തല മാറി റയല്‍; സിദാന് പകരം കാർലോ ആൻസലോട്ടി

ലാ ലീഗയിലെ കിരീടപോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊന്നായ സിദാൻ റയൽ പരിശീലക സ്ഥാനം രാജിവച്ചത്

Update: 2021-06-01 11:11 GMT
Editor : abs | By : Sports Desk
Advertising

റയൽ മാഡ്രിഡിന്റെ പുതിയ കോച്ചായി കാർലോ ആൻസലോട്ടി ചുമതലയേൽക്കും. രാജിവച്ച സിനദിൻ സിദാന് പകരമാണ് ആൻസലോട്ടി ലോകത്തെ സമ്പന്ന ക്ലബുകളിലൊന്നിന്റെ പരിശീലക ചുമതലയേൽക്കുന്നത്. 2013-15 സീസണിൽ റയലിന്റെ കോച്ചായിരുന്നു. നിലവില്‍ എവര്‍ട്ടണ്‍ കോച്ചാണ്. പാർമ, യുവന്റസ്, മിലാൻ, ചെൽസി, പിഎസ്ജി, ബയേൺ മ്യൂണിച്ച്, നപ്പോളി തുടങ്ങി ലോകത്തെ എണ്ണം പറഞ്ഞ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

ലാ ലീഗയിലെ കിരീടപോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊന്നായ സിദാൻ റയൽ പരിശീലക സ്ഥാനം രാജിവച്ചത്. കഴിഞ്ഞ 11 സീസണിനിടെ ആദ്യമായി ഒരു കിരീടം പോലുമില്ലാതെയാണ് റയൽ സീസൺ അവസാനിപ്പിച്ചിരുന്നത്. തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ക്ലബ് വിടാൻ തീരുമാനിച്ചത് എന്ന് ആരാധകർക്കെഴുതിയ കത്തിൽ സിദാൻ വ്യക്തമാക്കിയിരുന്നു. ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസുമായും സിദാന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

2016ലാണ് സിദാൻ റയലിന്റെ പരിശീലനക്കുപ്പായം അണിഞ്ഞത്. 2018ൽ തെറ്റിപ്പിരിഞ്ഞെങ്കിലും അടുത്ത സീസണിൽ വീണ്ടും ക്ലബിലെത്തി. ക്ലബിനായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലാ ലീഗയും സ്വന്തമാക്കി. 

ആന്‍സലോട്ടിയെ കൂടാതെ പിഎസ്ജി കോച്ച് മൗറീഷ്യോ പൊച്ചെട്ടിനോ, റയല്‍ യൂത്ത് കോച്ച് റൗണ്‍ ഗോണ്‍സാലസ്, റയല്‍ സോസീഡാസ് ബി ടീം കോച്ച് ഷാബി അലണ്‍സോ തുടങ്ങിയ പേരുകളും ഹെഡ് കോച്ചായി ഉയര്‍ന്നു കേട്ടിരുന്നു.

Tags:    

Editor - abs

contributor

By - Sports Desk

contributor

Similar News