മൂന്നാം ജയം ലക്ഷ്യമിട്ട് ബ്രസീല്‍ ഇന്നിറങ്ങും; പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും

ബ്രസീലിന് പിന്നാലെ ഗ്രൂപ്പ് ജിയിൽ നിന്നും പ്രീക്വാർട്ടറിലെത്തുന്നവരെ ഇന്നത്തെ മത്സരങ്ങൾ തീരുമാനിക്കും.

Update: 2022-12-02 02:49 GMT
Advertising

തുടരെ മൂന്നാം ജയം ലക്ഷ്യമിട്ട് ബ്രസീൽ ഇന്നിറങ്ങുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാമറൂണാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡ് സെർബിയയെ നേരിടും. ബ്രസീലിന് പിന്നാലെ ഗ്രൂപ്പ് ജിയിൽ നിന്നും പ്രീക്വാർട്ടറിലെത്തുന്നവരെ ഇന്നത്തെ മത്സരങ്ങൾ തീരുമാനിക്കും.

സെർബിയയെയും സ്വിറ്റ്സർലൻഡിനെയും പരാജയപ്പെടുത്തി കാനറികൾ ഇതിനോടകം നോക്കൗട്ടിലെത്തി. കാമറൂണിനെ കീഴടക്കി തോൽവിയറിയാതെ മുന്നേറണം. നിലവിലെ സാഹചര്യത്തിൽ ബ്രസീലിന് കാര്യങ്ങൾ അനുകൂലമാണ്. പകരക്കാരും പകിട്ടോടെ കളിക്കുന്നു.

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ പ്രമുഖ താരങ്ങള്‍ക്ക് ബ്രസീല്‍ വിശ്രമം നല്‍കിയേക്കും. പക്ഷെ എതിരാളികള്‍ ആശ്വസിക്കേണ്ട, പകരം വരാനുള്ളത് ചില്ലറക്കാരല്ല. ഗോള്‍ വലയ്ക്ക് മുന്നില്‍ അലിസണ്‍ മാറിയാല്‍ വരുന്നത് എഡേഴ്സണായിരിക്കും. സമ്പൂര്‍ണ മാറ്റമാണ് ടിറ്റെ നടപ്പാക്കുന്നതെങ്കില്‍ മിലിറ്റാവോയും ബ്രമറും ടെലസും പ്രതിരോധത്തില്‍ വരും. മധ്യനിരയില്‍ ഫാബീഞ്ഞോയും ബ്രൂണോ ഗ്വിമറേസുമായിരിക്കും. റോഡ്രിഗോ, മാര്‍ട്ടിനെല്ലി, ജീസസ്, ആന്റണി എന്നിവരെ മുന്നേറ്റത്തിലും ഇറക്കി ഒരു പുതിയ സ്റ്റാര്‍ട്ടിങ് ഇലവനെ പരീക്ഷിക്കാനുള്ള കരുത്തുണ്ട് ബ്രസീലിന്. പരിക്കേറ്റ നെയ്മറും ഡാനിലോയും ഇന്നും വിശ്രമിക്കും. അലക്സാന്‍ഡ്രോയ്ക്കും പരിക്കുണ്ട്. 

ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ഇന്നത്തെ പോര്. സ്വിറ്റ്സർലൻഡിനും കാമറൂണിനും സെർബിയക്കും സാധ്യതയുണ്ട്. നേരിയ മുൻതൂക്കം സ്വിറ്റ്സർലൻഡിനാണ്. സെർബിയക്കെതിരെ ജയിച്ചാലോ സമനിലയിൽ തളച്ചാലോ പ്രീക്വാർട്ടറിലെത്താം. സെർബിയക്ക് ജയം അനിവാര്യമാണ്. തോൽവിയോ സമനിലയോ പുറത്തേക്കുള്ള വാതിലാണ്. ജയിച്ചാലും നോക്കൗട്ട് ഉറപ്പല്ല. കാമറൂൺ ബ്രസീലിനോട് തോൽക്കണം.

ഇനി കാമറൂൺ. ജയം മാത്രമാണ് മുന്നിലുള്ള വഴി. എതിരാളികൾ ബ്രസീലാണ്. അതിനാൽ ആ ലക്ഷ്യം എളുപ്പമല്ലെന്ന് മാത്രം. തോറ്റാലും സമനിലയിലായാലും കാമറൂണും പുറത്താകും. അപ്രവചനീയതയാണ് കാൽപന്തിന്റെ സൗന്ദര്യം. അനിശ്ചിതത്വം നിറയുകയാണ് അവസാനം വരെ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News