ഗോളിൽ ആറാടി ചെൽസി; മിഡിൽസ്‌ബ്രോയെ തകർത്ത് കരബാവോ കപ്പ് ഫൈനലിൽ
യുവതാരം കോൾ പാൽമർ (42,77) മുൻ ചാമ്പ്യൻമാർക്കായി ഇരട്ടഗോൾ നേടി. എൻസോ ഫെർണാണ്ടസ്(29), ആക്‌സർ ഡിസാസി(36), നോനി മദുവേക(81) എന്നിവരും ചെൽസി നിരയിൽ ലക്ഷ്യം കണ്ടു.
ലണ്ടൻ: ആദ്യപാദത്തിൽ ഒരുഗോളിന് പിന്നിൽ നിന്ന ചെൽസി സ്വന്തം തട്ടകത്തിൽ തനിനിറം പുറത്തെടുത്തെടുത്ത് കരബാവോ കപ്പ്(ലീഗ് കപ്പ്) ഫൈനലിൽ. രണ്ടാം പാദ സെമിയിൽ മിഡിൽസ്‌ബ്രോയെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് തകർത്തത്. ഇതോടെ അഗ്രിഗേറ്റ് വിജയം (6-2)ആയി. യുവതാരം കോൾ പാൽമർ(42, 77) മുൻ ചാമ്പ്യൻമാർക്കായി ഇരട്ടഗോൾ നേടി. എൻസോ ഫെർണാണ്ടസ്(29), ആക്‌സർ ഡിസാസി(36), നോനിമദുവേക(81) എന്നിവരും ചെൽസി നിരയിൽ ലക്ഷ്യംകണ്ടു. ജോണി ഹോസൺ(15) സെൽഫ് ഗോൾ വഴങ്ങി. മോർഗാൻ റോഗേഴ്‌സിലൂടെ(88) മിഡിൽബ്രോ ആശ്വാസഗോൾ കണ്ടെത്തി. ഇന്ന് ഫുൾഹാം-ലിവർപൂൾ രണ്ടാംപാദ സെമിയിലെ ജേതാക്കളെ ഫൈനലിൽ ചെൽസി നേരിടും.
പരിക്കിന്റെ പിടിയിലായിരുന്ന ഡിഫെൻഡർ ബെൻ ചിൽവെൽ ദീർഘകാലത്തിന് ശേഷം ചെൽസി നിരയിലേക്ക് മടങ്ങിയെത്തി. അതിവേഗ അക്രമങ്ങളിലൂടെ തുടക്കം മുതൽ മിഡിൽസ്‌ബ്രോ ബോക്‌സിലേക്ക് ഇരമ്പിയെത്തിയ നീലപട ആദ്യ പത്ത് മിനിറ്റിൽതന്നെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. 15ാം മിനിറ്റിൽ ആദ്യമായി വലകുലുക്കി. അർമാൻഡ്രോ ബ്രോജയുടെ ഷോട്ട് മിഡിൽബ്രോയുടെ ജോണി ഹോവ്‌സണിന്റെ ദേഹത്ത് തട്ടി വലയിൽ. 29ാം മിനിറ്റിൽ മികച്ച പാസിങ് ഗെയിമിലൂടെ അർജന്റൈൻ താരം എൻസോ ഫെർണാണ്ടസ് വലകുലുക്കി.(2-0) ഗോൾ ആഘാതം മാറുന്നതിന് മുൻപ് സന്ദർശക ഗോൾപോസ്റ്റിൽ അക്‌സർ ഡിസാസി, കോൾ പാൾമർ എന്നിവരും പന്തടിച്ചു. ഇതോടെ ആദ്യ പകുതിയിൽ തന്നെ നാലുഗോളിന് ആതിഥേയർ മുന്നിലെത്തി.
77ാം മിനിറ്റിൽ കോൾ പാൽമർ വീണ്ടും വലകുലുക്കി. പകരക്കാരനായി ഇറങ്ങിയ നോനി മദുവേക്കയിലൂടെ ആറാമതും ലക്ഷ്യംകണ്ട് ആധിതകാരിക ജയത്തോടെ ലീഗ് കപ്പ് ഫൈനൽ പ്രവേശനം നേടി. മോർഗാൻ റോഗേഴ്‌സിലൂടെ അവസാന നിമിഷം മിഡിൽസ്‌ബ്രോ ആശ്വാസ ഗോൾ നേടി. പ്രീമിയർലീഗിലടക്കം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ചെൽസിക്ക് ഈ വിജയം പ്രതീക്ഷനൽകുന്നതായി. എഫ്.എ കപ്പ് നാലാംറൗണ്ടിൽ ആസ്റ്റൺ വില്ലക്കെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.