി, ജമാൽ മുസിയാല, ആർദ ഗുള്ളർ, ഫ്ളോറിയാൻ റിട്സ്... ഫുട്ബോളിനെ കാൽകീഴിലാക്കുന്ന ഫ്യൂച്ചർ നക്ഷത്രനിരയിലെ പ്രധാനിയാണ് ഈ ബ്രസീലിയൻ സ്ട്രൈക്കറും

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News