ക്രിസ്റ്റ്യാനോയും നെയ്മറും ചെൽസിയിലേക്ക്? വമ്പന്‍ ഓഫറുമായി തോമസ് ടുഷേല്‍
ചെൽസിയിൽ വൻ അഴിച്ചു പണികൾക്കൊരുങ്ങുന്ന കോച്ച് തോമസ് ടുഷേൽ സമ്മർ ട്രാൻസ്ഫറിൽ ആറ് വമ്പന്‍ താരങ്ങളെ ടീമിലെത്തിക്കാനാണ് ഒരുങ്ങുന്നത്
മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയിലേക്ക് കൂടുമാറിയേക്കുമെന്ന വാർത്തകൾ പുറത്ത് വരുന്നതിന് പിന്നാലെ പി.എസ്.ജി യുടെ ബ്രസീലിയൻ ഇതിഹാസം നെയ്മറും ചെൽസിയിലെത്തിയേക്കുമെന്ന് സൂചന. ഇരുവർക്കും ടീം വമ്പൻ ഓഫറുകൾ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ..
ചെൽസിയിൽ വൻ അഴിച്ചു പണികൾക്കൊരുങ്ങുന്ന കോച്ച് തോമസ് ടുഷേൽ സമ്മർ ട്രാൻസ്ഫറിൽ ആറ് താരങ്ങളെ ടീമിലെത്തിക്കാനാണ് ഒരുങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കർ റഹീം സ്റ്റെർലിങ്ങിനെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 45 മില്യൺ യൂറോക്ക് സ്‌റ്റെർലിങ്ങിനെ വിട്ടു നല്‍കാന്‍ സിറ്റി തയ്യാറായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
ക്രിസ്റ്റ്യാനോ, നെയ്മർ, റഫീഞ്ഞ, ഒസ്മാൻ ഡെംബാലെ തുടങ്ങിയവരെ സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തിക്കാൻ ചെൽസി വലവിരിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ വിട്ടേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ ക്രിസ്റ്റ്യാനോ ക്ലബ്ബിന്റെ പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നിരുന്നു. കുടുംബപരമായ കാരണങ്ങളാൽ' പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് താരം ടീമിനെ അറിയിച്ചത്. പുതിയ കോച്ച് എറിക് ടെൻ ഹാഗിന്റെ നേതൃത്വത്തിൽ കാരിങ്ടണിൽ നടന്ന പരിശീലനത്തിൽ ക്രിസ്റ്റ്യാനോ ഒഴികെയുള്ള താരങ്ങളെല്ലാം പങ്കെടുത്തു.
ക്രിസ്റ്റ്യാനോയുടെ ഏജന്റ് ജോർജ് മെന്റസ് ചെൽസി ഉടമ ടോഡ് ബൗളിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് താരം സ്റ്റാംഫഡ് ബ്രിഡ്ജിലേക്ക് കൂടുമാറിയേക്കുമെന്ന അഭ്യൂഹം പരന്നത്. പോർച്ചുഗീസ് താരത്തിനു വേണ്ടി 15 മില്യൺ യൂറോയുടെ ഓഫർ ചെൽസി യുനൈറ്റഡിനു മുന്നിൽ വെച്ചതായി റിപ്പോർട്ടുകളുണ്ട്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മർ ജൂനിയർ പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. താരത്തിനോട് ചെൽസിയിലേക്ക് വരാൻ കഴിഞ്ഞ ദിവസം ബ്രസീലില്‍ നെയ്മറിന്‍റെ സഹതാരവും ചെല്‍സി ഡിഫന്‍ററുമായ തിയാഗോ സിൽവ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് നെയ്മറിനായി ചെല്‍സി വലവിരിച്ചു കഴിഞ്ഞെന്ന വാര്‍ത്തകള്‍ ഫുട്ബോള്‍ ലോകത്ത് നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. നെയ്‌മറിന്റെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ-ഖലൈഫിയുടെ പ്രതികരണം കഴിഞ്ഞയാളഴ്ച താരത്തെ ചൊടിപ്പിച്ചിരുന്നു. നെയ്മർ പിഎസ്‌ജിയിൽ തുടരുമോയെന്ന ചോദ്യത്തിനു സ്ഥിരീകരണം നൽകാതിരുന്നത് താരത്തിന്റെ ഭാവിയിൽ അനിശ്ചിതത്വവും, ട്രാൻഫർ അഭ്യൂഹങ്ങൾക്കു ശക്തി പകരുകയുമായിരുന്നു. പിഎസ്‌ജിയുമായി ഇനിയും 5 വർഷത്തെ കരാർ നെയ്മറിന് ബാക്കിയുണ്ട്.