അറ്റ്‌സുവിനെ കണ്ടെത്തിയില്ല; കാണാമറയത്തുതന്നെ-തുർക്കി ലീഗിൽനിന്ന് പിന്മാറി ഹതായ്‌സ്‌പോർ

തുർക്കി ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഘാന ദേശീയ ഫുട്‌ബോൾ താരമായ ക്രിസ്റ്റ്യന്‍ അറ്റ്‌സുവിനെ രക്ഷിച്ചതായി വാർത്തയുണ്ടായിരുന്നു

Update: 2023-02-10 13:49 GMT
Editor : Shaheer | By : Web Desk
Advertising

അങ്കാറ: തുർക്കി ഭൂകമ്പത്തിൽ അകപ്പെട്ട മുൻ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ ഇനിയും രക്ഷിക്കാനായിട്ടില്ലെന്ന് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ താരത്തെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് താരത്തിന്റെ ക്ലബായ ഹതായ്‌സ്‌പോർ അറിയിച്ചത്.

അറ്റ്‌സുവിനെ രക്ഷിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം ക്ലബ് നിഷേധിച്ചു. അറ്റ്‌സുവിന്റെ ഏജന്റ് നാനാ സെഷേറും ഇക്കാര്യം സ്ഥിരീകരിച്ചു. ക്ലബ് ഡയരക്ടർ താനർ സവൂതിനെയും ഭൂകമ്പത്തിൽ കാണാതായിട്ടുണ്ട്. ഇരുവരെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ക്ലബ് ഔദ്യോഗികമായി അറിയിച്ചത്.

ദുരന്തത്തെ തുടർന്ന് ഹതായ്‌സ്‌പോർ തുർക്കി ആഭ്യന്തര ഫുട്‌ബോൾ ടൂർണമെന്റായ ടർക്കിഷ് സൂപ്പർ ലീഗിൽനിന്ന് പിന്മാറി. ഈ സീസണിലെ മത്സരങ്ങളിൽനിന്നാണ് പിന്മാറ്റം. ടർക്കിഷ് ഫുട്‌ബോൾ ഫെഡറേഷനെ കത്തുമുഖേനയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. ദുരന്തം പ്രധാനമായി ബാധിച്ച ഗാസിയാൻതെപിലെ ക്ലബായ ഗാസിയാൻതെപ് എഫ്.കെയും ലീഗിൽനിന്ന് പിന്മാറിയേക്കും. സീസണിൽ കളിക്കാതിരിക്കാൻ ഇരുടീമിനും അനുമതി നൽകുമെന്ന് ഫെഡറേഷൻ അറിയിച്ചു.

രാത്രി ടീമിന്റെ വിജയനായകൻ; പുലർന്നപ്പോൾ മണ്ണിനടിയിൽ

ഭൂകമ്പത്തിന്റെ തലേന്നു രാത്രി തുർക്കി സൂപ്പർ ലീഗ് മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളുമായി ടീമിന്റെ വിജയനായകനായിരുന്നു അറ്റ്സു. ഞായറാഴ്ച രാത്രി കാസംപാസയ്ക്കെതിരായ മത്സരത്തിൽ 97-ാം മിനിറ്റിൽ താരം നേടിയ ഒരേയൊരു ഗോളിനായിരുന്നു ഹതായ്‌സ്പോറിന്റെ ജയം.

പുലർച്ചെ ലോകത്തെ ഞെട്ടിച്ച ഭൂകമ്പത്തിൽ താരവും അകപ്പെട്ട വിവരമാണ് പിന്നീട് പുറത്തുവന്നത്. ടീം ഡയരക്ടറായ താനർ സവൂതിനെയും കാണാതായതായി ഹതായ്‌സ്പോർ വക്താവ് മുസ്തഫ ആസാത് അറിയിച്ചു.

ന്യൂകാസിൽ, ചെൽസി മധ്യനിര താരമായിരുന്ന അറ്റ്സു കഴിഞ്ഞ സെപ്റ്റംബറിലാണ് തുർക്കി ക്ലബിനൊപ്പം ചേരുന്നത്. അഞ്ചു സീസൺ ന്യൂകാസിലിനു വേണ്ടി പന്തു തട്ടിയ താരം 2021ൽ സൗദി ക്ലബായ അൽറാഇദിനൊപ്പം ചേർന്നു. സൗദിയിൽനിന്ന് കഴിഞ്ഞ വർഷമാണ് തുർക്കി ലീഗിലെത്തുന്നത്.

2012ൽ ഘാനയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ച അറ്റ്സു 2019ലാണ് അവസാനമായി ദേശീയ ടീമിനു വേണ്ടി കളിക്കുന്നത്. ഇതിനുശേഷം ടീമിൽ ഇടംലഭിച്ചില്ലെങ്കിലും ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. 2014 ലോകകപ്പിലും നാല് ആഫ്രിക്കൻ നാഷൻസ് കപ്പിലും ഘാനയ്ക്കായി പന്തുതട്ടിയിരുന്നു.

Summary: Hatayspor withdraws from Turkish league as Ghana and Former Chelsea footballer Christian Atsu is still missing in Turkey Earthquake

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News