'വംശീയത കളിക്കളത്തിൽ വേണ്ട'; കടുത്ത നടപടികളുമായി ബ്രസീൽ

ആരാധകർ ചെയ്യുന്ന കുറ്റത്തിനും പണികിട്ടുക ക്ലബുകള്‍ക്കായിരിക്കും

Update: 2023-02-16 14:49 GMT
Editor : Shaheer | By : Web Desk
Advertising

ബ്രസീലിയ: വംശീയ വിവേചനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ കടുത്ത നടപടിയുമായി ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ(സി.ബി.എഫ്). വംശീയ വിവേചനം നടത്തിയതായി പരാതി ലഭിച്ചാൽ ടീമുകളുടെ പോയിന്റ് വെട്ടിക്കുറയ്ക്കും. പുതിയ നിയമത്തിന് ബ്രസീൽ ആഭ്യന്തര ലീഗിലെ 20 ക്ലബുകളും അംഗീകാരം നൽകിയിട്ടുണ്ട്.

ഇതാദ്യമായാണ് വംശീയതയ്‌ക്കെതിരെ ഒരു ഫുട്‌ബോൾ ഫെഡറേഷൻ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. വംശീയാധിക്ഷേപം നടത്തുന്നവർക്കും വംശീയ കുറ്റങ്ങൾക്കുമെതിരെ കടുത്ത ശിക്ഷാനടപടികളുണ്ടാകുമെന്ന് സി.ബി.എഫ് വാർത്താകുറിപ്പിലൂടെ പ്രഖ്യാപിച്ചു. വംശീയതയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ക്ലബുകൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതടക്കം മത്സരനിയമങ്ങൾ മാറ്റുന്ന ആദ്യത്തെ ഫെഡറേഷനാണ് സി.ബി.എഫ് എന്നും വാർത്താകുറിപ്പിൽ അവകാശപ്പെട്ടു.

വംശീയതയ്‌ക്കെതിരായ പോരാട്ടം ക്ലബിന്റെ മുൻഗണനയിലുള്ളതാണ്. ഒരു നൂറ്റാണ്ടായി ചർച്ച ചെയ്യുന്നതാണ് ഈ നടപടികൾ. എന്നാൽ, അതൊന്നും പ്രയോഗത്തിൽ വന്നിട്ടില്ല. നടപടികൾ കളിക്കകത്തു നിൽക്കില്ല. സിവിൽ പൊലീസ് അടക്കമുള്ള അധികൃതരെ സംഭവങ്ങൾ അറിയിക്കും. നിയമത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും-വാർത്താകുറിപ്പിൽ സി.ബി.എഫ് പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസ് വ്യക്തമാക്കി.

ടീമുകളുടെ ആരാധകർ ചെയ്യുന്ന കുറ്റത്തിനും ക്ലബുകൾക്ക് പണികിട്ടും. പോയിന്റ് കുറക്കുന്നതടക്കമുള്ള നടപടികൾ നേരിടേണ്ടവരും. തീരുമാനം ബ്രസീലിയൻ കപ്പിനും ബാധകമാകും. ഈ മാസം 22നു തുടങ്ങുന്ന ടൂർണമെന്റിൽ ബ്രസീലിലെ 27 സംസ്ഥാനങ്ങളിൽനിന്നായി നൂറോളം ടീമുകൾ പങ്കെടുക്കുന്നുണ്ട്.

Summary: The Brazilian Football Federation (CBF) may punish acts of racism with strict measures including points deductions, according to a new regulation that the league approved

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News