'സർ, കളി കാണാൻ ഒന്ന് നേരത്തെ ഇറങ്ങിക്കോട്ടെ?'; ഇംഗ്ലണ്ടിൽ ഇന്നിങ്ങനെയാണ്!
ഒന്ന് നേരത്തെ ഇറങ്ങിക്കോട്ടെ എന്ന് ഇംഗ്ലണ്ടുകാർ ചോദിക്കുന്നതിന് കാരണമുണ്ട്
'സർ, ഇന്നൊന്ന് നേരത്തെ ഇറങ്ങിക്കോട്ടെ, കളി കാണാനാണ്...' എന്ന് തൊഴിലുടമയോട് ചോദിച്ചാൽ എങ്ങനെ ഇരിക്കും. അനുമതി കിട്ടാൻ ഒരിക്കലും സാധ്യതയില്ലാത്ത ഈ ചോദ്യത്തോട് ഇന്ന് ബ്രിട്ടനിലെ മുതലാളിമാര്‍ ദയ കാണിക്കും. അതെന്താ അങ്ങനെ എന്ന് ചോദിച്ചാൽ ബ്രിട്ടനിൽ ഇന്ന് അങ്ങനെയാണ്. ചിരവൈരികളായ ജർമനിയുമായി സ്വന്തം രാജ്യം കളിക്കുമ്പോൾ അതു കാണാൻ ആഗ്രഹിക്കുന്ന ആരാധകന് ജോലിയിൽ ഇളവു നൽകണമെന്ന് തൊഴിലാളി സംഘടനകൾ അഭ്യർത്ഥിച്ചിട്ടുണ്ട്. അത് പരിഗണിക്കാമെന്ന് തൊഴിലുടമകളും.
ഒന്ന് നേരത്തെ ഇറങ്ങിക്കോട്ടെ എന്ന് ഇംഗ്ലണ്ടുകാർ ചോദിക്കുന്നതിന് കാരണമുണ്ട്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് മത്സരം. ഓഫീസിൽ നിന്ന് ഇറങ്ങി മെട്രോ പിടിച്ച് വീട്ടിലെത്തുമ്പോഴേക്കും സമയം വൈകും. അപ്പോ പിന്നെ കുറച്ച് നേരത്തെ ഇറങ്ങുക തന്നെ.
കളിക്കായി തൊഴിൽ സമയത്തില്‍ ചെറിയ ഇളവു വേണമെന്നാണ് തൊഴിലാളി സംഘടനയായ ട്രേഡ്‌സ് യൂണിയൻ കോൺഗ്രസ് അഭ്യർത്ഥിച്ചിട്ടുള്ളത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് നേരത്തെ പണി തുടങ്ങി നേരത്തെ അവസാനിപ്പിക്കാനുള്ള അനുമതിയുമുണ്ട്. എന്നാൽ തൊഴിലുടമയ്ക്കാണ് ഇക്കാര്യത്തിൽ സമ്പൂർണ വിവേചനാധികാരം.
വെംബ്ലി സ്‌റ്റേഡിയത്തിൽ ബ്രിട്ടീഷ് സമയം ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് മത്സരം. വെംബ്ലിയിൽ നിന്ന് ജർമൻ കാണികളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 17,000 എക്‌സ്ട്രാ ടിക്കറ്റുകളാണ് ഇംഗ്ലീഷ് കാണികൾ വാങ്ങിവച്ചിട്ടുള്ളത്. ഗരത് സൗത്ത് ഗേറ്റിന്റെ സംഘത്തെ പിന്തുണയ്ക്കാനായി ഇന്ന് സ്റ്റേഡിയത്തിൽ 45,000 കാണികളാണ് ഉണ്ടാകുക.
ഗ്രൂപ്പ് ഡിയിൽ രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയൻറുമായി ജേതാക്കളായാണ് ഇംഗ്ലണ്ടിന്റെ നോക്കൗട്ട് പ്രവേശനം. എങ്കിലും ആരാധകർക്ക് ഒട്ടും തൃപ്തിയേകുന്ന കളിയായിരുന്നില്ല ടീമിന്റേത്. രണ്ടേ രണ്ടു ഗോളുകൾ മാത്രമാണ് ടീം ഇതുവരെ അടിച്ചത്. രണ്ടും റഹീം സ്റ്റർലിങ്ങിന്റെ വക. സ്റ്റാർ സ്‌ട്രൈക്കർ ഹാരി കെയ്‌ന് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. എന്നാൽ, ഒരു ഗോൾ പോലും ടീം വഴങ്ങിയിട്ടില്ല. മരണഗ്രൂപ്പായ എഫിൽ നിന്നാണ് ജർമനിയെത്തുന്നത്. ഫ്രാൻസിനോട് തോറ്റ ജർമനി, രണ്ടാം മത്സരത്തിൽ പോർച്ചുഗലിനെ തകർത്തു. എന്നാൽ ഹങ്കറിക്കെതിരെയുള്ള അടുത്ത കളിയിൽ സമനില വഴങ്ങേണ്ടി വന്നു.