'ഫലസ്തീനെ മോചിപ്പിക്കൂ'; ബാനറുയർത്തി സ്‌കോട്ടിഷ് ഫുട്‌ബോൾ ആരാധകർ
കിൽമർനോക്കിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ബാനറുകൾ
എഡിൻബർഗ്: ഹമാസ്-ഇസ്രയേൽ സംഘർഷം രൂക്ഷമാവുന്നതിനിടെ സ്വതന്ത്ര ഫലസ്തീനു വേണ്ടി ബാനറുയർത്തി സ്‌കോട്ടിഷ് പ്രീമിയർ ക്ലബ്ബായ സെൽറ്റിക് പാർക്കിന്റെ ആരാധകർ. ഫ്രീ ഫലസ്തീൻ (ഫലസ്തീനെ സ്വതന്ത്രമാക്കൂ), വിക്ടറി ടു ദ റെസിസ്റ്റൻസ് (ചെറുത്തുനിൽപ്പിന് വിജയം) തുടങ്ങിയ ബാനറുകളാണ് ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടത്. ഫലസ്തീന് എല്ലാ കാലത്തും ഐക്യദാർഢ്യം അറിയിക്കുന്ന കൂട്ടായ്മയാണ് ഗ്രീൻ ബ്രിഗേഡ് എന്നറിയപ്പെടുന്ന സെൽറ്റിക് ആരാധകർ.
കിൽമർനോക്കിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ബാനറുകൾ. മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് സെല്‍റ്റിക് ജയിച്ചു. അതിനിടെ, ആരാധകരുടെ നടപടിയെ വിമർശിച്ച് മുൻ സെൽറ്റിക് താരം നിർ ബിറ്റൺ രംഗത്തുവന്നു. 'ഇസ്രായേലിൽ നിന്നാണ്, ഹമാസിൽ നിന്നല്ല ഗസ്സയെ മുക്തമാക്കേണ്ടത്' എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
അതിനിടെ, ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 313 ആയി. രണ്ടായിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേൽ-ഗസ്സ അതിർത്തിയിൽ ഇരുപക്ഷവും തമ്മിലുള്ള ആക്രമണം ഇപ്പോഴും തുടരുകയാണെന്ന് അൽ ജസീറ റിപ്പോർട്ടു ചെ/യ്യുന്നു. ഗസ്സയുടെ സമ്പൂർണ നിയന്ത്രണം കൈവശപ്പെടുത്താനാണ് ഇസ്രായേലിന്റെ ശ്രമം. ഹമാസ് ആക്രമണത്തിൽ മുന്നൂറിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെയായിരുന്നു ഇസ്രയേൽ ലക്ഷ്യമാക്കി ഹമാസിന്റെ മിസൈൽ ആക്രമണങ്ങൾ.