നെതർലൻഡ്‌സിന്റെ നെഞ്ചു പിളർന്ന ടിം കാഹിലിന്റെ അത്ഭുത ഗോളിന് ഏഴു വയസ്സ്
കളിയിൽ ഓസീസ് തോറ്റെങ്കിലും ഗോൾ ഫുട്‌ബോൾ ആരാധകരുടെ മനസ്സിൽ എന്നെന്നേക്കുമായി ഇടംപിടിച്ചു
2014 ലെ ബ്രസീല്‍ ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ ഓസ്‌ട്രേലിയൻ നായകൻ ടിം കാഹിൽ നേടിയ തകർപ്പൻ ഗോളിന് ഏഴു വയസ്സ്. കളിയുടെ 21-ാം മിനിറ്റിലായിരുന്നു തകർപ്പൻ ഇടങ്കാലൻ വോളിയിലൂടെ കാഹിൽ ഗോൾ കണ്ടെത്തിയത്. കളിയിൽ ഓസീസ് തോറ്റെങ്കിലും ഗോൾ ഫുട്‌ബോൾ ആരാധകരുടെ മനസ്സിൽ എന്നെന്നേക്കുമായി ഇടംപിടിച്ചു.
കളിയിൽ ആര്യൻ റോബന്റെ ഗോളിലൂടെ 20-ാം മിനിറ്റിൽ നെതർലൻഡ്‌സ് ആണ് മുമ്പിലെത്തിയത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ സോക്കറൂസ് തിരിച്ചടിച്ചു. റയാൻ മക്‌ഗൊവാൻ ബോക്‌സിലേക്ക് ഉയർത്തി നൽകിയ ലോങ് ബോളിൽ നിന്നാണ് കാഹിൽ അസാധ്യമായ വോളി തൊടുത്തത്.
54-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ഓസീസ് മുമ്പിലെത്തി. എന്നാൽ പരിചയസമ്പത്തു മുഴുവൻ കളത്തിലെടുത്ത ഡച്ച് പട 58-ാം മിനിറ്റിൽ റോബിൻ വാൻപേഴ്‌സിയുടെയും മെംഫിസ് ഡെപെയുടെയും ഗോളിലൂടെ കളി സ്വന്തമാക്കി.