നൈജീരിയയും അൾജീരിയയും ഈജിപ്തുമില്ല; ഖത്തർ ലോകകപ്പിലെ ആഫ്രിക്കൻ ചിത്രം ഇങ്ങനെ

മുഹമ്മദ് സലാഹും റിയാദ് മെഹ്റസും അദിമോല ലുക്മാനും ഇല്ലാത്ത ലോകകപ്പാകും ഖത്തറിലേത് എന്നുറപ്പായി

Update: 2022-03-30 14:39 GMT
Editor : André | By : Web Desk
Advertising

ഈ വർഷം ഖത്തറിൽ അരങ്ങേറുന്ന ഫുട്‌ബോൾ ലോകകപ്പിൽ ആഫ്രിക്കൻ കരുത്തരായ നൈജീരിയയും അൾജീരിയയും ഈജിപ്തുമുണ്ടാവില്ല. ഫൈനൽ യോഗ്യതാ റൗണ്ടിന്റെ രണ്ടാം പാദത്തിൽ ഇന്നലെ വൻകരാ ചാമ്പ്യന്മാരായ സെനഗലിനോട് ഷൂട്ടൗട്ടിൽ തോറ്റ് ഈജിപ്ത് പുറത്തായപ്പോൾ എവേ ഗോൾ നിയമത്തിൽ കുരുങ്ങിയാണ് അൾജീരിയയും നൈജീരിയയും പുറത്തായത്.

ഇതോടെ ഭൂഖണ്ഡത്തിൽ നിന്ന് ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ച് ടീമുകളുടെയും ചിത്രം വ്യക്തമായി: കാമറൂൺ, ഘാന, മൊറോക്കോ, സെനഗൽ, തുനീഷ്യ.

(Cameroon, Ghana, Morocco, Senegal, and Tunisia to represent Africa in world cup. Egypt, Nigeria, and Algeria bowed out in second leg of final ഫിസ്റ്റെ)

ലോകകപ്പിലെ അഞ്ച് സ്ഥാനങ്ങൾക്കു വേണ്ടിയുള്ള ആഫ്രിക്കൻ യോഗ്യതാ മത്സരങ്ങൾ മൂന്ന് റൗണ്ടുകളായാണ് നടക്കുന്നത്. നിർണായകമായ മൂന്നാം റൗണ്ടിനാണ് ഇന്നലെ രാത്രി നടന്ന രണ്ടാം പാദത്തോടെ സമാപനമായത്. ആദ്യപാദത്തിൽ ജയിച്ച ഈജിപ്തിനും അൾജീരിയക്കും സമനില നേടിയ നൈജീരിയക്കും ഖത്തറിലേക്ക് മുന്നേറാമെന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ, അവസാന വിസിൽ മുഴങ്ങിയപ്പോൾ ആഫ്രിക്കൻ ഫുട്‌ബോളിലെ ഈ കരുത്തർ കണ്ണീരോടെ മടങ്ങാനായിരുന്നു വിധി.

സലാഹിന്റെ ദുർവിധി

ആദ്യപാദത്തിൽ സെനഗലിനെ സ്വന്തം ഗ്രൗണ്ടിൽ ഒരു ഗോളിന് തോൽപ്പിച്ചിരുന്ന ഈജിപ്തിന് ഇന്നലെ സമനില മതിയായിരുന്നു മുന്നേറാൻ. പക്ഷേ, ഈജിപ്ത് താരങ്ങൾക്കു നേരെ പ്രയോഗിക്കാൻ ലേസർ ലൈറ്റുകളുമായി കാണികൾ അണിനിരന്ന ഹോം ഗ്രൗണ്ടിൽ സെനഗൽ ഒരു ഗോളടിച്ചതോടെ കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. സൂപ്പർതാരം മുഹമ്മദ് സലാഹ് അടക്കം മൂന്നുപേർ കിക്കുകൾ പാഴാക്കിയതോടെ 3-1 ന് ഷൂട്ടൗട്ട് ജയിച്ച് സെനഗൽ ലോകകപ്പിന് ടിക്കറ്റെടുത്തു. കഴിഞ്ഞ തവണ ടീം പങ്കെടുത്തിട്ടും പരിക്കു കാരണം ലോകകപ്പ് നഷ്ടമായ സലാഹിന് ഇത്തവണയും നിരാശപ്പെടേണ്ടി വന്നു.

അവസാന നിമിഷം ഹൃദയം തകർന്ന് അൾജീരിയ

കാമറൂണിനെതിരെ 1-0 ഗോൾ ജയത്തിന്റെ ആനുകൂല്യവുമായി സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ അൾജീരിയക്ക് മത്സരം സമനിലയാക്കിയാൽ പോലും ഖത്തറിലേക്ക് പോകാമായിരുന്നു. എന്നാൽ, പൊരുതിക്കളിച്ച കാമറൂൺ വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിരുന്നില്ല. 22-ാം മിനുട്ടിൽ എറിക് ചോപോമോട്ടിങ്ങിലൂടെ അവർ ലീഡെടുത്തു. നിശ്ചിത 90 മിനുട്ടിൽ ഗോളൊന്നും പിറക്കാതിരുന്നതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്‌സ്‌ട്രൈ ടൈമിന്റെ തുടക്കത്തിൽ അൾജീരിയ വലകുലുക്കിയെങ്കിലും വാർ ഓഫ്‌സൈഡ് വിളിച്ചതോടെ കാമറൂണിന് ജീവശ്വാസം ലഭിച്ചു. അവസാന ഘട്ടത്തിൽ, 118-ാം മിനുട്ടിൽ അഹ്‌മദ് തൗബ അൾജീരിയക്കു വേണ്ടി ഗോളടിച്ചപ്പോൾ കളി തീരുമാനമായെന്നും കാമറൂൺ പുറത്തായെന്നും ഉറപ്പിച്ചതാണ്. എന്നാൽ, ഫൈനൽ വിസിലന് തൊട്ടുമുമ്പ് കാമറൂണിന്റെ രക്ഷകനായി കാൾ തോകോ ഇകാംബി അവതരിച്ചു. ഫ്രീകിക്കിനെ തുടർന്ന് അൾജീരിയൻ ബോക്‌സിൽ രൂപപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടെ ഇകാംബി പന്ത് വലയിലാക്കിയതോടെ അൾജീരിയക്കാരുടെ സ്വപ്‌നങ്ങൾക്കു മേൽ ഇടിത്തീ വീണു. ഇതോടെ റിയാസ് മെഹ്‌റസും ഇസ്ലാം സ്ലിമാനിയുമങ്ങുന്ന സൂപ്പർ താരനിരക്ക് ലോകകപ്പിൽ ഇടമില്ലെന്നുറപ്പായി.



ചിറകു കുഴഞ്ഞ് സൂപ്പർ ഈഗിൾസ്

എവേ ഗ്രൗണ്ടിൽ നടന്ന ആദ്യപാദം ഗോൾരഹിത സമനിലയിൽ കലാശിച്ചതിനാൽ സ്വന്തം ഗ്രൗണ്ടിൽ ജയമായിരുന്നു മുന്നേറാൻ നൈജീരിയക്കു മുന്നിലുള്ള എളുപ്പവഴി. എന്നാൽ സൂപ്പർ ഈഗിൾസിന്റെ ഹൃദയം പിളർന്ന് 10-ാം മിനുട്ടിൽ തോമസ് പാർട്ടെ ഘാനയെ മുന്നിലെത്തിച്ചു. ഇതോടെ, നിശ്ചിത സമയത്ത് ജയം നൈജീരിയക്ക് അനിവാര്യമായി. 22-ാം മിനുട്ടിൽ വില്യം ഇക്കോങ് പെനാൽട്ടിയിലൂടെ ആതിഥേയരെ ഒപ്പമെത്തിച്ചെങ്കിലും കടുപ്പമേറിയ പ്രതിരോധവുമായി ഘാന അവസാനം വരെ പിടിച്ചുനിന്നു. ഇതോടെ, രണ്ട് പാദങ്ങളിലുമായി മത്സരഫലം 1-1 ആയെങ്കിലും എവേ ഗ്രൗണ്ടിൽ ഗോളടിച്ച ഘാനക്ക് ലോകകപ്പ് യോഗ്യത ലഭിച്ചു.

കോംഗോയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ 1-1 സമനില പാലിച്ചിരുന്ന മൊറോക്കോ ഇന്നലെ ഒന്നിനെതിരെ നാലു ഗോളിന് ആധികാരികമായി ജയിച്ചാണ് ലോകകപ്പിലേക്ക് മുന്നേറിയത്. ഇരുപകുതികളിലും രണ്ടുവീതം ഗോൾ മൊറോക്കോ നേടിയതിനു ശേഷം ഒരു ഗോൾ കോംഗോ അടിച്ചെങ്കിലും ഒരു തിരിച്ചുവരവിനുള്ള സാധ്യത ഇല്ലാതായിരുന്നു. മാലിയുടെ ഗ്രൗണ്ടിൽ നടന്ന ആദ്യപാദത്തിൽ ഒരു ഗോളടിച്ച് ജയിച്ച തുനീഷ്യയാകട്ടെ ഇന്നലെ എതിരാളികൾക്ക് ഗോളടിക്കാൻ അവസരം നൽകാതെ കളി 0-0 സമനിലയിലാക്കിയാണ് മുന്നേറിയത്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News