ക്രിസ്റ്റൽ പാലസിനെ തകർത്ത് ചെല്‍സി എഫ്.എ കപ്പ് ഫൈനലിൽ; കലാശപ്പോര് ലിവര്‍പൂളുമായി
പത്ത് വർഷങ്ങൾക്ക് ശേഷമാണ് ചെൽസിയും ലിവർപൂളും എഫ്.എ കപ്പ് ഫൈനലിൽ നേർക്കുനേർ വരുന്നത്.
ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി എഫ്.എ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. തുടർച്ചയായ മൂന്നാം തവണയാണ് ചെൽസി എഫ്.എ കപ്പ് ഫൈനലിൽ എത്തുന്നത്. അടുത്ത മാസം പതിനാലിന് നടക്കുന്ന കിരീട പോരാട്ടത്തിൽ ലിവർപൂളാണ് ചെൽസിയുടെ എതിരാളി. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ചെൽസിയും ലിവർപൂളും എഫ്.എ കപ്പ് ഫൈനലിൽ നേർക്കുനേർ വരുന്നത്.
ചെൽസിക്ക് ആറ് വർഷത്തിനിടെ അഞ്ചാമത്തെ എഫ്.എ കപ്പ് ഫൈനലാണിത്. തുടർച്ചയായ മൂന്നാമത്തെ ഫൈനലും. 2018ൽ ആയിരുന്നു ചെൽസി അവസാനമായി എഫ്.എ കപ്പ് നേടിയത്. ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാൻ വെംബ്ലിയിൽ ഇറങ്ങിയ തോമസ് ടുച്ചലിനും സംഘത്തിനും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആദ്യ പകുതിയിൽ മഞ്ഞ കുപ്പായക്കാരെ ക്രിസ്റ്റൽ പാലസ് പിടിച്ചു കെട്ടി.
രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ ചെൽസി കളി പിടിച്ചു. പകരക്കാരനായി ഇറങ്ങിയ ലോഫ്റ്റസ് ചീക്കിന്‍റെ മനോഹരമായ വലംകാലൻ ഷോട്ട് ക്രിസ്റ്റൽ പാലസിന്റെ പ്രതിരോധകോട്ട തകർത്തു. 65-ആം മിനിട്ടില്‍ ആദ്യ ഗോൾ. പത്ത് മിനിട്ടുകൾക്ക് ശേഷം ടിമോ വെർണറിന്‍റെ പാസ് മേസൺ മൗണ്ട് സുന്ദരമായി പോസ്റ്റിലേക്ക് വഴിതിരിച്ചു വിട്ടു.
തിരിച്ചടിക്കാനുള്ള ക്രിസ്റ്റൽ പാലസിന്‍റെ ശ്രമങ്ങൾ പൊലിഞ്ഞതോടെ ചെൽസി ഫൈനൽ ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിൽ നിന്നേറ്റ തിരിച്ചടിയുടെ ക്ഷീണം എഫ്.എ കപ്പ് ഫൈനൽ പ്രവേശത്തോടെ ചെൽസിക്ക് മാറി. അടുത്ത മാസം പതിനാലിന് നടക്കുന്ന കലാശ പോരാട്ടത്തിൽ കരുത്തരായ ലിവർപൂളാണ് എതിരാളി ചെല്‍സിയുടെ. മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ലിവർപൂൾ ഫൈനലിൽ എത്തിയത്. 2012 ൽ ആണ് ലിവർപൂൾ അവസാനാമായി എഫ്.എ കപ്പ് കളിച്ചത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ച് ചെൽസി കപ്പ് ഉയർത്തിയിരുന്നു. ചെൽസി എട്ട് തവണയും ലിവർപൂൾ ഏഴു തവണയും എഫ്.എ കപ്പ് നേടിയിട്ടുണ്ട്.