കത്തിക്കയറി ബ്രസീൽ; സെർബിയെക്കതിരെ ഇരട്ടഗോൾ വിജയം
62, 73 മിനുട്ടുകളിൽ റിച്ചാലിസനാണ് ഗോളടിച്ചത്
ദോഹ: പാഴാക്കിയ ഒട്ടനവധി അവസരങ്ങൾക്കൊടുവിൽ സെർബിയൻ വല രണ്ടുവട്ടം കുലുക്കിയ ബ്രസീലിന് ഇരട്ടഗോൾ വിജയം. തകർപ്പൻ സിസർകട്ടടക്കം രണ്ടുഗോളടിച്ച റിച്ചാലിസനാണ് മഞ്ഞപ്പടയുടെ വരവറിയിച്ചത്. 62, 73 മിനുട്ടുകളിലാണ് റിച്ചാലിസൻ ഗോൾ ഗോളടിച്ചത്. നെയ്മർ നൽകിയ പാസ് വിനീഷ്യസ് ഗോൾപോസ്റ്റിലേക്ക് ഉതിർത്തെങ്കിലും തിരിച്ചുവന്നു. തുടർന്നാണ് റിച്ചാലിസൺ ആദ്യ ഗോൾ അടിച്ചത്. വിനീഷ്യസ് ജൂനിയർ നൽകിയ പാസാണ് രണ്ടാം തവണ റിച്ചാലിസൺ സിസർകട്ടിലൂടെ സെർബിയൻ പോസ്റ്റിലെത്തിച്ചത്. ഇതോടെ, അർജൻറീനയും ജർമനിയുമടക്കമുള്ള വമ്പന്മാർ കൊമ്പൊടിഞ്ഞ് വീണ ഖത്തർ ലോകകപ്പിൽ ബ്രസീൽ രാജകീയമായി തന്നെ തുടങ്ങുകയായിരുന്നു.
ലുസൈലിൽ നടക്കുന്ന ബ്രസീൽ-സെർബിയ മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. സെർബിയൻ ഗോൾവല കുലുക്കാൻ ലഭിച്ച അവസരങ്ങൾ വിനീഷ്യസിനും റഫിഞ്ഞക്കും ഉപയോഗിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും റഫിഞ്ഞ തുറന്ന അവസരം പാഴാക്കി. ഗോളിയ്ക്ക് നേരെ ഷോട്ടുതിർക്കുകയായിരുന്നു. 49ാം മിനുട്ടിൽ നെയ്മറെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് സെർബിയൻ മതിലിൽ തട്ടി പുറത്തുപോയി. നെയ്മർ തന്നെയായിരുന്നു കിക്കെടുത്തത്. ഫൗളിന്റെ പേരിൽ നെമാഞ്ച ഗുഡെൽജ് മഞ്ഞക്കാർഡ് കണ്ടു. 54ാം മിനുട്ടിൽ വിനീഷ്യസ് നൽകിയ പാസും നെയ്മറിന് വലയിലെത്തിക്കാനായില്ല. 59ാം മിനുട്ടിൽ അലകസ് സാൻട്രോയടിച്ച തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പക്ഷേ പന്ത് വീണ്ടെടുക്കാൻ താരങ്ങളാരുമുണ്ടായിരുന്നില്ല.
സെർബിയൻ താരങ്ങളും അവസരങ്ങൾ ഫലപ്രദമാക്കിയില്ല. തുടക്കത്തിൽ തന്നെ നെയ്മറിനെ വീഴ്ത്തിയതിന് സെർബിയൻ താരത്തിന് മഞ്ഞക്കാർഡ് നേരിടേണ്ടി വന്നു. സ്ട്രഹിഞ്ഞ പവ്‌ലോവികിനാണ് നടപടി നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ബ്രസീൽ 4-3-3 ഫോർമാറ്റിലും സെർബിയ 3-4-3 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരിക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 ന് തുടങ്ങിയ മത്സരത്തിലെ ടീം ലൈനപ്പുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ബ്രസീൽ
അലിസൺ, ഡാനിലോ, തിയാഗോ സിൽവ(ക്യാപ്റ്റൻ), മാർക്വീഞ്ഞോസ്, അലെക്‌സ് സാൻഡ്രോ, കസെമീറോ, ലുകാസ് പിക്വറ്റ, നെയ്മർ, റിച്ചാലിസൺ, റഫീഞ്ഞ, വിനീഷ്യസ് ജൂനിയർ. കോച്ച് : ടിറ്റെ
സെർബിയ:
വഞ്ച മിലിനികോവ്, സ്ട്രഹിഞ്ഞ പവ്‌ലോവിച്, നികോള മിലെനികോവ്, മിലോസ് വെൽകോവിച്, നെമഞ്ച ഗുഡ്‌ലേജ്, ആൻഡ്രിജ സികോവിച്, സാസാ ലുകിച്, ഫിലിപ് മ്‌ളാഡെനികോവ്, അലക്‌സാണ്ടർ മിത്രോവിക്, ദുസൻ ടാഡിക് (ക്യാപ്റ്റൻ), സെർജെജ് മിലിൻകോവിച് സാവിക്. കോച്ച് ദ്രഗാൻ സ്‌റ്റോകോവിച്.
Brazil, Serbia team line-up published