പണമെറിഞ്ഞ് എൻസോയുടെ പിന്നാലെകൂടി ചെൽസി
പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 1063 കോടി രൂപയാണ് എൻസോക്കായി ചെൽസി മുന്നോട്ടുവെക്കുന്നത്.
ലണ്ടൻ: അർജന്റീനിയൻ യുവതാരം എൻസോ ഫെർണാണ്ടസിനെ ടീമിലെത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി ചെൽസി. ട്രാൻസ്ഫർ വിൻഡോ ഇന്ന് അടക്കുമെന്നതിനാൽ തിരക്കിട്ട ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിലാണ് എൻസോ ഫെർണാണ്ടസ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 1063 കോടി രൂപയാണ് മിഡ്ഫീല്‍ഡില്‍ പന്ത് തട്ടുന്ന എൻസോക്കായി ചെൽസി മുന്നോട്ടുവെക്കുന്നത്.
അങ്ങനെ വന്നാൽ ബ്രിട്ടനിലെ റെക്കോർഡാവും. 885 കോടിക്ക് ജാക്ക് ഗ്രീലിഷിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ റെക്കോർഡാവും വഴിമാറുക. നിലവിലെ ഫോമും കഴിഞ്ഞ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതുമാണ് എൻസോയുടെ വില പതിന്മടങ്ങ് വർധിപ്പിച്ചത്. ലണ്ടനിലേക്ക് പറക്കാൻ താൽപര്യമുണ്ടെന്ന് എൻസോയും അറിയിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
ഇക്കാര്യത്തിൽ ബെൻഫിക്ക പ്രസിഡന്റ് റൂയി കോസ്റ്റയുടെ നിലപാട് ശ്രദ്ധേയമാകും. കളിക്കാരുടെ കൈമാറ്റം സംബന്ധിച്ച ചില പ്രശ്‌നങ്ങളാണ് ബെൻഫിക്കയെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തടസങ്ങള്‍ നീക്കാനുള്ള ശ്രമത്തിലാണ് ഇരു ക്ലബ്ബുകളും. കഴിഞ്ഞ ജൂണിലാണ് എൻസോ ബെൻഫിക്കയിൽ എത്തുന്നത്. ക്ലബ്ബിനായി 29 മത്സരങ്ങൾ കളിച്ചു. നാല് ഗോളെ നേടിയിട്ടുള്ളൂവെങ്കിലും ലോകകപ്പോടെ ഈ 22കാരന്റെ തലവര മാറി.
അർജന്റീനയുടെ കിരീട നേട്ടത്തിലേക്ക് എൻസോയുടെ പ്രകടനവും നിർണായകമായിരുന്നു. മികച്ച നീക്കങ്ങൾകൊണ്ട് ശ്രദ്ധേയമാകുകയും ചെയ്തു. ഇതാണ് യുവതാരത്തിനുള്ള പുരസ്‌കാരവും എൻസോയിലേക്ക് എത്തിയതും. അതേസമയം ഖത്തർ ലോകകപ്പിലെ മൊറോക്കൻ സൂപ്പർ ഹീറോ ഹക്കീം സിയേഷിനെ സ്വന്തമാക്കാന്‍ പി.എസ്.ജി രംഗത്ത് എത്തി. താരത്തെ ചെൽസിയിൽനിന്ന് ലോണിൽ എത്തിക്കാനാണ് നീക്കം നടക്കുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് വിവരം.