പരിഹാരമാകാതെ പ്രശ്‌നങ്ങൾ; ചെൽസിയിൽ ക്ലിക്കാകുമോ മരെസ്‌കയുടെ തന്ത്രങ്ങൾ
മികച്ചൊരു സ്ട്രൈക്കറെയെത്തിക്കാനായാൽ എതിരാളികൾ ഭയപ്പെട്ടിരുന്ന പഴയ നീലപടയെ കളിക്കളത്തിൽ കാണാനാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്
''ഇംഗ്ലീഷ് ഫുട്‌ബോളിൽ ട്രാൻസ്ഫർ മാർക്കറ്റ് ഓപ്പണായാൽ പിന്നെ അവരുടെ വരവാണ്. വൻ തുക മുടക്കി യുവ താരങ്ങളെ കൂടാരത്തിലെത്തിക്കും. എന്നാൽ ടീമിന് എന്താണോ ആവശ്യം, ആ പൊസിഷനിലേക്കുള്ള കളിക്കാരെ മാത്രം സൈൻ ചെയ്യില്ല. എല്ലാത്തിനുമൊടുവിൽ കളത്തിലിറങ്ങുമ്പോൾ ആ പഴയ പ്രശ്‌നങ്ങൾ ടീം പ്രകടനത്തിൽ നിഴലിച്ചുനിൽക്കും''. കഴിഞ്ഞ രണ്ട് സീസണുകളിലായി ചെൽസി സ്‌കൗട്ടിങ് ടീം പ്രവർത്തനങ്ങളെ ഇങ്ങനെ വിലയിരുത്താം. ട്രാൻസ്ഫർ മാർക്കറ്റിൽ റെക്കോർഡ് തുക മുടക്കി മധ്യനിരയിലും പ്രതിരോധത്തിലും കളിക്കാരെ വാങ്ങികൂട്ടി സ്‌ക്വാർഡ് ഡെപ്ത് കൂട്ടുമ്പോൾ തന്നെ ടീമിനാവശ്യമായൊരു ക്ലിനിക്കൽ സ്ട്രൈക്കറെ ഇതുവരെ സൈൻ ചെയ്യാനായില്ല. മോഡേൺ ഫുട്ബോളിലെ മികച്ചൊരു ബോൾ പ്ലെയിങ് ഗോൾകീപ്പറെയെത്തിക്കുന്നതിലും പരാജയപ്പെട്ടു. പ്രീമിയർലീഗിൽ ആദ്യ മാച്ചിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടീം പ്രകടനത്തിലെ പ്രധാന പ്രശ്നമായി നിഴലിച്ചതും ഈ രണ്ട് പൊസിഷനിലായിരുന്നു.
മൗറീഷ്യോ പൊച്ചറ്റീനോയയുടെ പകരക്കാരനായി ഇറ്റാലിയൻ പരിശീലകൻ എൻസോ മരെസ്‌കോ സ്ഥാനമേറ്റെടുക്കുമ്പോഴും ടീമിലെ പ്രശ്നങ്ങൾ അതേപടി നിൽക്കുന്നുവെന്നതാണ് ആദ്യ മത്സരം നൽകുന്ന സൂചന. നിക്കോളാസ് ജാക്സനെ സ്ട്രൈക്കറും എൻസോ ഫെർണാണ്ടസിനെ പ്ലേമേക്കറുമാക്കിയുള്ള 4-2-3-1 ഫോർമേഷനിലാണ് മരെസ്‌ക ടീമിനെ വിന്യസിച്ചത്. ഡബിൾ പിവോട്ടിൽ മൊയ്സസ് കൈസെഡോയും റോമിയോ ലാവിയോയുമാണ് ഇടംപിടിച്ചത്. ഇടത് വിങിൽ ക്രിസ്റ്റഫർ എൻകുൻകുവിനേയും വലതുവിങിൽ കോൾ പാൽമറിനേയും സ്വതന്ത്രമാക്കി. എന്നാൽ നമ്പർ 10 പൊസിഷനിൽ അർജന്റൈൻ താരം എൻസോ നിരാശപ്പെടുത്തിയതോടെ ഫൈനൽ തേർഡിൽ ചെൽസി മുന്നേറ്റങ്ങൾ ദുർബലമായി. ഫിനിഷിങിലെ പോരായ്മകളും മത്സരത്തിലുടനീളം മുഴച്ചുനിന്നു.
കഴിഞ്ഞ സീസണിൽ നിന്ന് താൻ ഒട്ടുംപഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്ട്രൈക്കർ നിക്കോളാസ് ജാക്സന്റെ പ്രകടനം. മറുഭാഗത്ത് ക്ലിനിക്കൽ ഫിനിഷർ എങ്ങനെയാകണമെന്ന് അടിവരയിടുന്ന എർലിങ് ഹാളണ്ടിന്റെ ഗോൾ കൂടിയെത്തിയതോടെ സ്വന്തം തട്ടകമായ സ്റ്റാഫോർഡ് ബ്രിഡ്ജിൽ കോൺഫിഡൻസ് നഷ്ടമായ സംഘമായി ചെൽസി മാറി. എന്നാൽ നിരാശക്കിടയിലും പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവെച്ചത് റോമിയോ ലാവിയോയായിരുന്നു. കഴിഞ്ഞ സീസണിൽ പരിക്ക്കാരണം കളത്തിന് പുറത്തായിരുന്ന 20 കാരൻ ബെൽജിയം ഡിഫൻസീവ് മിഡ്ഫീൽഡർ സിറ്റിക്കെതിരെ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധത്തിൽ വെസ്ലി ഫൊഫാന- ലെവി കോൾവിൽ കൂട്ടുകെട്ടും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സിറ്റി നിരയിൽ ഏറ്റവും അപകടകാരികളായത് ഇരുവിങുകളിലുമായി നിറഞ്ഞുകളിച്ച ജെർമി ഡോക്കുവും സാവീഞ്ഞോയുമായിരുന്നു. മലോ ഗുസ്തോയും മാർക്ക് കുക്കുറേയയും ഈ ആക്രമണങ്ങളെ പിടിച്ചുകെട്ടാൻ പാടുപെട്ടു. ബെൽജിയം താരം ഡോകുവിന്റെ മികച്ച നീക്കമാണ് ഹാളണ്ടിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയതും.
പൊച്ചറ്റീനയിൽ നിന്ന് മരെസ്‌കയിലെത്തുമ്പോഴുള്ള പ്രധാന മാറ്റം ടീം ഫോർമേഷനിൽ കാണിക്കുന്ന കൃത്യതയാണ്. പ്ലെയിങ് ടൈം നൽകുന്നതിലും സബ്സ്റ്റിറ്റിയൂട്ട് ഡിസിഷനിലുമെല്ലാം പൊച്ചറ്റീനോയെ അപേക്ഷിച്ച് ഇറ്റാലിയൻ കോച്ചിന് കൃത്യമായ പദ്ധതികളുണ്ടെന്ന് വ്യക്തം. ചെൽസി നിരയിൽ കൂടുതൽ സാലറി വാങ്ങുന്ന താരങ്ങളിലൊരാളായ ഇംഗ്ലീഷ് താരം റഹിം സ്റ്റിർലിങിനെ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിൽ പോലുമിടാതെ മാറ്റിനിർത്തിയ ഡിസിഷനായിരുന്നു ഏറ്റവും അത്ഭുതപ്പെടുത്തിയത്. ഇതൊരു ടാക്റ്റിക്കൽ തീരുമാനമെന്നായിരുന്നു മത്സര ശേഷമുള്ള കോച്ചിന്റെ പ്രതികരണം.
2020-21 സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമാണ് ചെൽസി. മൂന്ന് വർഷങ്ങൾക്കിപ്പുറം ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാനാവാത്തവിധത്തിൽ വൻവീഴ്ച. കുതിപ്പിൽ നിന്ന് കിതപ്പിലേക്കുള്ള ഈ മാറ്റത്തിനുള്ള പ്രധാന കാരണം ക്ലബ് ഉടമസ്ഥതയിൽ വന്ന മാറ്റമാണ്. നീലപടയുടെ സുവർണകാലമായിരേഖപ്പെടുത്തിയ റോമൻ അബ്രമോവിച് യുഗത്തിന്റെ അവസാനം. ടോഡ് ബോഹ്ലിയെന്ന അമേരിക്കൻ ബിസിനസുകാരൻ സ്വന്തമാക്കിയതുമുതൽ ക്ലബിൽ അടിമുടി മാറ്റമാണ് വരുത്തിയത്. ഭാവിയിലേക്കുള്ള ടീമിനെ വിന്യസിക്കുക. ഇതായിരുന്നു ബോഹ്ലിയുടെ ലക്ഷ്യം. അതിനായി എത്രവർഷം വേണമെങ്കിലും കാത്തിരിക്കാൻ തയാറാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രാൻസ്ഫർ മാർക്കറ്റിലും ഈ നയം പ്രതിഫലിച്ചു.
പരിചയസമ്പന്നനായ താരങ്ങളെ മാറ്റിനിർത്തി യങ് ടലന്റുകളെയാണ് ബ്ലൂസ് ടീമിലെത്തിച്ചത്. റെക്കോർഡ് തുകയായ 121 മില്യൺ മുടക്കി അർജന്റൈൻ യുവതാരം എൻസോ ഫെർണാണ്ടസിനേയും 116 മില്യൺ മുടക്കി മൊയ്സസ് കൈസഡോയേയും ടീമിലെത്തിച്ചു. ഇരുവർക്കും മാത്രമായി ചെലവഴിച്ചത് 221 മില്യൺ. മധ്യനിരയിലും പ്രതിരോധത്തിലും മുന്നേറ്റത്തിലുമെല്ലാം യുവതാരങ്ങൾ. എന്നാൽ വലിയ മത്സരം കളിച്ചുള്ള താരങ്ങളുടെ പരിചയകുറവ് പലപ്പോഴും ടീം പ്രകടനത്തെ ബാധിച്ചു. ട്രാൻസ്ഫർ മാർക്കറ്റിൽ പണമൊഴുക്കിയിട്ടും 2022-23 സീസണിൽ ചെൽസി ഫിനിഷ് ചെയ്തത് 12ാം സ്ഥാനത്ത്. കഴിഞ്ഞ സീസണിലാകട്ടെ ആറാംമതും.
നിരന്തര തോൽവികൾക്കിടയിലും ഫ്യൂച്ചർ പ്രോജക്ടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സമ്മർ ട്രാൻസ്ഫറിലെ ചെൽസിയുടെ ഇടപെടൽ. ഇത്തവണ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാമെന്ന അമിത പ്രതീക്ഷയൊന്നും എൻസോ മരെസ്‌കോക്കും സംഘത്തിനുമില്ല. ഇപ്പോൾ ടീമിലുള്ള യുവനിര യുവനിര സെറ്റായി വരാൻ സമയമെടുക്കും. ടോപ്പ് ഫോറിലെങ്കിലും ഫിനിഷ് ചെയ്യാനായിരിക്കും ശ്രമം. അടുത്ത 3-4 വർഷവും ഇതേ ടീം തന്നെയായിരിക്കും ചെൽസി നിരയിലുണ്ടാകുക. മികച്ച യുവനിരയെ വളർത്തിയെടുക്കാൻ പ്രാപ്തനായ പരിശീലകനാണ് എൻസോ മരെസ്‌ക. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനിൽ നിന്ന് ഈ സീസണിൽ ലെസ്റ്റർ സിറ്റിയെ പ്രീമിയർലീഗിലേക്ക് പ്രമോഷൻ നേടികൊടുത്ത മാനേജർ. സമ്മർ ട്രാൻസ്ഫറിൽ മികച്ചൊരു ഗോൾകീപ്പറെയും സ്ട്രൈക്കറെയുമെത്തിക്കാനായാൽ എതിരാളികൾ ഭയപ്പെട്ടിരുന്ന ആ ഭൂതകാലത്തെ നീലപടയെ കളിക്കളത്തിൽ കാണാനാകും