റിക്കാർഡോ കലഫിയോറി; ആർസലിെൻറ പുതിയ പ്രതീക്ഷയുടെ പേര്
പ്രീമിയർ ലീഗ് കിരീടത്തിൽ ഒരു മുത്തം. ഇംഗ്ലണ്ടിലെ മറ്റേത് ക്ലബിനേക്കാളും ആർസനൽ അത് ആഗ്രഹിക്കുന്നുണ്ട്. പോയ രണ്ട് തവണയും അത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷേ എല്ലാത്തിനുമൊടുവിൽ പെപ് ഗ്വാർഡിയോളയും മാഞ്ചസ്റ്റർ സിറ്റിയും തന്നെ ചിരിച്ചു. പ്രീമിയർ ലീഗിൽ സിറ്റിയെ മറിച്ചിടാൻ ആർക്കാകും എന്ന വലിയ ചോദ്യം ഇക്കുറിയും ബാക്കിയുണ്ട്. പക്ഷേ ആർക്കെങ്കിലും അതിന് സാധിക്കുമെങ്കിൽ അത് മൈക്കൽ ആർട്ടേറ്റയുടെ പീരങ്കിപ്പടക്ക് തന്നെയാകുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു
മാഞ്ചസ്റ്റർ സിറ്റിയോട് മുട്ടാനൊരുങ്ങുേമ്പാൾ ആയുധങ്ങളെല്ലാം മൂർച്ചയേറിയത് തന്നെയാകണമെന്ന് ആർടേറ്റക്കറിയാം. അതുകൊണ്ടുതന്നെട്രാൻസ്ഫർ വിപണിയിൽ അറിഞ്ഞാണ് കളിച്ചത്. ഇറ്റാലിയൻ പ്രതിരോധ താരം റിക്കാർഡോ കലഫിയോറിയെ കൊത്തിയെടുത്തത് കൃത്യമായ കണക്കുകൂട്ടലുകളോടെയാണ്. ബോണസുകൾ ഉൾപ്പെടെ 450 കോടിയാണ് 22 കാരനായി ആർസനൽ എറിഞ്ഞത്.
പോയ സീസണിൽ ആർസനൽ പ്രതിരോധം ഒരു പക്ഷേ പ്രീമിയർ ലീഗിലെത്തന്നെ ഏറ്റവും മികച്ചതായിരുന്നു. വില്യം സലീബയും ഗബ്രിയേൽ മെഗല്ലാസും അവിടെ കോട്ടകെട്ടിക്കാത്തു. അതിെൻറ ഗുണങ്ങൾ കണക്ക് പുസ്തകങ്ങൾ നോക്കിയാലും മനസ്സിലാകും. 38 കളികളില്‍ നിന്നും 29 ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. പോയ സീസണിൽ മറ്റാർക്കുമില്ലാത്ത റെക്കോർഡ്. എന്നിട്ടും എന്തിനാണ് കലഫിയോറിയെ കൊണ്ടുവരുന്നത്?
പ്രീമിയർ ലീഗ് മാസങ്ങളോളം നീളുന്നതാണ്. പ്രതിരോധ നിരയിലൊരാൾക്ക് പരിക്ക് പറ്റിയാൽ ടീമിന്റെ ഫോർമേഷനും വിജയസാധ്യതകളും അത് തകിടം മറിക്കും. പോയ സീസണിന്റെ ആദ്യ ദിവസം തന്നെ ജൂറിയന്‍ ടിംബര്‍ പരിക്ക് പറ്റിപ്പോയതിൽ പിന്നെ സ്ഥിരമായൊരു ലെഫ്റ്റ് ബാക്ക് പൊസിഷന്‍ ആർസനലിനുണ്ടായിരുന്നില്ല.
രണ്ടുവർഷം മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഒലക്സാണ്ടർ സിന്‍ചെങ്കോവിനെ 320 കോടിക്ക് എത്തിച്ചത് ലെഫ്റ്റ് ബാക്ക് പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു. എന്നാൽ സിന്‍ചെങ്കോ മുന്നേറ്റത്തിൽ പന്തെത്തിക്കുന്നുണ്ടെങ്കിലും നിർണായക കളികളിൽ പ്രതിരോധത്തിൽ പതറുന്നത് പതിവായി. പകരം ഇറങ്ങിയ യാക്കോബ് കിവിയറാകട്ടെ, പ്രതിരോധത്തിൽ നല്ല പ്രകടനമായിരുന്നുവെങ്കിലും പന്തിനെ മുന്നോട്ടെത്തിക്കുന്നതിൽ ശോഭിച്ചതുമില്ല. അതുമൂലം വലതുവശത്ത് കളിക്കുന്ന സാക്കക്ക് അധിക ജോലി എടുക്കേണ്ടി വന്നു.
കഴിഞ്ഞ കുറച്ച് സീസണുകളിലായി വശങ്ങളിലൂടെയുള്ള മുന്നേറ്റത്തിന് സെന്റര്‍ ബാക്കുകളെയാണ് ആര്‍ട്ടേറ്റ ഉപയോഗപ്പെടുത്തുന്നത്. ബെന്‍വൈറ്റ് ഇതിന് നല്ല ഉദാഹരണമാണ്, പ്രതിരോധത്തിനൊപ്പം സാക്കക്ക് പിന്തുണയുമായി മുന്നേറ്റനിരയിലുമെത്തി തകർപ്പൻ പ്രകടനമായിരുന്നു ബെൻവൈറ്റ് സീസണിലുടനീളം നടത്തിയത്. 2022-23 സീസണില്‍ റൈറ്റ് ബാക്കായി നിയോഗിക്കുമ്പോള്‍ അതിന് മുമ്പ് കരിയറില്‍ ഒരു പ്രാവശ്യം മാത്രമായിരുന്നു ബെന്‍വൈറ്റ് ആ പൊസിഷനിലുണ്ടായിരുന്നത്.
ഗ്വാർഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയിൽ ഉപയോഗിക്കുന്ന ടാക്റ്റിക്സിനോട് ഇതിന് സമാനതകളുണ്ട്. ജോസ്കോ ഗ്വാർഡിയോളിനെയും നതാൻ അക്കേയേയും ലെഫ്റ്റ്- റൈറ്റ് ബാക്കുകളാക്കിയത് ഉദാഹരണമാണ്. ഇതോടെ സെന്റർബാക്കുകളായ നാല് കളിക്കാർ പ്രതിരോധത്തിലുണ്ടാകുന്നു. ഗ്വാർഡിയോള തന്നെ അത് തുറന്നുപറഞ്ഞിട്ടുമുണ്ട്.“ചെറിയ തെറ്റ് പറ്റിയാൽ പോലും പ്രതിരോധത്തിൽ നാല് സെന്റർബാക്കുകളുണ്ടാകുകയെന്നത് ആശ്വാസമാണ്. മുന്നേറ്റനിരക്കൊപ്പം തന്നെ പ്രതിരോധനിരയുടെയും കളി ആസ്വദിക്കുകയാണ് ഞങ്ങള്‍” -2023 ലെ ചാമ്പ്യന്‍ലീഗ് വിജയത്തിന് ശേഷം ഗ്വാർഡിയോള പറഞ്ഞത് ഇങ്ങനെയായിരുന്നു.
വർത്തമാന ഫുട്ബോളിൽ സെന്റര്‍ബാക്കുകളുടെ ജോലി അക്രമണങ്ങളെ പ്രതിരോധിക്കുകയെന്ന് മാത്രമല്ല. എതിരാളികളുടെ മേൽ സമ്പൂർണ ആധിപത്യം നേടുക കൂടിയാണ്. ഗ്വാർഡിയോളും അക്കേയും പോയ സീസണില്‍ 22 ഗോൾ സംഭാവനകളാണ് സിറ്റിക്ക് നൽകിയതെന്നോർക്കണം. അതുകൊണ്ടുതന്നെആറടി ഉയരമുള്ള ഏരിയല്‍ അറ്റാക്കിനെ ചെറുക്കാൻ സാധിക്കുന്ന ബോള്‍ മുന്നോട്ട് പാസ് ചെയ്യാൻ സമർഥനായ കലഫിയോറി ഫോമായാൽ ആർസലിന് ആഹ്ലാദിക്കാം. കലഫിയോറിയുടെ ട്രാക്ക് റെക്കോർഡിൽ തീർച്ചയായും ആർസലിന് സന്തോഷിക്കാനുണ്ട്. കാരണം യൂറോകപ്പിൽ ഇറ്റലി ടീമിനെ പറ്റി എന്തെങ്കിലും പോസിറ്റീവായി പറയാനുണ്ടെങ്കിൽ അത് കലഫിയോറിയെക്കുറിച്ച് മാത്രമായിരുന്നു. അലസ്സാൺട്രോ ബാസ്തോണിയുമായി ചേർന്ന് പ്രതിരോധത്തിൽ നടത്തിയ തകർപ്പൻ പ്രകടനം ആരാധകർ മറന്നിട്ടില്ല.
കനൽപഥങ്ങൾ താണ്ടിയാണ് കലഫിയോറി വരുന്നത്. വലിയ പാരമ്പര്യമുള്ള ഇറ്റാലിയൻ പ്രതിരോധ നിരയുടെ പതാകവാഹകനാകുമെന്ന് കരുതപ്പെട്ടിരുന്ന കലഫിയോറി റോമ അക്കാദമിയിലെ മിന്നും താരമായിരുന്നു. പക്ഷേ 2018 ഒക്ടോബർ രണ്ട് അയാളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റി. അന്ന് സംഭവിച്ച പരിക്ക് കരിയറിത്തന്നെ തകർക്കാൻ പോന്നതായിരുന്നു. റോമയിലെ സഹതാരങ്ങളെപ്പോലും അത് വല്ലാതെ വേദനിപ്പിച്ചു. റോമയുടെ ഇതിഹാസ താരം ഡി റോസി ആശുപത്രിയിൽ നേരിട്ടെത്തി. എഡിന്‍ സെക്കൊ ചാമ്പ്യന്‍സ് ലീഗിലെ തന്റെ ആദ്യ ഹാട്രിക്ക് നേടിയ ശേഷം കലഫിയോറിയുടെ പേരുള്ള ജേഴ്സി ഉയർത്തിക്കാട്ടിയായിരുന്നു ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
പ്രാർത്ഥനകൾക്കും ചികിത്സക്കും പരിശ്രമങ്ങൾക്കുമൊടുവിൽ 2020 ഡിസംബറിൽ കലഫിയോറി റോമയുടെ സീനിയർ ടീമിലെത്തി. എന്നാൽ തുടർന്നു വന്ന മൗറീഞ്ഞോക്കൊപ്പം കുറഞ്ഞ അവസരങ്ങളാണ് ലഭിച്ചത്. ഒടുവിൽ ലോണിൽ ജെനോവയിലും പിന്നീട് സ്വിസ് ടീമായ ബേസലിലുമെത്തി. അവിടെയും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ വന്ന താരം അവസാനം ബൊലോന്യയിലെത്തുന്നു. അത് കരിയറിലെ ടേണിങ് പോയൻറായി മാറി. അവിടെ തിയാഗോ മോട്ടയുടെ ശിക്ഷണത്തിൽ കലഫിയോറി കരിയർ തിരിച്ചുപിടിച്ചുതുടങ്ങി. അതുവരെ ലെഫ്റ്റ് ബാക്കായി കളിച്ചിരുന്ന താരത്തെ സെന്റർബാക്കാക്കാക്കിയ മോട്ടയുടെ പരീക്ഷണം വിജയിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബൊലോന്യ സിരിഎയിൽ നാലാം സ്ഥാനത്തെത്തിയപ്പോൾ അവിടെ കലഫിയോറിയുംതലയുയർത്തിനിന്നു. പ്രതിഭയിൽ സംശയമൊന്നുമില്ലെങ്കലും കലഫിയോറിയുടെ പരിക്കുകളുടെ ചരിത്രം ഗണ്ണേഴ്സിനെ തുറിച്ചുനോക്കുന്നുണ്ട്.